തിരുവനന്തപുരം: കെവിഡ് വ്യാപന നിയന്ത്രണത്തില്‍ നിന്ന് മുക്തി നേടി മലയാള സിനിമ ലോകം. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം, ടൊവിനോയുടെ നാരദന് എന്നി സിനിമകളാണ് നൂറു ശതമാനം സീറ്റിങ്ങില്‍ മൂന്നാം തിയതി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഭീഷ്മ പര്‍വ്വം സിനിമയുടെ ആദ്യ ദിവസബുക്കിങ്ങ് ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തില്‍ അഞ്ചൂറില്‍ അധികം സ്ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. കൊവിഡ് കാലത്ത് ഉറങ്ങിയ പ്രീസ്റ്റിന് ശേഷം മമ്മൂട്ടിയുടേതായി തിയറ്ററില്‍ എത്തുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം.
അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തുന്ന ഭീഷ്മ പര്‍വ്വം പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. യുട്യൂബില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യപ്പെട്ട ടീസര്‍ 15 മണിക്കൂര്‍ കൊണ്ട് നേടിയത് 23 ലക്ഷത്തോളം കാഴ്ചകളാണ്. 2.61 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമന്റുകളും വീഡിയോയ്ക്കു താഴെയുണ്ട്. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം ടീസര്‍ റിയാക്ഷന് വീഡിയോകള്‍ എത്തിയതും ഈ ടീസറിന് ആയിരുന്നു. ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
തിയറ്ററുകള്‍ക്ക് പുറമെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികളിലെ കൊവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കി.
ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങള്‍ കൊവിഡിന് മുമ്പുള്ള സമയക്രമത്തില്‍ പ്രവര്‍ത്തിക്കാം. ഇതോടെ രാത്രി ഒമ്പത് വരെ പ്രവര്‍ത്തനം നിജപ്പെടുത്തിയ ബാറുകള്‍ക്ക് രാത്രി 11 വരെ തുറക്കാം. പൊതുപരിപാടികള്‍ക്കും 25 സ്ക്വയര്‍ മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാനും അനുമതി നല്കി.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഓഫിസുകളിലെയും മീറ്റിങ്ങുകള്‍ ട്രെയിനിങ്ങുകള്‍ എന്നിവ ഓഫ്ലൈനായും നടത്താം. ഇളുകള്‍ പ്രഖ്യാപിച്ചെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകണം ഒത്തുചേരലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: