ന്യൂദല്‍ഹി: ചൈനയും അമേരിക്കയും ബ്രിട്ടനും അടക്കം ഒരു രാജ്യവും ഉക്രൈനില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടുപോകുന്നില്ല. ബ്രിട്ടന് കീവിലെ എംബസിപോലും പൂട്ടി. യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്തു പോലും ഉക്രൈനില്‍ കുടുങ്ങിയ 16000 ഇന്ത്യക്കാരെയും അയല്‍രാജ്യങ്ങളുടെ സഹായത്തോടെ മടക്കിയെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മോദി സര്‍ക്കാര്‍. ഈ സമയത്താണ് ചില മാധ്യമങ്ങള്‍ ഏകപക്ഷീയമായ വാര്‍ത്തകള്‍ ചമയ്ക്കുന്നതും കേന്ദ്രത്തിനെതിരെ തിരിയുന്നതും.
ഓരോ രാജ്യങ്ങളും ചെയ്തത് എന്താണെന്ന് അക്കമിട്ട് നിരത്തി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്നലെ പുറത്തു വിട്ട വിവരങ്ങളാണ് താഴെ:
ചൈന ദൗത്യം ഉപേക്ഷിച്ചു
കുടുങ്ങിയത് ആറായിരം പേര്. പ്രത്യേക വിമാനങ്ങള്‍ അയയ്ക്കുമെന്ന് ഫെബ്രുവരി 24ന് പ്രഖ്യാപിച്ചു. ചൈനീസ് പതാക വാഹനങ്ങളില്‍ കെട്ടാനും നിര്‍ദ്ദേശിച്ചു. 26ന് വാഹനങ്ങളില്‍ ചൈനീസ് പതാക കെട്ടരുതെന്ന് നിര്‍ദ്ദേശിച്ചു. 27ന് ഉക്രൈനിലെ ചൈനീസ് നയതന്ത്ര പ്രതിനിധി ഒരു വീഡിയോ സന്ദേശം നല്കി. നിലവില്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ പറ്റുന്ന സുരക്ഷാസാഹചര്യമല്ല അവിടെയെന്നാണ് വീഡിയോയില്‍ പറയുന്നത്. താന്‍ കീവില്‍ നിന്ന് മടങ്ങിയെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച അദ്ദേഹം പൗ
രന്മാര്ക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. അധികൃതരുമായി ബന്ധപ്പെടാനുള്ള കൂടുതല്‍ മാര്‍ഗങ്ങളും വീഡിയോയില്‍ നിര്‍ദ്ദേശിച്ചു. ചൈനീസ് പൗരന്മാരോട് ശത്രുതയുണ്ടെന്ന, സാമൂഹ്യമാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍, ആരും നാട്ടുകാരോട് വഴക്കുണ്ടാക്കരുതെന്നും അംബാസിഡര്‍ തന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
സംഭവിച്ചത് രക്ഷാദൗത്യം ചൈന ഉപേക്ഷിച്ചു. യാത്ര സംബന്ധിച്ച ഒരു മാര്‍ഗ നിര്‍ദ്ദേശവും അവര്‍ പൗരന്മാര്ക്ക് നല്‍കിയിട്ടില്ല. അവരെ സഹായിക്കാനുള്ള ഒരു സംവിധാനവും ചൈന ഒരുക്കിയിട്ടുമില്ല.
അമേരിക്കയ്ക്ക് പദ്ധതിയില്ല, പരിശ്രമവുമില്ല
900 യുഎസ് ഉദ്യോഗസ്ഥരാണ് ഉക്രൈനിലുള്ളത്. തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുക സാധ്യമല്ലെന്നാണ് ഫെബ്രുവരി 27നു തന്നെ അവര്‍ അറിയിച്ചത്. സുരക്ഷിതമെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് മടങ്ങാനാണ് യുഎസ് ഭരണകൂടം പൗരന്മാരോട് നിര്‍ദ്ദേശിച്ചത്. അതിര്‍ത്തി കടന്ന് അയല്‍രാജ്യങ്ങളില്‍ എത്താന്‍ അതിര്‍ത്തികളില്‍ അവര്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിയും വരുന്നുണ്ട്. രണ്ടു ദിവസത്തേക്ക് കുടിവെള്ളവും ഭക്ഷണവും കരുതാന്‍ അവര്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഫെബ്രുവരി 22ന് അമേരിക്കയും പൗരന്മാര്ക്ക് ഓണ്‍ ലൈനില്‍ അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി, നമ്പറുകള്‍ നല്കി. അതിര്‍ത്തികളിലെ എംബസി ജീവനക്കാരുടെ ഫോണ്‍നമ്പറുകളും നല്കി.എന്നാല്‍ പൗരന്മാരെ മടക്കിയെത്തിക്കാന്‍ പ്രത്യേക പദ്ധതിയില്ല. അതിനുള്ള പ്രത്യേക ശ്രമങ്ങളും അമേരിക്ക നടത്തിയിട്ടില്ല.
കൈവിട്ട് ബ്രിട്ടന്
ഉക്രൈനിലുള്ള ബ്രിട്ടീഷുകാര്‍ക്ക് കോണ്‍സുലേറ്റുകള്‍ വഴി സഹായം നല്‍കുന്നതിനെ പോലും റഷ്യന്‍ സൈനിക നടപടി ബാധിക്കുമെന്നാണ് ഫെബ്രുവരി 17ന് ബ്രിട്ടന് അറിയിച്ചത്. കോണ്‍സലിന്റെ സഹായമോ ഒഴിപ്പിക്കലോ ഒന്നും പ്രതീക്ഷിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു. ചില ഫോണ്‍ നമ്പറുകള്‍ അവര്‍ പൗരന്മാര്ക്ക് നല്‍കിയിട്ടുണ്ട്. കീവിലെ ബ്രിട്ടീഷ് എംബസി പൂട്ടി, ലാ വിവിലെ ഓഫീസിലാണ് ഇപ്പോള്‍ എംബസി ജീവനക്കാര്‍ ഉള്ളത്. അവിടെ നിന്നുള്ള സേവനങ്ങള്‍ പരിമിതവുമാണ്. അതിനെപ്പോലും സൈനിക നടപടി ബാധിക്കാമെന്നും ബ്രിട്ടീഷ് കുറിപ്പില്‍ പറയുന്നു. സഹായങ്ങള്‍ക്ക് ഉക്രൈന് അധികൃതരെ ബന്ധപ്പെടാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മടക്കയാത്രയ്ക്ക് ഓണ്‍ലൈന്‍ ഫോം പോലും അവര്‍ നല്‍കിയിട്ടുമില്ല
ജര്‍മ്മനി, ഈജിപ്ത്, നൈജീരിയ, മൊറോക്കോ
കീവിലെ ജര്‍മ്മന്‍ എംബസിയും പൂട്ടി. പൗരന്മാര് രാജ്യംവിടാന്‍ നിര്‍ദ്ദേശിച്ചു. പൗരന്മാരെ ഒഴിപ്പിക്കുക സാധ്യമല്ലെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളതും. ജര്‍മ്മനിയും അമേരിക്കയും ഫെബ്രുവരി 12നാണ് രാജ്യം വിടാന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചത്. ഈജിപ്ഷ്യന്‍ എംബസിയും ഒന്നും ചെയ്തില്ല. ചില വിദ്യാര്‍ഥികള്‍ മുന്‍കൈ എടുത്ത് അതിര്‍ത്തി കടന്ന് പോളണ്ടില്‍ എത്തിയിട്ടുണ്ട്. പോളണ്ട്, റൊമേനിയ, സ്ളൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിലെ അതിര്‍ത്തികള്‍ വഴി എത്താനാണ് മൊറോക്കോയും തങ്ങളുടെ പൗരന്മാരോട് പറഞ്ഞിട്ടുള്ളത്. വിളിക്കേണ്ട നമ്പറുകളും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ സ്വന്തം നിലയ്ക്കാണ് അതിര്‍ത്തികള്‍ വഴി അയല്‍രാജ്യങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.
റഷ്യയുടെ ആക്രമണ വിവരം തങ്ങളെ അമ്പരിപ്പിച്ചുവെന്നാണ് നൈജീരിയ സ്വന്തം പൗരന്മാരോട് പറഞ്ഞത്. അതിനാല്‍ വിമാനത്താവളം തുറന്ന ശേഷം സഹായിക്കാം എന്നാണ് നിലപാട്. ഉക്രൈനില്‍ 80,000 ത്തിലേറെ വിദേശ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര് ഇന്ത്യയില്‍ നിന്നാണ്.മൊറോക്കോ അസര്ബൈജാന്, തുര്‍ക്ക്മെനിസ്ഥാന്‍,നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: