ഉദുമ: കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുമെന്ന ഇടത് സര് ക്കാരിന്റെ പ്രഖ്യാപനത്തില്‍ കാസര്‍കോട്ടെ കന്നഡ അടക്കമുള്ള വിവിധ ഭാഷാ ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍. മലയാളം പഠിച്ചിട്ടില്ലാത്തവര്‍ ജോലിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനുള്ളില്‍ ഭാഷാ പ്രാവീണ്യം പരീക്ഷ പാസാകണമെന്നാണ് നിലവിലെ നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. ഇത് നടപ്പിലായാല്‍ കന്നഡക്കാര്‍ക്ക് അടക്കമുള്ളവര്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള അവസരത്തെ ബാധിക്കുമെന്നാണ് ആക്ഷേപം.
ഇവര്‍ക്ക് പ്രൊബേഷനറി കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മലയാളം പഠിക്കേണ്ടി വരും. കന്നഡ സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. സപ്തഭാഷ സംഗമഭൂമിയെന്നറിയപ്പെടുന്ന കാസര്‍കോട് ജില്ലയില്‍ ഏഴ് ഭാഷകള്മാത്രമല്ല ഉള്ളത്. തുളു, മറാത്തി, കൊങ്കണി, ബ്യാരി, ഉറുദു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും ജില്ലയിലുണ്ട്.
ജില്ലയില്‍ ഏകദേശം 175 കന്നഡ മീഡിയം സ്കൂളുകളുണ്ട്. ഇവിടങ്ങളില്‍ 44,000 കുട്ടികളുണ്ട്. ജില്ലയില്‍ കന്നഡ സംസാരിക്കുന്നവരില്‍ ഭൂരിഭാഗവും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലാണ് താമസിക്കുന്നത്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് കര്‍ണാടക സമിതി പ്രസിഡന്റും അഭിഭാഷകനുമായ കെ.എം. ബല്ലാകുരയ്യ പറഞ്ഞു.
കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി ചെയര്മാന് ഡോ.കെ.സോമശേഖരും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുമെന്നാണ് ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരില്‍ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കും മുന്‍പ് ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്ന് മലയാളം മിഷന്റെ മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: