ദുരിതങ്ങള്‍ കണ്ടു മിഴിപൂട്ടി നില്ക്കുന്നു-
ദീപങ്ങള്‍ മങ്ങിയ മണ്ണിന് ചിരാതുകള്‍!
കണ്ണുനീര് ഇറ്റിറ്റു പൊട്ടിത്തകര്‍ന്നതോ-
മണ്ണോടലിഞ്ഞ പ്രദക്ഷിണവീഥികള്‍!
ചന്ദന സന്ധ്യയില്‍ കൈത്തിരി നാളമായ്-
ചന്ദ്രിക മാത്രം വരുന്നൊരീ കോവിലില്‍,
പാപങ്ങള്‍ കോരി തളര്‍ന്ന ചുവടുമായ്-
പഥികനൊരാളെത്തി ദാഹ ച്ചുവയുമായ്
ജഠരാഗ്നി കത്തും തിടപ്പള്ളിയില്‍ നോക്കി-
ഒരുപാടുനേരം മൗനം കുടിച്ചയാള്‍!
മന്ത്രം മുഴങ്ങാത്ത ശ്രീകോവിലില്‍, പിന്നെ-
യെന്തിനു നോക്കണം വറുതിപ്പെരുമാളെ!
കണ്ണുകള്‍ പൂട്ടിയിരുന്നു വിവശമായ്,
വെണ്ണീറുപാറി പടര്‍ന്ന കോലായില്‍.
മുക്തിക്കു മാര്ഗ്ഗത്തിനുഴറി നടക്കാതെ-
മൃത്യുവിന് കാറ്റില്‍ മെല്ലെ പറന്നയാള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: