ന്യൂദല്‍ഹി : ഉക്രൈന് നഗരങ്ങളിലെ റഷ്യന്‍ ഷെല്ലാക്രമണം കടുത്തതോടെ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നു. വ്യോമസേനയുടെ തന്നെ അഭിമാനമായ ഗ്ലോബ്മാസ്റ്റര് ഉപയോഗിച്ചാണ് ഇന്ത്യയിപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഗ്ലോബ്മാസ്റ്റര് വിമാനങ്ങള്‍ യുക്രൈനിലേക്ക് അയക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് നിര്‍ദ്ദേശം നല്‍കിയത്. എത്രയും പെട്ടന്ന് തന്നെ വ്യേമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ ഉക്രൈന് രക്ഷാദൗത്യത്തിന് സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാദൗത്യങ്ങള്‍ക്ക് ഏറ്റവും ഉതകുന്നതാണ് ഗ്ലോബ്മാസ്റ്റര്. അതേസമയം എത്ര ഗ്ലോബ്മാസ്റ്റര് വിമാനങ്ങള്‍ രക്ഷാദൗത്യത്തിന് അയക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്ലോബ്മാസ്റ്റര് വിമാനം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. പതിനൊന്ന് സി17 ഗ്ലോബ്മാസ്റ്റര് കകക വിമാനങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്.
താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാന് കയ്യടക്കിയതിന് പിന്നാലെ ഇന്ത്യക്കാരെ രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കുന്നതിനും ഗ്ലോബ്മാസ്റ്ററാണ് ഉപയോഗിച്ചത്. അവശ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേരെ വഹിക്കാന്‍ കഴിയുമെന്നതാണ് ഗ്ലോബ് മാസ്റ്ററിന്റെ പ്രധാന പ്രത്യേകത. ഒരേസമയം രണ്ട് ഹെലികോപ്റ്റര്‍, ടാങ്ക്, മറ്റ് ആയുധനങ്ങള്‍, സര്‍വ്വ സന്നാഹങ്ങളുമായി 102 പട്ടാളക്കാര്‍ എന്നിവ വഹിക്കാന്‍ ഗ്ലോബ് മാസ്റ്ററിന് സാധിക്കും. അടിയന്തര രക്ഷാദൗത്യ നടപടിയില്‍ 320-ലേറെ പേരെ വഹിച്ച് പറന്നുയരാനും കഴിയും. ഗ്ലോബ് മാസ്റ്റര്‍ കൂടി രക്ഷാദൗത്യത്തിന് രംഗത്തെത്തുന്നതോടെ അതിവേഗത്തില്‍ കൂടുതല്‍ പേരെ തിരിച്ചെത്തിക്കാന്‍ സാധിക്കും.
റഷ്യ- ഉക്രൈന് യുദ്ധം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പൗരന്മാരെ ഉക്രൈനില്‍നിന്ന് തിരിച്ചെത്തിച്ച രാജ്യം ഇന്ത്യയാണ്. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന് ഗംഗ മിഷന്റെ ഭാഗമായി രണ്ട് വിമാനങ്ങള്‍ കൂടി ദല്‍ഹിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നും ബുക്കാറെസ്റ്റില്‍ നിന്നുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് ദല്‍ഹിയിലെത്തിയത്. രണ്ടിലുമായി 434 പേര് സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തി. ഓപ്പറേഷന് ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെയെത്തിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: