കൊല്ലം: 2009ല്‍ തുടക്കമിട്ട് മാസങ്ങള്‍ക്കകം മരവിപ്പിച്ചതാണ് മണല്‍ കലവറ എന്ന പദ്ധതി. ആവശ്യക്കാരുടെ എണ്ണത്തിലെ വര്‍ധനവും പൊതുസമൂഹത്തിന്റെ ഇടപെടലും കാരണം 2017 ജൂണില്‍ വീണ്ടും നാടിന് ആശ്വാസമായി പദ്ധതി പുനരാരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ നിശ്ചലമാണ് ഈ സംവിധാനം.
കുളത്തൂപ്പുഴയിലെ വനം വകുപ്പ് അധീനതയിലുള്ള വനശ്രീ മണല്‍കലവറ കേന്ദ്രത്തില്‍ നിന്നുള്ള മണല്‍ വിതരണം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതോടെ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവര്‍ അടക്കം സാധാരണക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു. നിര്‍മാണ ആവശ്യങ്ങള്‍ക്കായി പതിനായിരങ്ങള്‍ ചെലവഴിച്ചു മണല്‍ മാഫിയകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് കിഴക്കന്‍ മേഖലയിലുള്ളത്. മണല്‍ സമൃദ്ധമാണെന്ന് പറയപ്പെടുന്ന മില്‍പ്പാലം, ചോഴിയക്കോട് തീരങ്ങളില്‍ നിന്ന് മണല്‍ ഖനനം നടത്തുന്നതാണ് പദ്ധതി.
വനം വകുപ്പിന്റെ കുളത്തൂപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്നതാണ് മില്‍പാലം, ചോഴിയക്കോട് കടവുകള്‍. ഇവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണല്‍ വനം വകുപ്പിന്റെ തടി ഡിപ്പോയ്ക്ക് സമീപമുള്ള യാര്‍ഡില്‍ എത്തിച്ചായിരുന്നു മണല്‍ വിതരണം. എന്നാല്‍ 2021ല്‍ നിലച്ച മണല്‍വിതരണം ഇനിയും ആരംഭിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതോടെ വീട് നിര്‍മാണം ആരംഭിച്ച സാധാരണ ജനങ്ങള്‍ക്കൊപ്പം വനശ്രീ മണല്‍ വിതരണ കേന്ദ്രത്തെ ആശ്രയിച്ച് ജീവിക്കുന്ന വനം സംരക്ഷണ സമിതിയില്‍ ഉള്‍പ്പെടുന്ന തൊഴിലാളി കുടുംബങ്ങളും ദുരിതത്തിലാണ്.
സ്വകാര്യ എം സാന്റ്, പി സാന്റ് കമ്പനികളെ സഹായിക്കാന്‍ മണല്‍ ശേഖരണം തടസപ്പെടുത്തുന്ന റിപ്പോര്‍ട്ട് നല്‍കിയതാണ് ഇപ്പോഴത്തെ പ്രധാന തടസമത്രെ. കല്ലടയാറ്റില്‍ വന്‍ മണല്‍ ശേഖരം അടിഞ്ഞുകൂടിയതോടെ ചെറിയ മഴപെയ്താല്‍ പോലും വെള്ളപ്പൊക്ക ഭീഷണിയാണ്. മണല്‍ നിറഞ്ഞതോടെ കല്ലടയാറും ഗതിമാറി ഒഴുകുന്നു. ഇതെല്ലാം കണ്ടിട്ടും മണല്സംഭരിക്കാന് അനുമതി നല്‍കാത്ത അധികൃതരുടെ നിലപാട് വലിയ പ്രതിഷേധങ്ങളിലേക്കാണ് നീങ്ങുന്നത്.
അതേസമയം ജിയോളജി വകുപ്പിന്റെ അനുമതി ലഭിക്കാനുള്ള കാലതാമസമാണ് മണല്‍ വിതരണം വൈകാനുള്ള യഥാര്‍ഥ കാരണമെന്നു വനം വകുപ്പ് അധികൃതര്‍ പറയുന്നു.
സമ്പന്നമായ മണല്‍നിക്ഷേപം
വനത്തിനുള്ളില്‍ അടിക്കടിയുള്ള ഉരുള്‍പൊട്ടലുകള്‍ അടിത്തട്ടില്‍ വലിയ മണല്‍ നിക്ഷേപമൊരുക്കി. റിവര്‍ മാനേജ്മെന്റ് അതോറിറ്റി രണ്ട് തീരങ്ങളിലും മണല്‍ഖനനം നടത്തുകയും പ്രദേശത്ത് ഖനനം സാധ്യമായതും അഭികാമ്യവുമായ പ്രവര്‍ത്തനം കണ്ടെത്തുകയും ചെയ്തതാണ്. ഓരോ പോയിന്റില്‍ നിന്നും 5,500 ക്യുബിക് മീറ്റര്‍ ഖനനം ചെയ്യാനാകുമെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: