മാന്ത്രിക വിരലുകള്‍കൊണ്ട് ലോക ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റ്സ്മാന്മാരെ വട്ടം കറക്കിയ ലെഗ് സ്പിന്‍ മാന്ത്രികനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ന് കീത് വോണ്‍ എന്ന ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍. അതീവ ചാരുതയായിരുന്നു വോണിന്റെ കൈകളില്‍ നിന്നുതിര്‍ന്ന പന്തുകള്‍ക്ക്. നിരുപദ്രവകാരിയെന്ന് തോന്നിക്കുന്ന പന്ത് അപ്രതീക്ഷിതമായി തിരിഞ്ഞ് വിക്കറ്റും കൊണ്ട് പറക്കുന്നതിന് പല തവണ ലോക ക്രിക്കറ്റ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരമൊന്നാണ് നൂറ്റാണ്ടിന്റെ പന്ത് എന്ന പേരില്‍ പ്രശസ്തമായത്. അതിന് ഇരയായത് മൈക്ക് ഗാറ്റിങ് എന്ന വിഖ്യാത ഇംഗ്ലീഷ് ബാറ്റ്സ്മാനും. 1993 ജൂണ്‍ നാലിന് ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലായിരുന്നു സംഭവം. ചെറിയ റണ്ണപ്പിനൊടുവില്‍ വോണ്‍ കറക്കിയെറിഞ്ഞ ലെഗ് ബ്രേക്ക് ആദ്യം ബാറ്റ്സ്മാനു നേരെ നീങ്ങി. തുടര്‍ന്ന് വായുവില്‍ അപ്രതീക്ഷിത ദിശാമാറ്റം കൈവരിച്ച പന്ത് പിച്ച് ചെയ്തത് ലെഗ് സ്റ്റമ്പിനു പുറത്ത്. പന്തിന്റെ ദിശനോക്കി ആദ്യം പാഡും പിന്നാലെ ബാറ്റും വച്ച ഗാറ്റിങ്, പന്തു സ്റ്റമ്പിലേക്ക് കയറാനുള്ള എല്ലാ മാര്‍ഗവുമടച്ച് പ്രതിരോധമൊരുക്കി. പക്ഷേ, അപ്രതീക്ഷിത ബൗണ്‍സില്‍, പ്രതീക്ഷിച്ചതിലും ഉയരെ പറന്ന പന്ത് ബാറ്റിന്റെ എഡ്ജില്‍ തൊട്ട് ഓഫ് സ്റ്റമ്പിന്റെ ബെയിലിളക്കി. ഗാറ്റിങ് അന്തംവിട്ടു നിന്നു. വോണിന്റെ ആദ്യ ആഷസ് പരമ്പരയായിരുന്നു അത്. പരമ്പരയിലെ ആറ് ടെസ്റ്റുകളില്‍ നിന്ന് 35 വിക്കറ്റുകളാണ് വോണിന്റെ ബൗളിങ്ങില്‍ വീണത്. ലോക ക്രിക്കറ്റില്‍ പിന്നീട് അതൊരു പതിവു കാഴ്ചയായി.
2005ല്‍ എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ആന്‍ഡ്രൂ സ്ട്രോസ് അത്തരമൊരു പന്തില്‍ പുറത്തായപ്പോഴും ക്രിക്കറ്റ് ലോകം അത്ഭുതം കൂറി. ഓഫ് സ്റ്റമ്പിനും ഏറെ പുറത്ത് പിച്ച് ചെയ്ത പന്ത് കുത്തിത്തിരിഞ്ഞ് സ്ട്രോസിന്റെ ലെഗ്സ്റ്റമ്പും കൊണ്ടാണ് പറന്നത്. ഗാറ്റിങ്ങിനെ പുറത്താക്കിയ പന്തിനേക്കാള്‍ മികച്ചതാണ് അതെന്നായിരുന്നു ചില ക്രിക്കറ്റ് വിദഗ്ധര്‍ അന്ന് പറഞ്ഞിരുന്നത്. അങ്ങനെ എത്രയെത്ര പന്തുകളാണ് ആ മാന്ത്രിക വിരലുകളില്‍ നിന്ന് ഉതിര്ന്നിട്ടുള്ളത്. ബാറ്റ്സ്മാന്മാരുടെ ഉറക്കം കെടുത്തിയിരുന്ന ലെഗ്ബ്രേക്കുകളും ഗൂഗ്ലികളുമായിരുന്നു വോണിന്റെ പ്രത്യേകത.
പാക്കിസ്ഥാന് ഇതിഹാസം അബ്ദുള്‍ ഖാദിര്‍ ലെഗ് സ്പിന്‍ ബൗളിങ്ങിനെ കലയാക്കി മാറ്റിയെങ്കില്‍ വോണ്‍ അതിലേക്ക് പുതിയ സൗന്ദര്യവും വന്യതയും കൊണ്ടുവന്നു. കൃത്യമായ തന്ത്രങ്ങളായിരുന്നു ഓരോ പന്തിനു പിന്നിലും. പന്ത് കറങ്ങുന്നതിനൊപ്പം വോണിന്റെ തലച്ചോര്‍ ബാറ്ററുടെ മനസ്സും വായിക്കും. സ്വര്‍ണത്തലമുടിയും അലസത തോന്നിക്കുന്ന ചലനങ്ങളുമായി ഈ വിക്ടോറിയക്കാരന്, ക്രിക്കറ്റിന്റെ കൊടുമുടിയിലേക്ക് നടന്നുകയറി. ബൗളര്‍മാരിലെ ബ്രാഡ്മാന് എന്നായിരുന്നു വോണ്‍ അറിയപ്പെട്ടിരുന്നത്. സ്പിന്നര്‍മാര്‍ക്ക് അത്ര പിന്തുണ കിട്ടാത്ത ഓസ്ട്രേലിയന്‍, ഇംഗ്ലണ്ട് പിച്ചുകളിലായിരുന്നു വോണ്‍ അധികവും കളിച്ചിരുന്നതെന്ന കാര്യവും എടുത്തു പറയണം.
ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം വോണിന് മുന്നില്‍ പകച്ചുനിന്നപ്പോഴും അതിന് അപവാദമായത് ഇന്ത്യയുടെ സച്ചിന് ടെന്‍ഡുല്‍ക്കര്‍ മാത്രമായിരുന്നു. മൈതാനത്തിനകത്ത് ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ പ്രസിദ്ധമായിരുന്നു. സച്ചിന്റെ പ്രകടനം തന്റെ ഉറക്കം കെടുത്തുന്നുണ്ടെന്ന് വോണ്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 29 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നതില്‍ നാല് തവണ മാത്രമാണ് സച്ചിനെ പുറത്താക്കാന്‍ വോണിന് കഴിഞ്ഞത്. ആഷസ് പരമ്പരയിലായിരുന്നു വോണ്‍ പലപ്പോഴും വിശ്വരൂപം പ്രകടിപ്പിച്ചത്. ആഷസില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച 36 മത്സരങ്ങളില്‍ നിന്നായി വോണ്‍ എറിഞ്ഞിട്ടത് 195 വിക്കറ്റുകളാണ്. ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും പാകിസ്ഥാനുമെല്ലാം വോണിന്റെ പ്രഹരശേഷി നന്നായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഡെന്നിസ് ലില്ലി, ജെഫ് തോംസണ്‍, മക്ഡര്മോട്ട്, മക്ഗ്രാത്ത്, ബ്രെറ്റ് ലീ തുടങ്ങിയ പേസര്‍മാര്‍ അരങ്ങുവാണ ഓസീസ് ടീമിലേക്ക് ലെഗ് സ്പിന്നുമായി കടന്നെത്തി തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത വോണിനെ ഇതിഹാസമെന്നല്ലാതെ മറ്റെന്തു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കാനാവുക. 1992ല്‍ ഇന്ത്യക്കെതിരെയായിരുന്നു അരങ്ങേറ്റം. സച്ചിനും വോണും നേര്‍ക്കുനേര്‍ നിന്നപ്പോഴെല്ലാം ആരാധകര്‍ ആവേശത്തിലമരുന്ന കാഴ്ചകള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ടെസ്റ്റില്‍ ഒരു സെഞ്ചുറി പോലും നേടാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡും വോണിന്റെ പേരിലാണ്. 145 ടെസ്റ്റുകളില്‍ നിന്നായി 3154 റണ്‍സാണ് വോണ്‍ അടിച്ചുകൂട്ടിയത്. 99 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ആദ്യ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് കിരീടം നേടിക്കൊടുത്തത് വോണിന്റെ നായകത്വമായിരുന്നു. പിന്നീട് റോയല്‍സിന്റെ കോച്ചായും തിളങ്ങി.
ക്രിക്കറ്റില്‍ കൊടുമുടികള്‍ കീഴടക്കുമ്പോഴും വോണിന്റെ ജീവിതം എന്നും വിവാദങ്ങളിലായിരുന്നു. സഹതാരങ്ങള്‍ക്കെതിരെ പലപ്പോഴും നടത്തിയ വിവാദ പ്രസ്താവനകളും വോണിന് തിരിച്ചടിയായി. അച്ചടക്കമില്ലാത്ത ജീവിതശൈലിയും കരിയറിനെ വല്ലാതെ ബാധിച്ചിരുന്നു. 1995 സെപ്തംബര്‍ ഒന്നിന് സിമോണ കല്ലഹാനിനെ വിവാഹം ചെയ്തെങ്കിലും പത്ത് വര്‍ഷം മാത്രമാണ് ആ ബന്ധം നീണ്ടത്. 2000ല്‍ ബ്രിട്ടീഷ് നഴ്സിന് ലൈംഗിക ചുവയുള്ള സന്ദേശം അയച്ചതിലൂടെ ഓസീസ് ടീമിന്റെ ഉപനായക പദവി വോണിന് നഷ്ടമായി. 2003-ല്‍ നിരോധിതമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്കു നേരിടേണ്ടിവന്നു. വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും കളിക്കളത്തിലെ വോണ്‍ വേറിട്ടു തന്നെ നില്ക്കുന്നു. അതിനൊപ്പം ആ മാന്ത്രിക ബൗളിങ്ങും. കളിക്കളത്തിലും പുറത്തും സംഭവബഹുലമായ ജീവിതം നയിച്ച വോണിന്റെ അകാല നിര്യാണം ലോക കായികരംഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. അകാലത്തില്‍ ഭൂമിയോട് വിടപറഞ്ഞ ആ ഇതിഹാസത്തിന് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: