ശിവപ്രസാദ് പട്ടാമ്പി
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരാരവത്തിന് കാതോര്‍ത്ത് നാട്. മധ്യകേരളത്തിലെ പ്രമുഖക്ഷേത്രോത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരം നാളെ നടക്കും. കോവിഡ് നിയന്ത്രണ ഇളവുകളെത്തുടര്‍ന്ന് ആഘോഷം പ്രൗഡിയൊട്ടും ചോരാതെ നടത്താന്‍ മുഖ്യ പങ്കാളികളായ വടക്കാഞ്ചേരി , കുമരനെല്ലൂര്‍, എങ്കക്കാട് ദേശങ്ങള്‍. ആചാരാനുഷ്ഠാനങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരുങ്ങി കഴിഞ്ഞു. എഴുന്നള്ളിപ്പിന് ഓരോ ദേശങ്ങളും ഏഴ് ആനകളെ വീതമാണ് അണിനിരത്തുന്നത്. ദീപാലംകൃതമായ ബഹുനിലകാഴ്ച പന്തലുകളും ആനച്ചമയ പ്രദര്‍ശനവും ഉത്സവ പ്രേമികള്‍ക്ക് മതിവരാകാഴ്ചകളായി.
നാളെ പകല്‍ 12 മണിയോടെ കുമരനെല്ലൂര്‍ ദേശത്തിന്റെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലേക്ക് പുറപ്പെടും. ഗജരാജന്‍ പുതുപ്പള്ളി കേശവന് തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കരിയന്നൂര്‍ നാരായണന് നമ്പൂതിരിയും മേളത്തിന് വെള്ളിത്തിരുത്തി ഉണ്ണി നായരും പ്രമാണിത്വം വഹിക്കും. വടക്കാഞ്ചേരി ദേശം 12ന് ശിവക്ഷേത്രസന്നിധിയില്‍ ഒരുക്കുന്ന വിശ്വവിഖ്യാതമായ നടപ്പുര പഞ്ചവാദ്യം വാദ്യഗോപുരം തീര്‍ക്കും .
തുടര്‍ന്ന് സായുധ പോലീസ് അകമ്പടിയോടെ രാജകീയ ഘോഷയാത്ര ഉത്രാളിക്കാവിലേക്ക് നീങ്ങും. പമ്പാടി രാജനാണ് തിടമ്പേറ്റുക. പഞ്ചവാദ്യത്തിന് തിരുവല്വാമല ഹരിയും മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന് കുട്ടി മാരാരും നേതൃത്വം വഹിക്കും. എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പില്‍ തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയന്‍മാരാരും മേളത്തിന് കലാനിലയം ഉദയന്‍ നമ്പൂതിരിയും പ്രമാണിത്വം വഹിക്കും.
വൈകിട്ട് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പും ആവേശാരവം തീര്‍ക്കും. കരിമരുന്നു പ്രയോഗവും ഉണ്ടാകും. രാത്രി തായമ്പക,കേളി, കൊമ്പു പറ്റ്, നാദസ്വരം എന്നിവയും ഉണ്ടാവും. മുഖ്യ പങ്കാളിത്ത ദേശങ്ങളായ വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂര്‍ ദേശങ്ങള്‍ ഒരുക്കിയ ആനച്ചമയ പ്രദര്‍ശനം ഇന്നു നടന്നു. ചമയ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്.
വടക്കാഞ്ചേരി ദേശം ശിവക്ഷേത്രപരിസരത്തും കുമരനെല്ലൂര്‍ ദേശം കുന്നംകുളം റോഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലും എങ്കക്കാട് ദേശം ഉത്രാളിപ്പാടത്തുമാണ് ചമയ പ്രദര്‍ശനം നടത്തിയത്. മൂന്നു ദേശങ്ങളും ഒരുക്കിയ ദീപാലംകൃതമായ കൂറ്റന്‍ ബഹുനില കാഴ്ചപ്പന്തലുകളും സുന്ദരക്കാഴ്ചയായി. വടക്കാഞ്ചേരി ദേശം സംസ്ഥാനപാതയോരത്ത് ഓട്ടുപാറ പുഴപ്പാലത്തിന് സമീപവും മറ്റ് രണ്ടു ദേശങ്ങളും ഉത്രാളിക്കാവ് ക്ഷേത്രത്തിന് ഇരുവശവുമാണ് പന്തലുകള്‍ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: