തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ അധ്യാപകന് ഡോ.എസ്. സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സിയാണ് അന്വേഷണ വിധേയമായി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചു നില്‍ക്കുകയാണ്.
അധ്യാപകനെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലടക്കം ക്യാമ്പയിനുകള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ പ്രധാന കുറ്റങ്ങളെ പരിഗണിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
കോളജില്‍ വിസിറ്റിങ് പ്രൊഫ. ആയി എത്തിയ അധ്യാപകന് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും അധ്യാപകനെതിരെ നടപടി വൈകിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം രാത്രി 11 വരെ സ്കൂളിലെ അധ്യാപകരെ പൂട്ടിയിട്ടു പ്രതിഷേധിച്ചു. പിന്നീട് രാത്രിവൈകി ഈസ്റ്റ് പോലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ നവംബറില്‍ നടന്ന സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചത് വൈകിയാണെന്നാണ് അധ്യാപകര്‍ പറയുന്നത്. കൂടാതെ കോളജിലെ പ്രശ്നങ്ങളില്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചതിന്റെ ദേഷ്യമാണ് വിദ്യാര്‍ഥികള്‍ക്കെന്നും ആക്ഷേപമുണ്ട്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ ക്ലാസ് എടുക്കാന്‍ എത്തിയ വിസിറ്റിംഗ് ഫാക്കല്‍റ്റി ആയ അധ്യാപകന് ക്ലാസിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയോട് വളരെ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായാണ് പരാതി.
തുടര്‍ന്ന് ഒരുദിവസം ക്ലാസ് നടക്കുന്നതിനിടയില്‍ വളരെ അപ്രതീക്ഷിതമായി യാതൊരു പ്രകോപനവും കൂടാതെ അതേ വിദ്യാര്‍ത്ഥിനിയെ അടിക്കുകയും അതിന്റെ കാരണം അന്വേഷിച്ച വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: