തൊടുപുഴ: ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ ശരാശരി താപനിലയില്‍ ഗണ്യമായ വര്‍ദ്ധന. 34 ഡിഗ്രി വരെയായിരുന്ന കൂടിയ താപനില ഇപ്പോള്‍ 38 ഡിഗ്രിക്ക് അടുത്തെത്തി. പകലും രാത്രിയിലും ഉഷ്ണമേറുന്നത് സാധാരണക്കാരുടെ ഉറക്കം കെടുത്തുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു. തിങ്കളാഴ്ച 82.57 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞവാരം തന്നെ ഇത് 82 മില്യണിന് മുകളിലെത്തിയിരുന്നു. മാര്‍ച്ച് എത്തും മുമ്പ് ഉപഭോഗം ഇത്രയും ഉയരുന്നത് ഇതാദ്യമാണ്.
റിക്കാര്‍ഡ് മഴ ലഭിച്ചിട്ടും, സംസ്ഥാനത്തെങ്ങും വരള്‍ച്ചയുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്. തോടുകളും പുഴകളും വറ്റി, കിണറുകളിലെ ജലനിരപ്പു താഴ്ന്നു. കൃത്യമായ ഇടവേളകളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വലിയ ദുരന്തമാകും. അണക്കെട്ടുകളില്‍ വെള്ളമുണ്ടെങ്കിലും അത് എല്ലായിടത്തും എത്തിക്കാനാകില്ല. തീരദേശം മുതല്‍ ഹൈറേഞ്ച് വരെ വരള്‍ച്ചയുടെ പിടിയിലാണ്. ഹൈറേഞ്ചിലടക്കം കാര്‍ഷിക മേഖലയും വെള്ളമില്ലാതെ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് മെച്ചപ്പെട്ട മഴ പോലും ലഭിച്ചത്. കൊക്കയാറില്‍ ഉരുള്‍പൊട്ടി മണ്ണടിഞ്ഞതിനാല്‍ പുഴയുടെ ഒഴുക്ക് പലയിടത്തും തടസപ്പെട്ടു. കുടിവെള്ള പ്രശ്നം ഇല്ലാത്ത പലയിടങ്ങളും ഇത് മൂലം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
ഇടമഴ കിട്ടിയില്ലെങ്കില്‍ കേരളം വലിയ പ്രതിസന്ധിയിലാകുമെന്ന് കാലാവസ്ഥ വിദഗ്ധനായ ഡോ. ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി. പകല്‍ പുറത്തിറങ്ങുന്നവര്‍ കൃത്യമായ മുന്നറിയിപ്പുകള്‍ പാലിക്കണം. നേരിട്ട് വെയിലടിക്കുന്ന എല്ലാ ജോലികളും നിര്‍ത്തണം. സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ കൈ പൂര്‍ണ്ണമായും മറയ്ക്കുന്ന ഗ്ലൗസ് ധരിക്കണം. അതേസമയം, കേരളത്തില്‍ മാര്‍ച്ചില്‍ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ ശരാശരിയിലും കൂടുതല്‍ താപനില വര്‍ദ്ധിക്കുമെന്നും ഇതില്‍ പറയുന്നുണ്ട്.
ശൈത്യകാലത്ത് 33 മഴ കുറഞ്ഞു
സംസ്ഥാനത്ത് ശൈത്യകാലത്ത് 33 ശതമാനം മഴ കുറഞു. 2.24 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 1.49 സെ.മീ. മഴയാണ് ലഭിച്ചത്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശരാശരി മഴ ലഭിച്ചപ്പോള്‍ മലപ്പുറത്ത് മഴ പെയ്തിട്ടില്ല. തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 409 ശതമാനം മഴ കൂടിയിരുന്നു. 11.4 സെ.മീ. മഴയാണ് അന്ന് ശരാശരി ലഭിച്ചത്.
ന്യൂനമര്‍ദം രൂപമെടുത്തു
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് സ്ഥീരീകരണം കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പുറത്തുവിട്ടത്. ഇത് കൂടുതല്‍ ശക്തമായി മാറി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി രണ്ട് ദിവസത്തിനകം ശ്രീലങ്കയുടെ തീരത്തെത്തും. തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ തെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മേഖലയിലാകും ആദ്യം മഴയെത്തുക. മധ്യ കേരളത്തിലും മഴ ലഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: