യൂറോപ്യന്‍ നഗരങ്ങളിലെ ജനജീവിതം സിനിമകളിലെങ്കിലും കണ്ടിട്ടുള്ളവരായിരിക്കും മിക്കവരും. ആ നാടുകളിലെ സമൃദ്ധിയും ഭംഗിയും വൃത്തിയും ചിട്ടയുമൊക്കെ മനസ്സിനെ ആകര്‍ഷിച്ചിട്ടില്ലാത്തവര്‍ ആരുമുണ്ടാകില്ല. തിക്കും തിരക്കും ശബ്ദകോലാഹലങ്ങളും നിറഞ്ഞ ഏഷ്യന്‍, ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ ദേശങ്ങള്‍ പരിചയമുള്ളവര്‍ക്ക് തീര്‍ത്തും സ്വര്‍ഗ്ഗതുല്യമായ കാഴ്ചകളാണ് അവയൊക്കെ. അത്തരത്തിലൊരു യൂറോപ്യന്‍ രാജ്യമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉക്രൈന്‍. യുദ്ധത്തിനു മുമ്പുള്ള ഉക്രൈനിന്റേതായി കണ്ടിട്ടുള്ള ദൃശ്യങ്ങള്‍ ഒക്കെ മനോഹരമാണ്. വൃത്തിയും വെടിപ്പുമുള്ള നല്ല റോഡുകള്‍, വിശാലവും സുന്ദരവുമായ കെട്ടിടങ്ങള്‍, മനോഹരങ്ങളായ പാര്‍ക്കുകളും പരിസരങ്ങളും, അത്യാധുനിക യാത്രാ സൗകര്യങ്ങള്‍, ആശുപത്രികള്‍, വലിയ യൂണിവേഴ്‌സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, അരോഗ ദൃഡഗാത്രരും സൗന്ദര്യം ഉള്ളവരുമായ ജനങ്ങള്‍, ഇഷ്ടം പോലെ ഭക്ഷണ പാനീയങ്ങള്‍, സര്‍ക്കാരിന്റെ കരുതല്‍ സംവിധാനങ്ങള്‍. ഇതൊക്കെ തന്നെയല്ലേ സൗഭാഗ്യ പൂര്‍ണ്ണമായ ഒരു നാടിന്റെ ഭാഗമായി മനുഷ്യര്‍ എന്നും ഗണിച്ചിട്ടുള്ള ഘടകങ്ങള്‍ ?
ഇതിന്റെ മറുവശം നോക്കാം. വൃത്തിഹീനവും നാറുന്നതുമായ ചേരിപ്രദേശങ്ങളില്‍ തിങ്ങിവിങ്ങി താമസിയ്‌ക്കുന്ന ജനങ്ങള്‍, പട്ടിണി, രോഗം, മലിനമായ പരിസരങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസമില്ലായ്മ, പകരം കലാപങ്ങള്‍, സംഘര്‍ഷങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ അങ്ങനെ മനുഷ്യന് സംതൃപ്തിയും സമാധാനവും സ്വപ്നം കാണാന്‍ പോലുമുള്ള സാഹചര്യം ഇല്ലാത്ത ഇടങ്ങള്‍. അത്തരം ശപിക്കപ്പെട്ട സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് ജീവിതകാലം മുഴുവന്‍ ചെലവഴിച്ച് മരിച്ചു പോകുന്ന അനേക ലക്ഷം മനുഷ്യര്‍ ഇന്നീ ലോകത്തുണ്ട്.
ഇവ രണ്ടും ഇവിടെ നിലനില്‍ക്കുന്നു. നമ്മുടെ കണ്മുന്നില്‍ തന്നെ. ഇവയ്‌ക്കു രണ്ടിനും ഇടയില്‍, വൃത്തിയും സമൃദ്ധിയുമുള്ള പരിസരങ്ങള്‍ ഒന്നും ഇല്ലെങ്കിലും, പട്ടിണി, രോഗം, നിരക്ഷരത, ദാരിദ്ര്യം തുടങ്ങിയ ദുരവസ്ഥകള്‍ ഇല്ലാതെ, അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റി ഇടത്തട്ടില്‍ സന്തുഷ്ടരായി ജീവിയ്‌ക്കുന്നവരുടെ വേറൊരു ലോകവുമുണ്ട്. ഇത്തരം പല സമാന്തര ലോകങ്ങള്‍ എക്കാലത്തും ഉണ്ടായിരുന്നു. ഇന്ന് ശാസ്ത്ര സാങ്കേതിക വളര്‍ച്ച മൂലം ഈ ഓരോ ലോകത്തിലേയും അനുഭവങ്ങള്‍ വിവരണങ്ങളിലൂടെയും മിഴിവാര്‍ന്ന ദൃശ്യങ്ങളിലൂടെയും മറ്റുള്ളവരുടെ മുന്നിലും സജീവ യാഥാര്‍ത്ഥ്യമായി എത്തിക്കൊണ്ടിരിയ്‌ക്കുന്നു. അതാണ് ഇന്നിന്റെ വ്യത്യാസം.
മനുഷ്യന്റെ ഏറ്റവും പ്രാഥമിക ആവശ്യങ്ങളായി കണക്കാക്കപ്പെടുന്നത് ആഹാരം, വെള്ളം, വസ്ത്രം, പാര്‍പ്പിടം, ഉറക്കം ഇവയാണ്. ഇവയ്‌ക്കു പുറമേ ഒരു സന്തുഷ്ട ജീവിതത്തിന് ആവശ്യമായ പ്രാഥമിക ഘടകങ്ങളുടെ കൂട്ടത്തില്‍ ആരോഗ്യരക്ഷ, വിദ്യാഭ്യാസം, വിനോദം എന്നിവയും വരുന്നു. ഇവയെല്ലാം വലിയ കഷ്ടപ്പാടു കൂടാതെ കിട്ടാന്‍ അവസരമുള്ളവരാണ് ഒന്നാം ലോകത്തുള്ളത്. ഇതെല്ലാം കുറച്ചു മാത്രമോ, കുറഞ്ഞ ഗുണ നിലവാരത്തിലോ കിട്ടുന്നവരാണ് മൂന്നാം ലോകത്തുള്ളത്. സൗകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്തിടങ്ങളില്‍ അതുണ്ടാക്കുന്ന വേറെയും പ്രശ്‌നങ്ങളുണ്ട്. അവിടെ നിലനില്‍പ്പിനു വേണ്ടി മനുഷ്യര്‍ക്ക് സഹജീവികളോട് മല്ലടിക്കേണ്ടിയും വരുന്നു. ഇതെല്ലാം കാലങ്ങളായി നമ്മളെല്ലാം കണ്ടുകൊണ്ടിരിയ്‌ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.
എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉക്രൈനില്‍ നമ്മള്‍ കണ്ടു കൊണ്ടിരിയ്‌ക്കുന്ന സംഭവങ്ങള്‍ എന്താണ് നമ്മോട് പറയുന്നത് ? സ്വര്‍ഗ്ഗതുല്യമായ ഈ ഭൂമിയെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് നരകമാക്കി മാറ്റാന്‍ വിദ്യാസമ്പന്നരും പരിഷ്‌ക്കാരികളും എന്ന് നാം കരുതുന്ന മനുഷ്യര്‍ക്ക് കഴിയുന്നു എന്നതാണ്. ശാന്തമായി സ്‌നേഹ പൂര്‍ണ്ണമായി ജീവിതം നയിച്ചിരുന്ന ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഒറ്റയടിയ്‌ക്ക് സംഭീതരും, എല്ലാം നഷ്ടപ്പെട്ടവരുമായി മാറ്റപ്പെടുന്നു. ദിവസങ്ങളോളം ബങ്കറുകളില്‍ തിങ്ങി ഞെരുങ്ങി കാറ്റും വെളിച്ചവും പോലും കിട്ടാതെ പെരുച്ചാഴികളെ പോലെ ഒതുങ്ങിപ്പോവുന്നു. ഇന്നലെവരെ സ്വര്‍ഗ്ഗതുല്യമായിരുന്ന ഒരു നാടിന്റെ ജീവിതം ഇന്ന് ആരുടെയൊക്കെയോ ഭ്രാന്തന്‍ ചിന്തകള്‍ക്ക് വിധേയമായി ഒറ്റയടിയ്‌ക്ക് നരകത്തിലേക്ക് എടുത്തെറിയപ്പെടുന്നു. മനോഹരമായ വാസസ്ഥാനങ്ങളും ഓഫീസുകളും യൂണിവേര്‌സിറ്റികളും എല്ലാം കണ്ണിമ വെട്ടുന്ന നേരം കൊണ്ട് തവിടു പൊടിയായി മണ്ണോട് ചേരുന്നു. മനോഹരമായ റോഡുകള്‍ വിണ്ടു കീറുന്നു. പാലങ്ങള്‍ തകര്‍ന്നു വീഴുന്നു. ഇന്നലെവരെ ഇന്ധന ദുരുപയോഗം നിയന്ത്രിച്ച് ആഗോള താപനത്തെ ചെറുക്കാന്‍ പൊതുസമൂഹത്തെ ബോധവല്‍ക്കരിച്ച ഭരണകൂടങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിന് ലിറ്റര്‍ ഇന്ധനം കത്തിച്ചു കൊണ്ട് നൂറുക്കണക്കിന് വിമാനങ്ങളും ഹെലിക്കൊപ്റ്ററുകളും പറത്തുന്നു. ആയിരക്കണക്കിന് സൈനിക വാഹനങ്ങളിലായി ഇരമ്പിക്കയറുന്നു. കൊതിയൂറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും, കോഫിയുടേയും, പെര്‍ഫ്യൂമിന്റെയും, പൂക്കളുടെയും ഒക്കെ മണം പരന്നിരുന്ന തെരുവുകളില്‍ രാസവസ്തുക്കളുടെയും പൊട്ടിത്തെറിച്ച സ്‌ഫോടക വസ്തുക്കളുടേയും രൂക്ഷഗന്ധം നിറയുന്നു. തീപിടിച്ച റിഫൈനറികളിലും പൈപ്പ് ലൈനുകളിലും നിന്ന് ആയിരക്കണക്ക് ഗ്യാലനുകളിലായി വിലപ്പെട്ട ഇന്ധനം വെറുതേ കത്തിത്തീരുന്നു. വരും തലമുറകളെ പോലും അപകടത്തിലാക്കും വിധം പ്രകൃതി മലിനമാകുന്നു. വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യനും, പ്രകൃതിയും രൂപപ്പെടുത്തിയെടുത്ത സമ്പത്തുകള്‍ ആര്‍ക്കുമാര്‍ക്കും ഉപകരിയ്‌ക്കാതെ ചാരമായി മാറുന്നു. കുട്ടികളുടെ ഭാവികള്‍ ഇരുളടയുന്നു. ബിസിനസ്സുകള്‍ തകരുന്നു. ഓഹരികളില്‍ കണ്ണും നട്ടിരുന്നവര്‍ ആത്മഹത്യ ചെയ്യുന്നു. എങ്ങും ദു:ഖം, നിരാശ, ആര്‍ത്തനാദം, പക, പോര്‍വിളി. സുനാമിയും, ഭൂകമ്പവും പോലുള്ള പ്രകൃതി ദുരന്തങ്ങളും ഇങ്ങനെ ജീവിതങ്ങളെ കശക്കിയെറിയാറുണ്ട്, എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് പ്രത്യേകമായ പ്രതികാര ബുദ്ധിയില്ല. ദേശീയതയുടേയും, മതത്തിന്റെയും പേരില്‍ മനുഷ്യനെ തെരഞ്ഞു പിടിച്ച് പിന്നാലെ വന്ന് പക തീര്‍ക്കുന്ന പരിപാടി പ്രകൃതിയ്‌ക്ക് ഇല്ല. അതുകൊണ്ട് അത്തരം പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് വരിക താരതമ്യേന എളുപ്പമാണ്.
ഭൗതിക വാദത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഉക്രൈനും റഷ്യയും എന്ന് നമുക്കറിയാം. ബുദ്ധിയും, കഴിവും, ആയുധബലവും, ശാസ്ത്രവും, സാമ്പത്തിക ശക്തിയും കൊണ്ട് ചുറ്റുപാടുകളെ ഇഷ്ടംപോലെ വരുതിയിലാക്കാം എന്ന ഭ്രാന്തന്‍ ആശയത്തിലാണ് ഭൗതികവാദികള്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ അതിലൂടെ സ്വര്‍ഗ്ഗമൊന്നും സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്നും അവര്‍ പാഠം പഠിച്ചിട്ടില്ല. മറ്റുള്ളവയെ കീഴ്‌പ്പെടുത്താന്‍ ശ്രമിയ്‌ക്കുന്നവരുടെ സ്വന്തം അനുഭവവും സുഖകരമാവില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം നല്‍കുന്ന പാഠം. പിന്നെ എന്തിനാണ് ഈ പാഴ്വേല ? വ്യത്യസ്ഥ ദേശീയതകളെ കമ്മ്യൂണിസത്തിന്റെ ഇരുമ്പ് ചട്ടക്കൂട്ടിനുള്ളില്‍ പൂട്ടിയുറപ്പിച്ച് നിര്‍മ്മിച്ചെടുത്ത ജീവനില്ലാത്ത ഒരു എടുപ്പു കുതിരയായിരുന്നു സോവിയറ്റ് യൂണിയന്‍. ചട്ടക്കൂട് ദുര്‍ബലമായപ്പോള്‍ ചങ്ങലകള്‍ പൊട്ടി രാഷ്‌ട്രങ്ങള്‍ പുറത്തേക്ക് വീണു. സ്വാഭാവികമായി വളര്‍ന്നു വന്ന ഒരു ഏകദേശീയത സോവിയറ്റ് യൂണിയന് ഉണ്ടായിരുന്നില്ല. എന്നിട്ടും അതൊരു മഹത്തായ രാഷ്‌ട്രമാണെന്ന് ഭക്തന്മാര്‍ വാഴ്‌ത്തിപ്പാടി. എന്നാല്‍ ജൈവീകമായി വളര്‍ന്നു വന്ന ഒരു ദേശീയതയുള്ള ഭാരതത്തെയാകട്ടെ, പതിനാറു ദേശീയതകളുടെ യൂണിയന്‍ ആയിട്ടാണ് സോവിയറ്റ് ഭക്തരായ ഇന്ത്യന്‍ ഭൗതികവാദികള്‍ ഇപ്പോഴും ചിത്രീകരിയ്‌ക്കുന്നത് ! സൈനിക ശക്തിയുടെ സഹായമില്ലാതെ, ജനാധിപത്യപരമായി തന്നെ ഈ രാഷ്‌ട്രത്തെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയുന്നു എന്നത് ഇന്ത്യയ്‌ക്കുള്ളത് സ്വാഭാവികവും ജൈവീകവുമായ ദേശീയതയാണ് എന്നതിന് തെളിവാണ്.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എല്ലാം സാധിച്ചു കഴിഞ്ഞാല്‍ പിന്നെയെന്ത് എന്ന ചോദ്യത്തിന് ഭൗതികവാദികള്‍ക്ക് ഒരിയ്‌ക്കലും ഉത്തരമുണ്ടായിരുന്നില്ല. മലയാളത്തില്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ടല്ലോ. തിന്നുന്ന ചോറ് എല്ലിനിടയില്‍ കുത്തുമ്പോള്‍ ഉണ്ടാകുന്ന കിരുകിരുപ്പ്. നമ്മള്‍ ഇപ്പോള്‍ ലോകത്ത് കണ്ടുകൊണ്ടിരിയ്‌ക്കുന്ന പ്രശ്‌നങ്ങളില്‍ നല്ലൊരു പങ്കിനും കാരണം ആ കിരുകിരുപ്പാണ്. മനുഷ്യന് ദുരിതങ്ങളും കഷ്ടപ്പാടുകളും ഇല്ലാണ്ടായാല്‍ സ്വാഭാവികമായും അവന്റെ ഉള്ളിലെ ഷഡ് വൈരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങും. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണവ. ചിന്തിച്ചു നോക്കൂ… ശരീരത്തിന് നല്ല ആരോഗ്യവും ശക്തിയും ഇല്ലെങ്കില്‍ കാമമോ, മദമോ, മാത്സര്യമോ ഒന്നും പ്രവര്‍ത്തിക്കില്ല. ഭൗതികവാദികളെ പോലെ മനുഷ്യജീവിതത്തെ നരകമാക്കി മാറ്റിക്കൊണ്ടിരിയ്‌ക്കുന്ന മറ്റൊരു കൂട്ടര്‍ മതവാദികളാണ്. സിറിയയിലും, ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും എല്ലാം കാണുന്നത് അതാണ്. മതവാദികളുടെ കാര്യത്തില്‍, അവരുടെ മദവും, മാത്സര്യവും പുറത്തുവരാന്‍ സമൂഹത്തിന്റെ അടിസ്ഥാന വികസനം സാധിച്ചിരിയ്‌ക്കണം എന്നൊന്നുമില്ല. ആരോഗ്യരക്ഷ, വിദ്യാഭ്യാസം, വിനോദം ഇതൊന്നും അവര്‍ക്ക് വിഷയമല്ല. കാരണം അവരുടെ ഭാവനയിലെ സ്വര്‍ഗ്ഗരാജ്യം ഇവിടെയല്ല. അങ്ങോട്ടേയ്‌ക്കെത്താനുള്ള വെമ്പലില്‍, ചുറ്റുപാടുകളെ നരകമാക്കി മാറ്റുന്നതിന് അവരുടെ വിശ്വാസ പ്രമാണത്തില്‍ അവരുടേതായ ന്യായീകരണങ്ങളുണ്ട്.
അടിസ്ഥാനപരമായി ഇത് മനുഷ്യന്റെ ലോകവീക്ഷണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയമാണ്. മറ്റുള്ളവരെ നശിപ്പിച്ചും തകര്‍ത്തും തങ്ങള്‍ വിഭാവനം ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യം പടുത്തുയര്‍ത്തിയാല്‍ അവിടെ ശാന്തിയും സമാധാനവും സുഖവും ഉണ്ടാകുമോ ? ഇല്ല എന്നതാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിയ്‌ക്കുന്നത്. മനുഷ്യന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ നോക്കൂ, ഒരു നേരം നല്ല ഭക്ഷണം കഴിയ്‌ക്കാന്‍ ഇല്ലാത്ത, നല്ല ശുദ്ധജലം കിട്ടാത്ത, ഉറങ്ങാന്‍ തലയ്‌ക്കുമേല്‍ ഒരു കൂര കിട്ടാത്ത കോടിക്കണക്കിന് മനുഷ്യര്‍ ഉള്ള ഈ ലോകത്ത്, എല്ലാ രാജ്യങ്ങളും ഒന്നിന് ശരാശരി ആയിരം കോടി രൂപ വിലവരുന്ന യുദ്ധവിമാനങ്ങള്‍ ഡസന്‍ കണക്കിനാണ് വാങ്ങി കൂട്ടുന്നത്. പരിശീലനം മുതല്‍ അവ പറത്താന്‍ മണിക്കൂറൊന്നിന് ലക്ഷക്കണക്കിന് രൂപ വച്ച് ചെലവഴിയ്‌ക്കുന്നു. ഒന്നിന് ദശലക്ഷങ്ങള്‍ മുതല്‍ വിലവരുന്ന ബോംബുകള്‍ ആയിരക്കണക്കായി വാങ്ങിവയ്‌ക്കുന്നു. അഞ്ചോ പത്തോ ലക്ഷം രൂപ വിലവരുന്ന ഷെല്ലുകള്‍ പതിനായിരക്കണക്കിന് ശേഖരിച്ചു വയ്‌ക്കുന്നു. എല്ലാം ശത്രുരാജ്യത്തെ ജനങ്ങളെ നരകിപ്പിയ്‌ക്കാനും അതിനു ശേഷം തങ്ങള്‍ക്ക് സുഖമായിരിക്കാനും വേണ്ടി ! യഥാര്‍ത്ഥത്തില്‍ ലോകം അന്ധകാരത്തിന്റെ ഈ ഊരാക്കുടുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ വഴി കാണാതെ വിഷമിയ്‌ക്കുകയാണ്.
ഇന്നത്തെ ലോകത്തിന് മനസ്സിലാകുന്ന ഭാഷ ശക്തിയുടേതാണ്. അക്കാര്യത്തില്‍ സംശയമില്ല. രാഷ്‌ട്രങ്ങളുടെ കാര്യം വരുമ്പോള്‍ ശക്തനെ മാത്രമേ ലോകം മാനിയ്‌ക്കുകയുള്ളൂ. എന്നാല്‍ ശക്തിയെ ധര്‍മ്മബോധം നിയന്ത്രിയ്‌ക്കണം. ബാലാക്കോട്ടിലും, ഗല്‍വാനിലും ഭാരതം കാണിച്ച മാതൃക അതാണ്. ശഠനോട് കൃത്യമായ അളവില്‍ മാത്രം പ്രയോഗിച്ച ശക്തി. നമ്മുടെ ജനതയുടെ ബോധമണ്ഡലത്തെ രൂപപ്പെടുത്തിയെടുത്ത രാമായണവും മഹാഭാരതവും കാണിച്ചു തന്ന മാതൃക അതാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും നോക്കിയ ശേഷം മാത്രമാണ് യുദ്ധം എന്ന ദണ്ഡ നീതിയിലേക്ക് ധര്‍മ്മ നിഷ്ഠരായ രാജാക്കന്മാര്‍ കടന്നിട്ടുള്ളത്.
മറ്റൊരു അമേരിക്കയോ, റഷ്യയോ, ചൈനയോ ആകലല്ല ഭാരതത്തിന്റെ രാഷ്‌ട്ര ദൗത്യം. ഈ നാട്ടില്‍ നിന്നും പുറത്തേക്ക് പോകുന്ന ഓരോ പൗരനും ഭാരതത്തിന്റെ സാംസ്‌കാരിക അംബാസഡര്‍മാരായി ജീവിയ്‌ക്കണം. അങ്ങനെ ഓരോ ഭാരതീയനും മറ്റുള്ളവരുടെ ഇടയില്‍ നേടുന്ന സ്വീകാര്യത, രാഷ്‌ട്രത്തിന്റെ സോഫ്റ്റ് പവര്‍ ആയി മാറണം. ഒരു നേരത്തെയെങ്കിലും ആഹാരമോ, കിടക്കാന്‍ ഒരു കൂരയോ നമുക്ക് തന്ന ഏതൊരു മണ്ണിനോടും, ജനതയോടും നാം കൃതജ്ഞതയുള്ളവരായിരിയ്‌ക്കണം. അല്ലാതെ, നേരിടുന്ന ചെറിയ അസൗകര്യങ്ങളുടെ പേരില്‍ അവരുടെ തന്തയുടെ വകയാണോ എന്ന് ചോദിയ്‌ക്കുന്ന ധാര്‍ഷ്ട്യം അങ്ങേയറ്റത്തെ സംസ്‌കാര ശൂന്യതയാണ്. ചെന്നു ചേരുന്ന സമൂഹങ്ങളില്‍, പാലില്‍ പഞ്ചസാരയെന്ന പോലെ അലിഞ്ഞു ചേര്‍ന്ന് അവയെ മധുരമുള്ളതാക്കി തീര്‍ക്കുന്നതാണ് ഭാരതീയന്റെ പാരമ്പര്യം. ഏതു നിമിഷവും മാറിമറിയാവുന്നവയാണ് ഭൗതിക സാഹചര്യങ്ങള്‍. അത്തരം മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്ഷമയോടെ ആ സാഹചര്യങ്ങളെ നേരിടാന്‍ വ്യക്തിക്ക് കരുത്തു നല്‍കുന്നത് അവന്റെ ആത്മീയമായ അച്ചടക്കമാണ്. രാഷ്‌ട്രത്തലവന്മാര്‍ക്കും നേതാക്കള്‍ക്കും അത്തരം ആത്മീയ സംസ്‌ക്കരണം കിട്ടിയാല്‍ ഈ ലോകം സംഘര്‍ഷമില്ലാത്ത സ്വര്‍ഗ്ഗമായി മാറും.
ഭൗതികവാദവും മതവാദവും രൂപപ്പെടുത്തിയെടുത്തിരിയ്‌ക്കുന്ന വികല മനസ്സുകളെ നേരെയാക്കാന്‍ ആദ്ധ്യാത്മികതയ്‌ക്കു മാത്രമേ സാധിയ്‌ക്കൂ. മനുഷ്യന്‍ അവന്റെ ആവശ്യങ്ങളും അവ നേടിയെടുക്കാനുള്ള പരിശ്രമങ്ങളും ധര്‍മ്മം മോക്ഷം എന്നീ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തണം എന്ന് നമ്മുടെ ദര്‍ശനികന്മാര്‍ യുഗങ്ങളായി പഠിപ്പിച്ചു കൊണ്ടിരിയ്‌ക്കുന്നു. ഭൗതികതയ്‌ക്കും അന്ധവിശ്വാസങ്ങള്‍ക്കും അടിമപ്പെട്ടുള്ള ജീവിതം വ്യക്തിയ്‌ക്കോ സമൂഹത്തിനോ പരമമായ ശാന്തി നല്‍കുകയില്ല എന്നവര്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ലോകത്തോട് ഉദ്‌ഘോഷിച്ചു. ഇന്നത്തെ ഈ കൂരിരുട്ടില്‍ നിന്ന് ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കേണ്ടുന്ന ഉത്തരവാദിത്വം ഇനി ഭാരതത്തിന്റേതാണ്. ശക്തിയുണ്ടായിട്ടും മറ്റുള്ളവരുടേത് ഒന്നും കവര്‍ന്നെടുക്കാതെ, മറ്റുള്ളവരുടെ മേല്‍ അധീശത്വം അടിച്ചേല്‍പ്പിയ്‌ക്കാതെ ഈ നാട് സഹസ്രാബ്ദങ്ങള്‍ പിന്നിട്ടത് ‘തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം’ എന്ന ഉപനിഷദ്ദര്‍ശനം മുറുകെ പിടിച്ചാണ്. ‘കൃണ്വന്തോ വിശ്വമാര്യം’ എന്നാണ് നമ്മുടെ ഋഷിമാര്‍ ആഹ്വാനം ചെയ്തത്. ലോകത്തെ ശ്രേഷ്ടമാക്കി തീര്‍ക്കുക. അല്ലാതെ ലോകത്തെ മുഴുവന്‍ കാല്‍ക്കീഴില്‍ കൊണ്ടു വരിക എന്നോ, ലോകത്തെ മുഴുവന്‍ മതം മാറ്റുക എന്നോ ആയിരുന്നില്ല. ‘മയി സര്‍വമിദം പ്രോതം സൂത്രേ മണിഗണാ ഇവ’ എന്ന് നമ്മുടെ ദര്‍ശനം നമ്മെ പഠിപ്പിച്ചു. ‘മാലയില്‍ മുത്തുകള്‍ എന്നപോലെ സര്‍വ്വവും പരമാത്മാവില്‍ കോര്ക്കപ്പെട്ടിരിയ്‌ക്കുന്നു’. അതായത് നമുക്ക് ഒന്നിനേയും വേര്‍തിരിച്ചു നിര്‍ത്താനോ മാറ്റിനിര്‍ത്താനോ കഴിയില്ല എന്ന് സാരം. ഒന്നിനെ ബാധിയ്‌ക്കുന്നത് എല്ലാറ്റിനേയും ബാധിയ്‌ക്കും. ഈ ബോധമാണ് മദമാത്സര്യങ്ങളിലും മതഭ്രാന്തിലും പെട്ട് അന്ധരായിരിയ്‌ക്കുന്ന മനുഷ്യസമൂഹത്തെ ഇനി നയിയ്‌ക്കേണ്ടത്. ലോകത്തിന്റെ ഗുരുസ്ഥാനം നമുക്കായി ഒഴിഞ്ഞു കിടക്കുന്നു. ആ പീഠത്തിലിരിയ്‌ക്കാന്‍ തക്ക പക്വതയും, പാരമ്പര്യവും, വെളിച്ചവും ഭാരതത്തിനാണുള്ളത്. മറ്റാര്‍ക്കുമില്ല.
രാമാനുജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: