അരൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവ, പ്രസവാനന്തര വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രി കെട്ടിടത്തിലെ ഒന്നാം നിലയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയാണ് ലേബര്‍ റൂം, ഓപ്പറേഷന് തിയേറ്റര്‍ തുടങ്ങിയവ ദീര്‍ഘകാലമായുള്ള ആവശ്യത്തിനൊടുവില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഒരേ സമയം രണ്ട് ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന വിധത്തിലാണ് പ്രസവമുറി. 9 കിടക്കകളും അത്യാഹിത വിഭാഗത്തില്‍ 2 പേരെ നീരീക്ഷിക്കാനായി കിടക്കകളും ഉണ്ട്.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗൈനക്കോളജി ഡോക്ടര്‍മാരായ ലീനാ ജോസ്, നീനാ ചന്ദ്രന് ,വിഷ്ണുപ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കൂടാതെ 2 ശിശുരോഗ വിഭാഗം ഡോക്ടര്‍മാരുടെയും സേവനമുണ്ടാകും.പതിറ്റാണ്ടുകള്‍ക്ക് പ്രസവചികിത്സ നിലച്ച ആശുപത്രിയില്‍ വീണ്ടും അത് പുനരാംഭിച്ചത് നൂറ് കണക്കിന് പേര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ ഗൈനക്കോളജി വിഭാഗത്തില്‍ തിരക്ക് വര്‍ദ്ധിക്കുന്നതോടെ ആവശ്യത്തിന് ഡോക്ടര്‍മാരടക്കം ജീവനക്കാരെ വേണ്ടി വരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വനിതാ,ശിശു വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ ഉദ്ഘാടനത്തിനു ശേഷം പ്രവര്‍ത്തനമാരംഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: