ക്വാറി മാഫിയ മുക്കുന്നിമല തുരന്നുതീരാറായപ്പോള് വനംവകുപ്പ് ഉണരുന്നു. തിരുവനന്തപുരം പള്ളിച്ചല്‍ വില്ലേജിലെ മൂക്കുന്നിമല വനഭൂമി തന്നെയെന്ന് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് സമ്മതിച്ചു. 1961ലെ കേരള വനനിയമത്തിന്റെ പരിധിയില്‍ ഇത് വരുന്നുണ്ടെന്നും ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ ലംഘനം നടന്നുവെന്നുമാണ് ഭൂമി മുഴുവന്‍ തീറെഴുതാന്‍ സൗകര്യമൊരുക്കിയതിനുശേഷം വനംവകുപ്പിന്റെ കണ്ടെത്തല്‍.
തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്റെ 8/8/1896ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അഞ്ച് ചതുരശ്ര മൈല്‍ (3200 ഏക്കര്‍) റിസര്‍വ് വനം ആണ് മൂക്കുന്നിമലയിലേത്. പലഘട്ടങ്ങളിലായി 2675.5 ഏക്കര്‍ വനഭൂമി നഷ്ടമായി. എങ്ങനെ എന്ന് ആര്‍ക്കും അറിയില്ല. 1960ല്‍ കര്‍ഷകര്‍ക്ക് പത്ത് വര്‍ഷത്തേക്ക് റബ്ബര്‍ കൃഷിക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമി കൈമാറുകയായിരുന്നു. റവന്യു വകുപ്പാണ് 524.5 ഏക്കര്‍ വനഭൂമി ഏറ്റെടുത്തത്. ഇതിലെ 423.5 ഏക്കര്‍ വനഭൂമി ആളൊന്നിന് മൂന്നര ഏക്കര്‍ വീതം 121 വ്യക്തികള്‍ക്കായി കൈമാറി. എന്നാല്‍ ബാക്കിയുള്ള 101 ഏക്കര്‍ വനഭൂമി എവിടെ എന്നത് ചോദ്യചിഹ്നമായി.
1961 ലെ കേരള വന നിയമവും 1980 ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ നിയമവും എല്ലാം കാറ്റില്‍പറത്തി മൂക്കുന്നിമല ഖനന മാഫിയ കൈയടക്കി തകൃതിയായി പാറഖനനം നടത്തുകയായിരുന്നു. കേരളത്തിലെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കേരള ഹൈക്കോടതിയില്‍ 17010/2017 കേസില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അനധികൃത ക്വാറി മാഫിയയുടെ പ്രവര്‍ത്തനവും വ്യാജ രേഖകള്‍ ചമച്ച് ഭൂമി കൈവശപ്പെടുത്തിയതുമൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. മൂക്കുന്നിമലയില്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ 35 ക്വാറി ഉടമകളും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നാല്പത് പേരാണു പ്രതികള്‍. ക്രമക്കേടില്‍ രണ്ട് മുന്‍ ജില്ലാ കളക്ടര്‍മാരുടെ പങ്കും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
മുക്കുന്നിമലയില്‍ 300 കോടിയോളം രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായെന്നും സര്‍ക്കാര്‍ ഭൂമി ക്വാറി ഉടമകള്‍ കയ്യേറി ഖനനം ചെയ്തെന്നും ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത 76 ഇടപാടുകളും ഇതില്‍പെടും. 2014 ഡിസംബറിലാണ് വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടര വര്‍ഷം അന്വേഷിച്ച ഇന്‍സ്പെക്ടര്‍ ആര്. റാബിയത്തിനെ 2017 മേയില്‍ സ്ഥലംമാറ്റി. ഖനനക്കേസ് അന്വേഷിച്ച ആര്. റാബിയത്തിനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നു. ഇതിനു പിന്നില്‍ ഖനനമാഫിയയാണെന്നും ആക്ഷേപമുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം മൂക്കുന്നിമല വനഭൂമി ആണെന്നും കേരള വന നിയമം ബാധകമാവുമെന്നും സമ്മതിച്ചത് മുന്‍ ഡിഎഫ്ഒ ജെയിംസ് മാത്യു 2018ല്‍ നല്കിയ കേസിന്റെ വാദത്തിനിടെയാണ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് (ഫോറസ്റ്റ് മാനേജ്മന്റ്) ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. വനംവകുപ്പ് മൂക്കുന്നിമല വനഭൂമിയാണ് എന്ന് സമ്മതിച്ചതോടെ ഇത്രയും ഭൂമി എങ്ങനെ സര്‍ക്കാരിന് നഷ്ടമായി എന്നതിന് വനംവകുപ്പ് ഉത്തരം പറയേണ്ടിവരും.
1995 കാലഘട്ടങ്ങളില്‍ പോലും വനം വകുപ്പ് ഒരു ഗാര്‍ഡിനേയും ദിവസ വാച്ചര്‍മാരെയും ഇവിടത്തെ ഭൂമി സംരക്ഷിക്കാന്‍ നിയോഗിച്ചിരുന്നതാണ്. സാമൂഹ്യ വനവത്കരണ വിഭാഗത്തിന് ഇവിടെ അക്കേഷ്യ തോട്ടം ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കൃഷിക്ക് നല്കിയ ഭൂമി നിയമവിരുദ്ധമായി ക്വാറി മാഫിയ കയ്യേറുകയും വനഭൂമി തന്നെ കൈക്കലാക്കുകയും ചെയ്തതോടെ വന്‍ ലോബിക്ക് മുന്നില്‍ വനം ഉദ്യോഗസ്ഥര്‍ ഒന്നടങ്കം കണ്ണടയ്ക്കുകയായിരുന്നു. 2017 ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും വനഭൂമി തിരിച്ചുപിടിക്കുന്നതിന് ചെറുവിരലനക്കാന്‍ വനംവകുപ്പ് തയ്യാറായില്ല. കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് ഇപ്പോഴത്തെ മലക്കംമറിച്ചില്‍. വരുന്ന ഒന്‍പതിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: