ന്യൂദല്‍ഹി : ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം ശക്തമായതോടെ ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ ഊര്‍ജ്ജിതമാക്കി. ഓപ്പറേഷന് ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങള്‍ ദല്‍ഹിയില്‍ തിരിച്ചെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി-17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങള്‍ ഉക്രൈനിലേക്ക് അയച്ചത്. രക്ഷാ പ്രവര്‍ത്തനത്തിനായി റൊമാനിയയില്‍ എത്തിയ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
ഇന്ത്യന്‍ വ്യേമസേനയുടെ അഭിമാനങ്ങളിലൊന്നായ പടുകൂറ്റന്‍ വിമാനമാണ് ഗ്ലോബ്മാസ്റ്റര്. ഇത്തരം രക്ഷാദൗത്യങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്ന വിമാനമാണിത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്ലോബ്മാസ്റ്റര് വിമാനം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. പതിനൊന്ന് ഗ്ലോബ്മാസ്റ്റര് വിമാനങ്ങളാണ് ഇന്ത്യയുടെ പക്കലുണ്ട്.
പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ദല്‍ഹിയില്‍ എത്തും. ഇതു വരെ 2500 ലധികം ഇന്ത്യക്കാര്‍ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. അതേസമയം ഖാര്ക്കീവില് നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള പദ്ധതി ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മള്‍ഡോവയുടെ അതിര്‍ത്തി തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ വഴി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റുമായും പോളണ്ട് പ്രസിഡന്റുമായും പ്രധാനമന്ത്രി സംസാരിച്ചു. ഖാര്‍കീവിലും സുമിയിലുമായി 4000 പേരുണ്ടെന്നാണ് വിലയിരുത്തല്‍. ഇവരെ ഒഴിപ്പിക്കുന്നതിനായി റഷ്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഉക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം മെഡിക്കല്‍ സര്‍വ്വകലാശാലയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെ്. മൃതദേഹം തിരിച്ചെത്തിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: