കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചും തള്ളി. വിലക്കേര്‍പ്പെടുത്തിയ സിംഗിള്‍ ബെഞ്ച് വിധി ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളടങ്ങിയ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു ഡിവിഷന് ബെഞ്ചും അംഗീകരിക്കുകയായിരുന്നു.
ചാനലിനെതിരായ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നും ആദ്യ വിധി സമയത്ത് കോടതി വിലയിരുത്തിയിരുന്നു. കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ ഫയലുകളും കേന്ദ്ര സര്‍ക്കാരിന്റെ അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറില്‍ നല്‍കിയത് രഹസ്യരേഖകളായതിനാല്‍ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി നേരത്തെ വ്യക്തമാക്കി.
ചാനലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെയായിരുന്നു ഹാജരായത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി. സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെതിരെ ഡിവിഷന് ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ‘നാളെ ഉദിക്കുന്നത് നീതിയുടെ സൂര്യനാകട്ടെ’ എന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ ഇന്റലിജന്‍സ് വകുപ്പും മീഡിയാവണ്ണിനെതിരെയും ചാനല്‍ ഡയറക്ടര്‍മാര്‍ക്കെതിരെയും പ്രതികൂല റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കിയത്. പ്രാദേശിക വാര്‍ത്ത ചാനലുകളുടെ ലൈസന്‍സ് പുതുക്കുന്ന നടപടിയില്‍ കേന്ദ്രം സര്‍ക്കാര്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഡയറക്ടര്‍മാരുടെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
നിരവധി പരാതികളും ചാനലിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെകൂടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ചാനല്‍ പിന്തുണയ്ക്കുന്നുവെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വനിയമത്തിനെതിരെ വര്‍ഗീയ പ്രചരണം ചാനല്‍ നടത്തിയിരുന്നു. ഇതുകൂടാതെ ഡല്‍ഹില്‍ നിന്ന് തുടരെതുടരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയാവണ്ണിനെയും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് ഇരു ചാനലുകളും സംപ്രേക്ഷണം വീണ്ടും ആരംഭിച്ചത്. വീണ്ടും മീഡിയാവണ്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവ് അടക്കമുള്ള പരാതി ഉയര്‍ന്നതോടെയാണ് ചാനല്‍ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണ് ചാനലിനു മുന്നിലുള്ള ഏക പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: