വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതി ഉത്തരവ് ഇടതുമുന്നണി സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടിയാണ്. ഈ കേസിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ നിരസിച്ചിട്ടുള്ളതാണെന്നും ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഏതുവിധേനയും തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോയത്. സിബിഐയുടെ അന്വേഷണത്തിന് തങ്ങളുടെ അനുമതി വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതിയും സുപ്രീംകോടതിയും ഒരുപോലെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇതോടെ ലൈഫ് മിഷന് അഴിമതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ മൊഴിയനുസരിച്ചാണ് ലൈഫ് മിഷനിലെ അഴിമതി പുറത്തുവന്നതും സിബിഐ കേസെടുത്തതും. ലൈഫ് മിഷന് പദ്ധതിയുടെ പേരില്‍ യുഎഇയിലെ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടനയുമായി ഒറ്റദിവസംകൊണ്ട് കരാറുണ്ടാക്കി അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ധാരണപ്രകാരം റെഡ്ക്രോസ് വഴി നടപ്പാക്കേണ്ട പദ്ധതി സര്‍ക്കാരിന്റെ നിയമവിരുദ്ധ ഇടപെടല്‍ വഴി യുണിടാക് എന്ന കമ്പനിക്ക് നല്‍കുകയായിരുന്നു.
ലൈഫ് മിഷന് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാതിരുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മുങ്ങിപ്പോയി. വേട്ടക്കാരനൊപ്പം നിന്ന് ഇരകള്‍ക്കുവേണ്ടി കണ്ണീര്‍പൊഴിക്കുന്ന ചില മാധ്യമങ്ങള്‍ ഇത് ഒരു അവസരമാക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് സംബന്ധിച്ച വാര്‍ത്ത ഈ മാധ്യമങ്ങള്‍ യുദ്ധവാര്‍ത്തകള്‍ക്കിടയില്‍ ഒളിപ്പിച്ചു. റെഡ്ക്രസന്റുമായുള്ള ലൈഫ് ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. ഇതില്‍നിന്ന് ലഭിച്ച കോഴപ്പണം പലര്‍ക്കായി വീതിക്കപ്പെടുകയും ചെയ്തു. കേസില്‍ സിബിഐ ചോദ്യം ചെയ്ത യുണിടാക് മേധാവിക്ക് പല കാര്യങ്ങളും സമ്മതിക്കേണ്ടി വന്നു. അഴിമതിയെക്കുറിച്ച് അറിവുള്ള, അതിനു കൂട്ടുനിന്ന ചിലര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തതുള്‍പ്പെടെയുള്ള തെളിവുകള്‍ സിബിഐ ശേഖരിച്ചിരുന്നു. ഇതൊക്കെ മുന്‍കൂട്ടിക്കണ്ടാണ് സിബിഐക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കിയത്. സിബിഐയുടെ കയ്യില്‍ പോകാതിരിക്കാന്‍ ലൈഫ്മിഷന് ഇടപാടു സംബന്ധിച്ച ഫയലുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുക്കുകയും ചെയ്തു. ഈ ഫയലുകള്‍ വിട്ടുകിട്ടാന്‍ സിബിഐക്ക് കോടതിയില്‍ പോകേണ്ടി വന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുണ്ടാസംഘത്തെപ്പോലെയാണ് ലൈഫ് മിഷന് കേസില്‍ ക്രൈംബ്രാഞ്ച് ഇടപെട്ടത്. സിബിഐ അന്വേഷണത്തിനുള്ള തടസ്സം നീങ്ങിയതോടെ ക്രൈംബ്രാഞ്ചിന്റെ ഈ പരാക്രമങ്ങളെല്ലാം വിഫലമായിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ ലൈഫ് മിഷന് അഴിമതിക്കേസ് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലനില്‍പ്പു പോലും അപകടപ്പെടുത്തുന്നതാണ്. ഈ അഴിമതിയുടെ കാരണഭൂതന് തന്നെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണമുയരുകയുണ്ടായി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് റെഡ്ക്രസന്റുമായുള്ള കരാര്‍ ഒപ്പുവച്ചത്. പണമിടപാടുകള്‍ നടന്നിട്ടുള്ളതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തവുമാണ്. ഇതുകൊണ്ടാണ് അന്വേഷണം തന്നിലേക്ക് നീളുമെന്നറിഞ്ഞ് ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കിയത്. അന്വേഷണം തടസ്സപ്പെടുത്തുന്നതിനു പുറമെ തെളിവു നശിപ്പിക്കല്‍ കൂടിയാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച ദൗത്യം. സ്വര്‍ണ കള്ളക്കടത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സെക്രട്ടറിയേറ്റിലെ ഫയലുകളും ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചവര്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. അധികാരത്തുടര്‍ച്ച ലഭിച്ചതോടെ അഴിമതിക്കേസുകള്‍ ആവിയായിപ്പോയിരിക്കുന്നു എന്നൊരു പ്രതീതി സൃഷ്ടിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. എന്തായിരുന്നാലും അന്വേഷണം തുടരാന്‍ സിബിഐക്ക് അനുമതി ലഭിച്ചതോടെ വീണ്ടും ആരോപണവിധേയരുടെ നെഞ്ചിടിപ്പ് വര്‍ധിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വപ്ന സുരേഷിനെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. ലൈഫ് മിഷന് ഇടപാടിലെ പ്രധാന കണ്ണിയായ സ്വപ്നയെ സിബിഐയും ചോദ്യം ചെയ്യാനുള്ള സാധ്യത വളരെക്കൂടുതലാണ്. അവരുടെ മൊഴി കൂടുതല്‍ അന്വേഷണത്തിനും അറസ്റ്റുകള്‍ക്കുപോലും വഴിവയ്ക്കാം. കേസില്‍ സിബിഐയുടെ അടുത്ത നീക്കം എന്താണെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. ഉപ്പുതിന്ന ഓരോരുത്തരും വെള്ളം കുടിക്കുമെന്ന് ഉറപ്പുവരുത്താന്‍ സിബിഐക്ക് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: