മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്നി മാര്‍ഷ് (74) അന്തരിച്ചു. കഴിഞ്ഞയാഴ്ച ചാരിറ്റി ക്രിക്കറ്റ് മത്സരം കാണാന്‍ പോകുന്നതിനിടെ ഹൃദയാഘാതം നേരിട്ട് ചികിത്സയിലായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് മാര്‍ഷ്. 96 ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച അദ്ദേഹം 13 വര്‍ഷം നീണ്ടുനിന്ന കരിയറിനുടമയാണ്. ഇയാന്‍ ചാപ്പല്‍ നായകനായ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു റോഡ്നി മാര്‍ഷ്.
1970ല്‍ ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച മാര്‍ഷ് 1984ലാണ് വിരമിച്ചത്. അക്കാലത്തെ മികച്ച പേസ് ബൗളറായ ഡെന്നീസ് ലില്ലിയുടെ നിരവധി വിക്കറ്റുകള്‍ കീപ്പറായ മാര്‍ഷിന്റെ ക്യാച്ചുകളിലൂടെയാണ് ഉണ്ടായത്. 95 തവണയാണ് ഇത്തരത്തില്‍ ലില്ലിയ്ക്കായി മാത്രം മാര്‍ഷ് ക്യാച്ചെടുത്തത്. 355 പുറത്താക്കലുകളാണ് സ്റ്റമ്പിംഗിലൂടെയും ക്യാച്ചിലൂടെയും മാര്‍ഷ് നേടിയത്. 1981ല്‍ ലോക ക്രിക്കറ്റ് ചരിത്രത്തിലെ കുപ്രസിദ്ധമായ അണ്ടര്‍ ആം ബൗളിംഗ് സംഭവത്തിന്റെ സമയത്ത് ടീം വിക്കറ്റ് കീപ്പര്‍ മാര്‍ഷ് ആയിരുന്നു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും 2005ല്‍ ആഷസ് ജയിച്ച ഇംഗ്ളണ്ട് ദേശീയ ടീമിന്റെ സെലക്ടറായും മാര്‍ഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: