കണ്ണൂര്‍: പി.ജയരാജനെ സിപിഎം സെക്രട്ടേറിയറ്റില്‍ വീണ്ടും തഴഞ്ഞതോടെ കണ്ണൂരില്‍ സൈബര്‍ കലാപം. റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ജയരാജന് വേണ്ടി വ്യാപകപചാരണം നടക്കുന്നത്. പി. ജയരാജന്‍ ഇത്തവണ സെക്രേട്ടറിയറ്റില്‍ ഇല്ല, പക്ഷെ ജനങ്ങളുടെ ഒപ്പം ഉണ്ട് സഖാവ് പിജെ, സ്ഥാനമാനങ്ങളിലല്ല ജനഹൃദയങ്ങളിലാണ് സ്ഥാനം, മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്‍മാറിയിട്ടുണ്ടെങ്കില്‍ അതിന് ഒരേ ഒരു പേരേ ഉള്ളു സഖാവ് പിജെ. എന്നാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലുള്ളത്. ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ത്തന്നെ എന്ന് ജയരാജന്റെ മകന്‍ ജെയിന്‍ പി. രാജ് ഇട്ട പോസ്റ്റും ഇതിനുള്ള കമന്റുകളും ചര്‍ച്ചയായിട്ടുണ്ട്.
മകനും കൂട്ടുകാരും കൂടി അദ്ദേഹത്തെ ഒരു വഴിക്കാക്കരുതെന്നാണ് കമന്റിന് ജെയിന്‍ പി. രാജ് കൊടുത്ത മറുപടിയും ചര്‍ച്ചയാണ്. ‘നിന്റെ പൊരയില്‍ നിന്നല്ല എനിക്ക് ചെലവിന് തരുന്നത്, എന്റെ അഭിപ്രായം പറയാന്‍ നിന്റെ ചീട്ടും വേണ്ട സഖാവേ’ എന്നാണ് ജയിന്‍ പി. രാജിന്റെ മറുപടി. സമൂഹമാധ്യമങ്ങളില്‍ കൂടി പരസ്പരമുള്ള വെല്ലുവിളികള്‍ക്കെതിരെ സിപിഎം നേതൃത്വം ഇതുവരെ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല. ഏപ്രില്‍ മാസം കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കാനിരിക്കെ തല്‍ക്കാലം പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. അടുത്ത രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലുണ്ട്. ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിലപാട് വരും ദിവസങ്ങളിലുണ്ടാകുമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: