കൊച്ചി : ദീര്‍ഘദൂര യാത്രയ്‌ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്‌ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി ആരോപണം. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അധ്യാപിക തന്നെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്നയാള്‍ മോശമായി പെരുമാറിയിട്ട് പ്രതികരിച്ചപ്പോള്‍ കണ്ടക്ടര്‍ പോലും ഒപ്പം നിന്നില്ല. കണ്ടക്ടറുടെ പെരുമാറ്റം വേദനിപ്പിച്ചെന്നും അധ്യാപിക ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു
യാത്രയ്‌ക്കിടെ സീറ്റില്‍ ചാരിക്കിടക്കുന്നതിനിടെ പുറകില്‍ ഇരുന്നയാള്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക ഉച്ചത്തില്‍ പ്രതികരിച്ചെങ്കിലും സംഭവത്തില്‍ ആരും ഇടപെട്ടില്ല. തുടര്‍ന്ന് യുവതി ഇക്കാര്യം കെഎസ്ആര്‍ടിസി കണ്ടക്ടറോട് പറഞ്ഞു. എന്നാല്‍ മോശമായ രീതിയിലായിരുന്നു കണ്ടക്ടറുടെ പ്രതികരണം.
ഇത് ചെറിയ പ്രശ്നം ആണെന്നും, ഉപദ്രവിച്ചയാള്‍ മാപ്പ് പറഞ്ഞതോടെ അത് തീര്‍ന്നെന്നുമായിരുന്നു കണ്ടക്ടര്‍ യുവതിയോട് പറഞ്ഞത്. ഇതിന് പുറമേ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ കണ്ടക്ടര്‍ സംസാരിച്ചുവെന്നും, ആരും പ്രതികരിക്കാതെ ഇരുന്നത് ഏറെ തളര്‍ത്തിയെന്നും യുവതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അധ്യാപിക വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടെയുള്ള യാത്രികര്‍ക്ക് ബുദ്ധിമുട്ട് വരാതിരിക്കാനാണ് സംഭവം നടന്ന ഉടന്‍ പരാതി നല്‍കാതിരുന്നതെന്നും നാട്ടിലെത്തിയാല്‍ ഉടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധ്യാപികയുടെ എഫ്ബി പോസ്റ്റില്‍ പറയുന്നുണ്ട്.
കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്‌ക്ക് ലൈംഗികാതിക്രമം നേരിട്ട വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വിഷയത്തില്‍ പ്രതികരിച്ചു. പരാതി പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ എത്രയായിട്ടും പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ല. ഇത്തരം പ്രവണതകളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: