ന്യൂഡൽഹി : യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ബന്ധപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി നവീന്റെ പിതാവുമായി ഫോണിൽ സംസാരിച്ചത്.
മരണത്തിൽ കടുംബത്തോടൊപ്പം പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. എന്നാൽ ഇക്കാര്യം വൈകീട്ടോടെയാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിന്നാലെ മരണ വിവരം പ്രഖ്യാപിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയവും ദു:ഖം രേഖപ്പെടുത്തി.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നവീന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. നവീന്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. പ്രധാനമന്ത്രിയോടും, വിദേശകാര്യമന്ത്രാലത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ദൗത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: