തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശാന്തി കവാടത്തില്‍ സംസ്കരിച്ചു. സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഇന്‍ക്വസ്റ്റിന് ശേഷമാണ് സുരേഷിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുേമാര്‍ട്ടം നടത്തിയത്. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ശാന്തികവാടത്തില്‍ സംസ്കരിച്ചത്.
തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയിലാണ് സുരേഷ് ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിലിരിക്കെ ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രതിയായ സുരേഷ് മരിച്ചു. പോലീസ് മര്‍ദിച്ചുകൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി.കെ. മോഹനന് ഇന്നലെ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ അദ്ദേഹം ഉദ്യോഗസ്ഥരുടെ മൊഴിയും ശേഖരിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനില്‍ പരിശോധന നടത്തിയതെന്നും പരാതി ലഭിക്കാത്തതിനാല്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും പരിശോധിക്കുകയാണ്. സ്ത്രീ നല്കിയ പരാതിയും പ്രതിയുടെ മരണവുമായി അതിന് ബന്ധമുണ്ടെന്ന പരാതിയും പരിശോധിക്കും. പ്രതിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചതായും പക്ഷേ അത് ഇപ്പാള്‍ വെളിപ്പെടുത്താനാകില്ലെന്നും ചെയര്മാന് പറഞ്ഞു.
അതേസമയം സുരേഷിനൊപ്പം പിടിയിലായ നാലു പ്രതികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സ്റ്റേഷന് മുമ്പില്‍ ഞായറാഴ്ച രാത്രി ഏറെ വൈകിയും പ്രതിഷേധിച്ചു. ഇതോടെ ഓണ്‍ലൈനായി പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളായ ബിജു, രാജേഷ്, രാജേഷ് കുമാര്‍, വിനീത് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയതോടെ എസ്ഐ ബിപിന്‍ പ്രകാശിനെ സ്ഥലം മാറ്റിയ വിവരം ഡിസിപി അങ്കിത് അശോക് അറിയിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ സ്റ്റേഷനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സുരേഷിനെ പോലീസ് മര്‍ദിച്ചെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണെന്നും ആഭ്യന്തര വകുപ്പ് പിരിച്ചുവിടുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
അന്വേഷണം ക്രൈംബ്രാഞ്ചിന്
കോവളം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസി.കമ്മീഷണര്‍ ബി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സുരേഷിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: