കുട്ടനാടിന്റെ കാര്‍ഷിക ഭൂമികയില്‍ നിന്ന് ചിത്രരചനാ രംഗത്ത് ഉന്നതിയുടെ പടവുകള്‍ കയറുകയാണ് തോമസ് കുര്യന് എന്ന ചിത്രകാരന്. കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് നഷണല്‍ ലളിതകലാ അക്കാദമി 62-ാമത് ദേശീയ ചിത്രപ്രദര്‍ശനത്തിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് ചിത്രകാരന്മാരില് ഒരാളാണ് ഈ 48 കാരന്. ചാണകത്തിന്റെ പ്രതലത്തില്‍ കരികൊണ്ട് വരച്ച ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. പശുവിനെ വളര്‍ത്തിയും ചാണകം വിറ്റുമാണ് അച്ഛന് തന്നെ വളര്‍ത്തിയത്. അത് അഭിമാനമായാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ചാണകം പ്രതലമാക്കി ചിത്രം ഒരുക്കുന്നതെന്ന് തോമസ് കുര്യന് പറയുന്നു.
കാവാലം ഗ്രാമത്തില്‍ വള്ളോപ്പള്ളി വീട്ടില്‍ കുര്യന്റെയും റോസമ്മയുടെയും മകനായാണ് ജനനം. കാവാലം ലിറ്റില്‍ ~വര് ഹൈസ്ക്കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചിത്രകലയില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം ദല്‍ഹിയിലെ ഗാലറി സ്റ്റുഡിയോകളില്‍ ചിത്രകാരനായിട്ടാണ് കരിയറിന്റെ തുടക്കം. ജോണ്‍ സ്മൃതി, തിരുശേഷിപ്പുകള്‍, പാലായനം ഇവയാണ് പ്രധാനപ്പെട്ട ഏകാംഗ പ്രദര്‍ശനങ്ങള്‍. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന എക്സിബിഷനുകളില്‍ തുടര്‍ച്ചയായി പങ്കെടുത്തിട്ടുണ്ട്. അന്തരിച്ച പ്രമുഖ ചിത്രകാരന് അശാന്തന് ഉള്‍പ്പെടെ അഞ്ച് സുഹ്യത്തുക്കള്‍ ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ ലളിതകലാ അക്കാദമി ഗ്യാലറി, ആലപ്പുഴ ഗ്യാലറി, പോര്‍ട്ടുകൊച്ചി ഏക ഗ്യാലറി എന്നിവിടങ്ങളില്‍ ഗ്രൂപ്പ് പ്രദര്‍ശനം നടത്തിയിട്ടുണ്ട്.
കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സംസ്ഥാന പ്രദര്‍ശനങ്ങളില്‍ തുടര്‍ച്ചായായി പങ്കെടുത്തു വരുന്നു. വേള്‍ഡ് വൈഡ് ആര്‍ട്ട് മൂവ്മെന്റുമായി ചേര്‍ന്ന് മെക്സിക്കോയില്‍ ഗ്രൂപ്പ് പ്രദര്‍ശനം നടത്തി കേരള ലളിതകലാ അക്കാദമിയുടെ നിറകേരളം ചിത്രകലാ ക്യാമ്പ്, വര്‍ഷ ഋതു ചിത്രകലാ ക്യാമ്പ്, വര്‍ഷം ചിത്രകലാ ക്യാമ്പ് ,കോടനാട് സംസ്ഥാന ചിത്രകലാ ക്യാമ്പ് തുടങ്ങിയവയില്‍ പങ്കെടുത്തിട്ടുണ്ട്. പ്രമുഖ നാടകപ്രവര്‍ത്തകന്‍ പി.എം. ആന്റണിയുടെ സ്മരണാര്‍ത്ഥം ആലപ്പുഴയില്‍ സംഘടിപ്പിച്ച ചിത്രകല ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.
കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന് സ്പെഷല്‍ മെന്‍ഷന്‍ അവാര്‍ഡ് നല്കി തോമസ് കുര്യനെ ആദരിച്ചിട്ടുണ്ട്. ന്യൂദല്‍ഹി കൊണാട്ട് പ്ലയിസിലെ തനുജാ അസോസിയേറ്റ്സ്, ദല്‍ഹി പഞ്ചശീല്‍ പാര്‍ക്കിലുള്ള ബൈഷു ബന്ധു ഗുപ്ത അസോസിയേറ്റ്സ്, എറണാകുളം വൈറ്റില ദിമാച്ച് ഹൗസ് പ്രൈവറ്റ് കളക്ഷന്‍ എന്നിവിടങ്ങളിലും, അമേരിക്കന്‍ മലയാളി കവിത ജോസഫിന്റെ ശേഖരത്തിലും നിരവധി ചിത്രങ്ങള്‍ കളക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആലപ്പുഴ നാഷണല്‍ ഹൈവേയക്ക് സമീപം പാതിരപ്പള്ളി പൂങ്കാവ് പൊറ്റക്കാട്ട് വിട്ടിലാണ് താമസിക്കുന്നത്. ആലീസ് ആണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: