കൊല്ലം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ താന്‍ നിരപരാധിയാണ്. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് കിരണ്‍ കുമാര്‍. തനിക്കെതിരെയുള്ള സ്ത്രീധന പീഡന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും കിരണ്‍ അറിയിച്ചു. കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേസില്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. നിരപരാധിത്വം കോടിയില്‍ തെളിയിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കിരണ്‍ വ്യക്തമാക്കി.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന് സുപ്രീംകോടതി ജാമ്യം ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. വിസ്മയ കേസില്‍ കിരണ്‍ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: