ഹരി ശാര്‍ക്കര
കുംഭമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വെളുത്ത വാവിലേക്ക് നീങ്ങുന്ന വെള്ളിയാഴ്ചയിലാണ് ശാര്‍ക്കര ക്ഷേത്രവും ദേശവും കാളീ ദാരിക യുദ്ധത്തിന് വേദിയാകുന്നത്. ഒന്‍പത് ദിവസത്തെ ചടങ്ങിനൊടുവില്‍ കാളീദേവി ദാരികനിഗ്രഹം നടത്തുന്നതോടെയാണ് കാളിയൂട്ടിന് വിരാമമാകുന്നത്.
മധുര ചുട്ടെരിച്ചെത്തിയ ദേവി
മധുര ചുട്ടെരിച്ച് മഹാകാളിയായ കണ്ണകീദേവി മംഗളാക്കുന്നില്‍ക്കയറി തനിക്ക് സ്വയംഭൂവായി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയേണ്ട ദേശങ്ങള്‍ നോക്കിക്കണ്ടത്രേ. മധുരരാജാവിനെ വധിച്ച് കണ്ണകി തെക്കോട്ട് നടന്ന് സഹ്യനെ ചുറ്റി കന്യാകുമാരി വഴി കൊടുങ്ങല്ലൂരിലേക്ക് യാത്രയായി. ഈ യാത്രയില്‍ ദേവി വിശ്രമിക്കുകയും, ദേവിയെ സ്വീകരിക്കുകയും ചെയ്ത ദേശങ്ങളെ സ്വന്തം ചൈതന്യത്താല്‍ ദേവി കാലാന്തരത്തില്‍ അനുഗ്രഹിച്ചിരുന്നു എന്ന് സങ്കല്‍പ്പം.
ചില ദേശങ്ങളില്‍ ദേവി സ്വയംഭൂവായി അവതരിച്ചു. ആറ്റുകാലെത്തിയ ശേഷം ശാന്തയായ ദേവി എത്തിയ ദേശമാണ് മകിഴ ശിഖാ മണി നെല്ലൂര്‍ എന്ന ഇന്നത്തെ ചിറയിന്‍കീഴ്.
ശര്‍ക്കര കുടത്തിലെ ചൈതന്യം
ഒരിക്കല്‍ വില്വമംഗലത്ത് സ്വാമിയാര് ഒരു യാഗം നടത്തി. അതില്‍ മഹാവിഷ്ണുവിന്റേയും, മഹാകാളിയുടേയും അസാന്നിധ്യത്തില്‍ അദ്ദേഹം വിഷമിച്ചു. ഇരുവരേയും തിരക്കിയിറങ്ങിയ സ്വാമിയാര് ഇപ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പഴയ അനന്തന്‍കാവിലും എത്തി. അവിടെ ബാലരൂപത്തില്‍ കളിച്ചു കൊണ്ടിരുന്ന മഹാവിഷ്ണുവിനേയും, മഹാകാളിയേയും അദ്ദേഹം കണ്ടു. സ്വാമിയാരെ കണ്ട ബാലിക അപ്രത്യക്ഷയായി. വിഷ്ണു ഭഗവാന്റെ ആഗ്രഹപ്രകാരം പത്മനാഭസ്വാമിക്ഷേത്രത്തില്‍ സ്വാമിയാര് പ്രതിഷ്ഠ നടത്തി. അതു കഴിഞ്ഞ് ബാലികയെ പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല.
സ്വാമിയാര് ഇന്നത്തെ ശാര്‍ക്കരദേശത്ത് വിശ്രമിക്കാന്‍ ഇരുന്നു. സ്വാമിക്കൊപ്പം കുറച്ച് ശര്‍ക്കര വ്യാപാരികളും അവിടെയെത്തി. കല്മണ്ഡപത്തില് ശര്‍ക്കര കുടങ്ങള്‍ ഇറക്കി വച്ച് അവരും വിശ്രമിക്കാന്‍ ഇരുന്നു. കുറച്ചകലെ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കിടയില്‍ വെളുത്ത് സുന്ദരിയായ ഒരു ബാലികയെ സ്വാമിയാര് അടുത്തേക്ക് വിളിച്ചെങ്കിലും അവള് അപ്രത്യക്ഷയായി. വിശ്രമം കഴിഞ്ഞ് ശര്‍ക്കര വ്യാപാരികള്‍ കുടങ്ങള്‍ എടുത്തെങ്കിലും ഒരു കുടം മാത്രം എടുക്കാന്‍ കഴിഞ്ഞില്ല. സ്വാമിയാര് ദിവ്യദൃഷ്ടിയാല്‍ അതില്‍ ദേവി ഒളിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കി. ദേവി സ്വയം ശര്‍ക്കരഭരണിയില്‍ കുടികൊണ്ട കല്മണ്ഡപത്തില്, ഉറച്ച ശര്‍ക്കര കുടത്തിന് മുന്നില്‍ ഒരു പ്രതിഷ്ഠ നടത്തുകയും, ആരാധിക്കുവാന്‍ കരക്കാരെ ഏല്‍പ്പിക്കുകയും സംഹാരരുദ്രയായ ദേവി ശാന്തഭാവത്തില്‍ കുടികൊള്ളുന്ന ശാര്‍ക്കരയില്‍ എല്ലാ കൊല്ലവും കാളിയൂട്ട് നടത്തി ദേവിയെ പ്രീതിപ്പെടുത്തി ശാന്തയാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
കാളിയൂട്ടിന്റെ കഥ
കാലാന്തരത്തില്‍ വലിയ ചെലവുള്ള കാളിയൂട്ട് മുടങ്ങുകയായിരുന്നു. പിന്നീട്, തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ നാഗര്‍കോവിലില്‍ നിന്നും കാളിയൂട്ട് ആശാന്മാരായ പൊന്നറ കുടുംബക്കാരെ ഇവിടെ എത്തിച്ച് ഭൂമിയും മറ്റ് സൗകര്യങ്ങളും നല്കി കാളിയൂട്ട് നടത്തുവായി നിയോഗിച്ചു.
കുംഭമാസത്തിലെ കറുത്തവാവ് നീങ്ങി പൗര്‍ണ്ണമിയിലേക്ക് നീങ്ങുന്ന വെള്ളിയാഴ്ചയിലാണ് ശാര്‍ക്കര കാളിയൂട്ട് നടക്കുന്നത്. ഒന്‍പത് ദിവസം മുന്‍പ് ശ്രീകോവിലിന്റെ ഇടതു വശത്ത് വിളക്ക് തെളിയിച്ച് മാരാര്‍ പാണി കൊട്ടി മുപ്പത് മുക്കോടി ദേവതാ സാന്നിധ്യത്തില്‍ ദേവപ്രതിനിധിയായ മേല്‍ശാന്തിയുടേയും, കരക്കാരുടേയും സാന്നിധ്യത്തില്‍ ഭണ്ഡാരപിള്ള പനയോലയില്‍ നാരായം കൊണ്ട് കാളിയൂട്ടിന്റ തുടക്കം അറിയിക്കുന്ന കുറി കുറിക്കുന്നു. തുടര്‍ന്നുള്ള രാവുകളില്‍ ക്ഷേത്രത്തിന് തെക്കേ ഭാഗത്തു നിലകൊള്ളുന്ന തുള്ളല്‍പ്പുരയില്‍ ദേവീദാരിക ചരിതം അരങ്ങേറുന്നു. വിവിധ അനുഷ്ഠാന ചുവടുകളിലൂടെയും കഥകളിലൂടെയും, കഥാപാത്രങ്ങളിലൂടെയും സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളും, തിന്മകളും തുള്ളല്‍ പുരയില്‍ അവതരിപ്പിക്കുന്നു. ദാരികന്റെ ശല്യം നാട്ടില്‍ അനുഭവപ്പെടുന്നതും ദേവിയെ അറിയിക്കുന്നു.
എട്ടാം ദിനം ഇരുട്ടിവെളുക്കുമ്പോള്‍ അരങ്ങേറുന്ന സുബ്രഹ്മണ്യന്, വള്ളീപരിണയം കഥകളിലൂടെ ദാരികന്റെ ഉപദ്രവത്തെക്കുറിച്ച് കേള്‍ക്കുന്ന ദേവി കോപാകുലയാകുന്നു. വൈകുന്നേരം ദേവി, ദുര്‍ഗ്ഗയായും ഭദ്രയായും അവതരിച്ച് തിരുമുടികള്‍ തലയിലേന്തി ഉടവാളുമായ് ദുഷ്ടനായ ദാരികനെ വധിക്കാന്‍ ഇറങ്ങുന്നു. ദേവിമാരുടെ യാത്രക്കിടയില്‍ നിറപറയിട്ടും, വെറ്റില പറത്തിയും കരക്കാര് വിജയാശംസകള്‍ നേരുന്നു.
അര്‍ദ്ധരാത്രിയായിട്ടും ദാരികനെ കണ്ടെത്താന്‍ കഴിയാതെ ദേവിമാര്‍ ഉറഞ്ഞു തുള്ളി ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തുന്നു. തുടര്‍ന്ന് പൊന്നറ കാരണവര്‍ നെല്‍വിത്തുകള്‍ നിറഞ്ഞ കലശം കെട്ടുന്നു. ഈ സമയം ദാരികനെത്തി വെന്നിപ്പറ കൊട്ടി ദേവിയെ യുദ്ധത്തിന് ക്ഷണിക്കുന്നു.
നിലത്തില്‍ പോര്
വൈകുന്നേരത്തോടെ ചുട്ടിപ്പുരയില്‍ നിന്ന് ആദ്യം ചുട്ടി കുത്ത് പൂര്‍ത്തിയാക്കി ദാരികന് പുറത്തു വരുന്നു. ദേവിയെ വെല്ലുവിളിക്കുന്ന ദാരികനെ വധിക്കുവാന്‍ കാല്‍ച്ചിലമ്പും, വീരപ്പല്ലും ധരിച്ച് കയ്യില്‍ ദണ്ഡുമായ് ദേവി പിന്നാലെ പായുന്നതോടെ നിലത്തില്‍ പോരിന് ആരംഭം കുറിക്കുന്നു.
കാളിയൂട്ട് പറമ്പിലെത്തുന്ന കാളീ ദേവി ദാരികനുമായ് ഘോര യുദ്ധം നടത്തുന്നു. ആകാശ യുദ്ധം നടത്തിയിട്ടു പോലും ദാരികനെ വധിക്കുവാന്‍ കഴിഞ്ഞില്ല. ദാരികനെ വധിക്കാനുള്ള രഹസ്യം അസുരന്റ ഭാര്യയില്‍ നിന്നും പാര്‍വതീദേവി തന്ത്രപൂര്‍വ്വം മനസ്സിലാക്കുന്നു. അത് മകള്‍ക്ക് പറഞ്ഞു കൊടുക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്യുന്നു. പോര്‍ക്കളത്തില്‍ തിരിച്ചെത്തുന്ന ദേവി പ്രതീകാത്മക ദാരിക വധം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: