മലയാളത്തിന്റെ അക്ഷരമാലയിലും ലിപി വിന്യാസ ക്രമത്തിലും പരിവര്‍ത്തനം വരുത്തേണ്ടതിന്റെ ആവശ്യത്തെ ഊന്നിക്കൊണ്ട് ഈയിടെ പലരുടെയും അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടു. അക്കൂട്ടത്തില്‍ ഇരുത്തം വന്ന ഭാഷാ പണ്ഡിതന്മാരെ കാണാന്‍ കഴിഞ്ഞില്ല. കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുന്നതും അത് അച്ചടിച്ചുവരുമ്പോള്‍ വരുന്ന പല അവലക്ഷണങ്ങളുമാണവരെ അതിന് പ്രേരിപ്പിച്ചത് എന്നു തോന്നുന്നു. ഇന്നത്തെ കമ്പ്യൂട്ടര്‍ സഹായത്തില്‍ കൂട്ടക്ഷരങ്ങള്‍ കൃത്യമായി സംവിധാനം ചെയ്യാന്‍ കഴിയുമെന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എണ്‍പതിലേറെ കൊല്ലങ്ങളായി മലയാളം എഴുതുന്ന ഒരാളെന്ന നിലയ്‌ക്കാണ്, മലയാള ഭാഷാ വിദഗ്‌ദ്ധനായിട്ടല്ല ഞാന്‍ ഈ കുറിപ്പെഴുതുന്നത്. 1944-ാമാണ്ടില്‍ മലയാളം പള്ളിക്കൂടത്തില്‍ ചേര്‍ന്നാണ് ഞാന്‍ പഠിത്തം തുടങ്ങിയത്. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അന്നത്തെ ഏതു രക്ഷിതാക്കളുടെയും മക്കളെപ്പോലെ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുതന്നെ തിരുവിതാംകൂറില്‍ ദിവാനായിരുന്ന സര്‍. സി.പി. രാമസ്വാമി അയ്യര്‍ പഠനമാധ്യമം മലയാളമാക്കാനുള്ള പദ്ധതി തയാറാക്കി. അതനുസരിച്ചു ഹൈസ്‌കൂള്‍ ക്ലാസുകളില്‍ വിവിധ വിഷയങ്ങളെ ശാസ്ത്ര, ശാസ്‌ത്രേതര വിഭാഗങ്ങളായി തംതിരിച്ചു പഠിപ്പിക്കാന്‍ തുടങ്ങി. പുറമേ പൊതുവായ പരിപാടിയുമുണ്ടായിരുന്നു. നിര്‍ബന്ധിത മലയാളം, നിര്‍ബന്ധിത ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും ശാസ്ത്ര ശാസ്‌ത്രേതര വിഷയങ്ങളും, ഗണിതവുമുണ്ടായിരുന്നു. പുതിയ സംവിധാനവുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും ഇണങ്ങുന്നതിനു മുന്‍പുതന്നെ പദ്ധതികളൊക്കെ അട്ടിമറിഞ്ഞു. ഇംഗ്ലീഷ് മാധ്യമം ഉപേക്ഷിക്കപ്പെട്ടു. മൂന്നാം ഭാഷയായി ഹിന്ദി വന്നു. സ്വാതന്ത്ര്യലബ്ധിയോടെ സര്‍വത്ര കുഴഞ്ഞുമറിഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസശേഷം ഞാന്‍ മലയാളം പഠിച്ചിട്ടില്ല. ഹിന്ദിയാണ് രണ്ടാം ഭാഷയായെടുത്തത്. ഇംഗ്ലീഷ് ഒന്നാം ഭാഷയായി ഇന്നും ഭരണം നടത്തുകയാണല്ലൊ.
അന്നു പഠിച്ച മലയാളത്തില്‍ അക്ഷരമാലയ്‌ക്കു പുറമേ കൂട്ടക്ഷരങ്ങളും, ചില്ല്, അനുസ്വാരം, വിസര്‍ഗം ഇവയൊക്കെയും ഉപയോഗിക്കാനുള്ള നിയമങ്ങളും ഔചിത്യങ്ങളും മനസ്സിലാക്കിയിരുന്നു. എ.ആര്‍. രാജരാജവര്‍മ എന്ന കേരള പാണിനി ഭാഷാ സംബന്ധമായ വ്യവസ്ഥകളും നിയമങ്ങളും ചിട്ടപ്പെടുത്തി നടപ്പിലാക്കിയിരുന്നു. അച്ചടി സാര്‍വത്രികമാവുകയാല്‍ അതിനാവശ്യമായ അച്ചുകള്‍ കൊത്തിയെടുക്കുന്നതിനും, വാര്‍ത്തെടുക്കുന്നതിനുമുള്ള സൗകര്യം നോക്കി ചില പരിഷ്‌കാരങ്ങള്‍ വന്നു. പക്ഷേ അച്ചുകള്‍ വാര്‍ത്തെടുക്കാനുള്ള പ്രയാസം, അവയുപയോഗിച്ചു അച്ചടിക്കാനുള്ള സാമര്‍ത്ഥ്യം നേടുക ഇതൊക്കെ വിദഗ്‌ദ്ധതൊഴിലായി. പല അക്ഷരങ്ങളുടെയും ആകൃതിക്കു പുതിയ രൂപം വന്നു. എഴുത്തിന്റെ രീതിയില്‍ വന്ന മാറ്റത്തിനു ഒരുദാഹരണം നോക്കൂ. ംരം എന്നെഴുതിയാല്‍ ഈ എന്നായിരുന്നു അന്നു വായിക്കേണ്ടത്. പഴയ ആധാരങ്ങളില്‍ ഇതു കാണാം. അക്ഷരമാലയിലെ ‘ന’യ്‌ക്കു രണ്ടുച്ചാരണം വന്നിരുന്നു. നനഞ്ഞു എന്നതിലെ രണ്ടിനും ഉച്ചാരണം വ്യത്യസ്തമാണല്ലൊ. തമിഴ് മാതൃഭാഷയായ ഒരു സ്വയംസേവകന്‍ ”ആന നന്നായി നനഞ്ഞു, ഞാനും കൂടെ നനഞ്ഞു” എന്നു വായിക്കുമ്പോള്‍, കയൊഴികെ മറ്റെല്ലാം ന മാത്രമായി മാറുമായിരുന്നു. പണ്ട് , ന ഇങ്ങനെ വ്യത്യസ്തമായി എഴുതി വന്നിരുന്നു. ”അമന്ദാനന്ദമേകുന്ന നന്ദനന്ദനനേ ജയ” എന്ന ശ്ലോകാര്‍ദ്ധം മലയാളം മുന്‍ഷിമാര്‍ ചൊല്ലിച്ചു അക്ഷരശുദ്ധിയും ഉച്ചാരണ ശുദ്ധിയും ഉറപ്പുവരുത്തുമായിരുന്നു. കണ്ഠ്യം, മൂര്‍ധ്‌ന്യം, താലവ്യം, ദന്ത്യം, ഔഷ്ഠ്യം, അനുനാസികം മുതലായവ മുന്‍ഷിമാര്‍ പറയിപ്പിച്ചുറപ്പുവരുത്തുമായിരുന്നു.
മലയാള അക്ഷരമാലക്കു ആധുനിക രൂപംനല്‍കിയ തുഞ്ചത്തെഴുത്തച്ഛന്‍ അതു ജനങ്ങളെ പഠിപ്പിച്ചുറപ്പുവരുത്താന്‍ ഹരിനാമ കീര്‍ത്തനം രചിച്ച് കേരളത്തിലുടനീളമുണ്ടായിരുന്ന കളരി, എഴുത്തുപള്ളി, ഗുരുകുലങ്ങള്‍ എന്നിവിടങ്ങളില്‍ ചെന്ന് അവിടത്തെ നാടുവാഴികളുടെ സഹായത്തോടെ ആശാന്മാരെ പഠിപ്പിച്ചുവന്നു. അങ്ങനെ വടക്കു നീലേശ്വരം മുതല്‍ വേണാട് വരെ സഞ്ചരിച്ചിരുന്നുവെന്നു ഐതിഹ്യം. മലയാള ഭാഷയ്‌ക്കു ഐകരൂപ്യം വരുത്തി അന്നത്തെ കാലത്ത് മലയാളത്തെ പ്രതിഷ്ഠിക്കാന്‍ അദ്ദേഹം അനുഷ്ഠിച്ച തപസ്സിനെ നാം ഓര്‍ക്കേണ്ടതല്ലേ?
എനിക്ക് മലയാളം എഴുതാന്‍ പ്രേരണ പരമേശ്വര്‍ജി തന്നെയായിരുന്നു. കൂടാതെ കേസരി രാഘവേട്ടനും, സഞ്ജയ സാഹിത്യം വായിക്കാന്‍ അദ്ദേഹത്തിന്റെ സഹോദരീ പുത്രനും, ഇപ്പോള്‍ തലശ്ശേരി സംഘചാലകനുമായ ശ്രീകുമാരന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ പ്രേരണ നല്‍കി. അന്നു കേസരി വാരികയിലെഴുതിയ ചില നര്‍മ്മക്കുറിപ്പുകള്‍ അതിന്റെ പ്രതിഫലനമായിരുന്നു ”തന്നെ തലശ്ശേരിയിലേക്കയച്ചത് ശാഖകളുടെ കാര്യം നോക്കാനാണ്, അതു ചെയ്താല്‍ മതി”യെന്ന പ്രാന്ത പ്രചാരകന്‍ ദത്താജി ഡിഡോള്‍ക്കര്‍ വിലക്കിയതോടെ എഴുത്തുനിന്നു. അപ്പോഴേക്കു ഞാന്‍ അയച്ചു കഴിഞ്ഞിരുന്ന ‘കുട്ടികളുടെ ഡോക്ടര്‍ജി’ എന്ന ഒരു തുടരന്‍ ലേഖനവും അച്ചടിച്ചുവന്നു.
പിന്നീട് ഔപചാരികമായി ജനസംഘപ്രവര്‍ത്തനത്തിനു നിയുക്തനായപ്പോള്‍ 1967 ല്‍ പരമേശ്വര്‍ജിയുടെ നിര്‍ദേശമനുസരിച്ച് ഏകാത്മ മാനവാദമെന്ന ദീനദയാല്‍ജിയുടെ പുസ്തകം മലയാളത്തിലാക്കി തെറ്റുതിരുത്തിക്കാന്‍ സി.എച്ച്. കുഞ്ഞപ്പയെ ഏല്‍പ്പിച്ചു. അദ്ദേഹം ഒന്നാമത്തെ അധ്യായം തിരുത്തിത്തന്നു. തെറ്റുകളുടെ സമൃദ്ധി എന്നെ അമ്പരപ്പിച്ചു. പരമേശ്വര്‍ജിയെ വീണ്ടും സമീപിച്ചപ്പോള്‍ ആ മാതൃകയില്‍ വീണ്ടും വായിച്ചു തിരുത്താനാണ് നിര്‍ദേശിച്ചത്.
മലയാള വ്യാകരണം കൂടുതല്‍ വായിക്കാന്‍ ശ്രദ്ധിച്ചു. ജനസംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായ വിവര്‍ത്തനങ്ങള്‍ ചെയ്തു. ഭാഷ മെച്ചമാക്കാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥയ്‌ക്കു തൊട്ടു മുന്‍പ് ജന്മഭൂമി ആരംഭിക്കാനുള്ള ഭാരം വന്നുചേര്‍ന്നപ്പോള്‍ പിന്നീട് എഴുത്താണ് ജീവിതമെന്ന അവസ്ഥയിലെത്തി. എം.പി. മന്മഥന്‍ സാര്‍, കുമ്മനം രാജശേഖരന്‍, എം.കെ. ബാലഗോപാല്‍, പി. നാരായണക്കുറുപ്പ്, കെ. രാമന്‍പിള്ള, ജി. കുമാരപിള്ള സാര്‍, തുറവൂര്‍ വിശ്വംഭരന്‍ മാസ്റ്റര്‍ മുതലായ പ്രഗല്‍ഭന്മാരുടെ വന്‍നിരയെതന്നെ കണ്ടുപഠിക്കാനായി. ഓരോ ആളുടെയും ശൈലിക്കു അവരുടെ സവിശേഷത. പ്രൊഫ. എന്‍. കൃഷ്ണപിള്ള സാര്‍ പറഞ്ഞതുപോലെ പ്രതിപാത്രം ഭാഷണഭേദം!
ജന്മഭൂമി ആരംഭിച്ചതുതന്നെ പുതിയ ലിപിയിലുള്ള ടൈപ്പ് ഉപയോഗിച്ചായിരുന്നു. അവിടെ വന്ന പുതുക്കക്കാര്‍ക്കു ആ ലിപി സുപരിചിതമായിരുന്നു. കാരണം അവര്‍ പഠിച്ചു വളര്‍ന്നതുതന്നെ അതുപയോഗിച്ചാണ്. പുതിയ ലിപിയെഴുതാന്‍ ഞാന്‍ കുറേ ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. ജന്മഭൂമി എളമക്കരയിലേക്കു മാറ്റിയപ്പോള്‍ േഫാട്ടോ ടൈപ്പ്‌സെറ്റിങ് വന്നു. മൊത്തം പുതിയ ലിപിയായി. അതു വായിക്കാന്‍തന്നെ പ്രയാസപ്പെട്ടു.
പഴയ പത്രക്കാര്‍ക്ക് പുതിയ സംവിധാനവുമായി പൊരുത്തപ്പെടാന്‍ കേരള പ്രസ് അക്കാദമിയുടെ ആരംഭകാലത്ത് ധാരാളം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. പ്രശ്‌സത ഭാഷാവിദഗ്ധരും പത്രപ്രവര്‍ത്തകരും സാങ്കേതികജ്ഞരും; ഇഎംഎസ്, പി. ഗോവിന്ദപ്പിള്ള, എന്‍.വി. കൃഷ്ണവാര്യര്‍, എ.പി. ഉദയഭാനു, വി.എം. കൊറാത്ത് മുതലായവരും അവിടെ പങ്കെടുത്തിരുന്നു. പത്രഭാഷാ സംബന്ധമായ ഒട്ടേറെ അഭിപ്രായങ്ങളും അവതരിപ്പിക്കപ്പെട്ടു. അക്ഷരശുദ്ധിയില്‍ നിഷ്‌കര്‍ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഊന്നിപ്പറഞ്ഞു. അവിടത്തെ അഭിപ്രായങ്ങള്‍ സങ്കലനം ചെയ്തു പത്രഭാഷ എന്നൊരു പുസ്തകം ഇറക്കിയിരുന്നു.
മലയാളത്തില്‍ ഉപയോഗിക്കപ്പെടുന്ന അക്ഷരങ്ങളെയെല്ലാം വീണ്ടും ഉപയോഗത്തിലും പ്രയോഗത്തിലും വരുത്തേണ്ടതുണ്ട്. കമ്പ്യൂട്ടറിലും ടൈപ്പ്‌സെറ്റിലും എന്നുവേണ്ട മൊബൈലില്‍പോലും ഇന്ന് കീബോര്‍ഡ് ലഭ്യമാണ്. വളരെ നാളത്തെ വിദഗ്ധമായ അന്വേഷണവും ഗവേഷണവും പരിശ്രമവുംകൊണ്ടായിരിക്കുമല്ലോ ഇതു സാധ്യമായത്. പണ്ട്, അരനൂറ്റാണ്ടു മുന്‍പ് കല്‍പറ്റയിലെ ഗുഡലായി ഭാഗത്ത് സംഘകാര്യാലയമിരുന്ന നീണ്ട കെട്ടിടത്തിലെ ഒരു ഭാഗത്ത് കസ്തൂരിസ്വാമി എന്ന് എല്ലാവരും വിളിച്ചുവന്ന ഒരു ടൈപ്പിസ്റ്റുണ്ടായിരുന്നു. ഇംഗ്ലീഷ് ജോബ് വര്‍ക്ക് ചെയ്തും, ആവശ്യക്കാരെ പഠിപ്പിച്ചും സ്വാമി ജീവിച്ചുവന്നു. മലയാളം കീബോര്‍ഡ് സൃഷ്ടിക്കാന്‍ അദ്ദേഹം വളരെക്കാലം പരിശ്രമിച്ചു. 26 അക്ഷരമുള്ള ഇംഗ്ലീഷ് മെഷീനില്‍ത്തന്നെ മലയാളവും ടൈപ്പ് ചെയ്യാനുള്ള ഒരു കീബോര്‍ഡ് അദ്ദേഹം സജ്ജമാക്കി. ബോര്‍ഡിലെ അക്ഷരങ്ങളുടെ വിന്യാസവും, ചിഹ്‌നങ്ങളുടെ സ്ഥാനവും കസ്തൂരിസ്വാമി ഉറപ്പിച്ചു. പല പ്രഗല്‍ഭരേയും കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചു. പക്ഷേ അതിനെ വാണിജ്യാടിസ്ഥാനത്തില്‍ കൈക്കൊള്ളാന്‍ ആരും തയ്യാറായില്ല. എല്ലാവരും നല്‍കിയ അഭിനന്ദനങ്ങളും അദ്ദേഹത്തിന്റെ മേശയില്‍ കിടന്നു.
മലയാളഭാഷയ്‌ക്ക് അതിന്റെ അന്തസ്സും സ്ഥാനവും നല്‍കാന്‍ ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ക്കു അതിനോടു താല്‍പര്യമില്ല. ഇന്നത്തത്ര ഭാഷ വളരുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈസ്റ്റിന്ത്യാ കമ്പനിയും പഴശ്ശിരാജായുമായി നടന്ന എഴുത്തുകുത്തുകള്‍ മലയാളത്തിലായിരുന്നു. ജോര്‍ജ് ഓണക്കൂര്‍ ആണെന്നു തോന്നുന്നു അവ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാനുവലിന്റെ അനുബന്ധമായി വേലുത്തമ്പി ദളവാ പുറപ്പെടുവിച്ച കുണ്ടറ വിളംബരം കൊടുത്തിട്ടുണ്ട്. 18-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ തന്റെ രാജ്യത്ത് ലത്തീന്‍ ക്രിസ്ത്യാനികള്‍ നടത്തിവന്ന അക്രമങ്ങളെപ്പറ്റി മാര്‍പ്പാപ്പയ്‌ക്കയച്ച കത്തുകളും അതിനു ലഭിച്ച മറുപടിയും ‘കാത്തലിക് ക്രിസ്ത്യന്‍സ് ഓഫ് കേരള’ എന്ന പുസ്തകത്തില്‍ ചേര്‍ത്തുകാണുന്നു. 1936 ല്‍ ചിത്തിരതിരുന്നാള്‍ മഹാരാജാവ് സര്‍ സി.പി. രാമസ്വാമി അയ്യരെ ദിവാനായി നിയമിച്ചുകൊണ്ട് നല്‍കിയ നീട്ട് മലയാളത്തിലായിരുന്നു. നീണ്ട ഒറ്റവാചകത്തിലാണ് നീട്ട്. നൂതനമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്താതെയും ഇരിക്കയും അങ്ങിനെ വല്ലതും ഭേദപ്പെടുത്തേണ്ടതിനും പുത്തനായി ഭേദപ്പെടുത്തേണ്ടതിലേക്കും തക്കയാവശ്യം വല്ലപ്പഴുമുണ്ടായാല്‍ അതിനു മതിയായ കാരണം നമ്മെ ബോധപ്പെടുത്തി അനുവാദമുണ്ടാകുന്നതിന്മണ്ണം നടത്തിക്കയും ചെയ്ത് നമുക്കും ബഹുമാനപ്പെട്ട ഇംഗ്ലീഷ് ഗവര്‍മെന്റിലേക്കും നെടുനാളായി നടന്നുവരുന്ന അന്യോന്യ വിശ്വാസംമേലും അഭിവൃദ്ധിയായും രാജ്യം സുഭിക്ഷമായും ജനങ്ങള്‍ക്കു ക്ഷേമം വര്‍ധിച്ചും ധര്‍മ്മവും ന്യായവും നടപ്പായും വരാന്‍തക്കവണ്ണം വിചാരിച്ച് എല്ലാ കാര്യങ്ങളെ ബോധിപ്പിച്ചുവച്ചിരിക്കുന്ന ശമ്പളവും പടികാര്യവും ദിവാന്‍ ഉദ്യോഗവും വിചാരിച്ചു നടന്നുകൊള്ളുകയും വേണം എന്നും ഇക്കാര്യം ചൊല്ലി …….മാണ്ട് ചിങ്ങമാസം …. ന് ദിവാന്‍ ചെയ്യപ്പെട്ട് പട്ടാഭിരാമന്‍ രാമസ്വാമിശര്‍മ്മയ്‌ക്ക് നീട്ട് എഴുതി വിടൂ എന്നു തിരുവിള്ളമായ നീട്ട്.
മഹാരാജാവിന്റെ തുല്യം ചാര്‍ത്തുന്നു.
ഇതിനുപുറമെ സ്വന്തം കൈപ്പടയില്‍ മഹാരാജാവ് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടയച്ച ഇംഗ്ലീഷ് കത്തുമുണ്ട്.
ഇപ്പോള്‍ പഞ്ചായത്തിലെ നിയമനം പോലും മലയാളത്തിലല്ല ഇംഗ്ലീഷിലാണ്. ആസാദി കാ അമൃത് മഹോത്‌സവം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: