കയ്‌പമംഗലം (തൃശൂർ ) : നാല് പതിറ്റാണ്ടോളം മുന്‍പ് ജീവിതമാര്‍ഗം തേടി വിദേശത്ത് പോയി നാടും വീടുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്ന കയ്‌പമംഗലം സ്വദേശി ചന്ദ്രന്‍ തിരികെ നാട്ടിലെത്തി. ശരീരം പാതി തളര്‍ന്ന് ഓര്‍മശേഷി കുറഞ്ഞ നിലയില്‍ കുവൈറ്റിലെ ആശുപത്രിയില്‍ കണ്ടെത്തിയ ചന്ദ്രനെ ഇന്ത്യന്‍ എംബസി മുഖേന സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. പതിറ്റാണ്ടുകളായി ചന്ദ്രന്റെ വരവും കാത്തിരുന്ന ഭാര്യ യശോദ കഴിഞ്ഞ വര്‍ഷം മരിച്ചുപോയി.
കാളമുറി കിളിക്കോട്ട് വീട്ടില്‍ ചന്ദ്രന് ഇപ്പോള്‍ പ്രായം 68. ബന്ധു മുഖേന കിട്ടിയ ജോലിക്കാണ് ചന്ദ്രന്‍ 38 വര്‍ഷം മുന്‍പ് ബഹറിനിലേക്ക് പറന്നത്. പറക്കമുറ്റാത്ത 4 കണ്‍മണികളെ ഭാര്യ യശോദയുടെ കൈകളില്‍ ഏല്‍പ്പിച്ചായിരുന്നു അന്നം തേടിയുള്ള ചന്ദ്രന്റെ യാത്ര. മക്കളായ സിന്ധു (3), സന്ധ്യ (2), സ്വപ്ന (1), 90 ദിവസം പ്രായമുള്ള സുധി എന്നിവര്‍ക്ക് അച്ഛന്റെ വാത്സല്യങ്ങളും അതോടെ സ്വപ്‌നം മാത്രമായി.
ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മാറിമറിഞ്ഞു. ബഹറിനിലേക്ക് പോയ ചന്ദ്രൻ കാണാമറയത്തായി. എവിടെയെന്നോ എന്താണെന്നോ അറിയാതെ കുടുംബം തീ തിന്ന് വേദനിച്ച നിമിഷങ്ങളിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. പക്ഷേ, ചന്ദ്രന്റെ വിളിയെത്തിയില്ല. അറിയാവുന്നവര്‍ മുഖേന ചന്ദ്രനെ ബഹറിനിലാകെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. കാലങ്ങള്‍ പോയതോടെ ചന്ദ്രന്റെ നാല് കുഞ്ഞുങ്ങളും വളര്‍ന്നു വലുതായി. കുടുംബാംഗങ്ങളുടെ സഹായത്തോടെ എല്ലാ മക്കളേയും ചന്ദ്രന്റെ ഭാര്യ യശോദ വിവാഹം കഴിച്ചയച്ചു. മക്കള്‍ക്ക് കുട്ടികളുമായി. ഭര്‍ത്താവിനെ കുറിച്ചുള്ള ആധിയില്‍ കഴിഞ്ഞിരുന്ന യശോദ ഒരു വര്‍ഷം മുന്‍പ് മരിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ചന്ദ്രന്റെ ജ്യേഷ്ഠന്റെ മകള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ കണ്ട ഒരു സന്ദേശമാണ് പുതിയ വഴിത്തിരിവായത്. അബോധാവസ്ഥയില്‍ കുവൈറ്റ് അദാന്‍ ആശുപ്പത്രിയിലുള്ള ചന്ദ്രന്റെ ഫോട്ടോയും പാസ്‌പോര്‍ട്ട് കോപ്പിയും സഹിതം വിലാസത്തിലുള്ള ആളുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്ന സന്ദേശമായിരുന്നു അത്. ചന്ദ്രനെ തിരിച്ചറിഞ്ഞ സഹോദരന്റെ മക്കള്‍ ചാവക്കാടുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ഷായുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ സോഷ്യല്‍ വര്‍ക്കറായ സലിം കൊമേരിയെ വിവരം ധരിപ്പിക്കുകയും ചന്ദ്രന്‍ ജോലി ചെയ്തിരുന്ന സ്‌പോണ്‍സറെ കണ്ടെത്തുകയുമായിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത മലയോരത്ത് ആടുകളെ മേയ്‌ക്കലായിരുന്നു ചന്ദ്രന് ജോലിയെന്ന് അറിയാന്‍ കഴിഞ്ഞു. ആശുപത്രിയിലെ ബില്ലടച്ച ശേഷം സലിമിന്റെ നേതൃത്വത്തില്‍ ചന്ദ്രനെ നാട്ടിലെത്തിച്ചു.
നാട്ടിലെത്തിയ ചന്ദ്രനെ പരിചരിക്കാനായി ഇളയ മകള്‍ സ്വപ്ന വാടകക്ക് വീട് എടുത്തിരിക്കയാണ് ഇപ്പോള്‍. ശരീരം പാതി തളര്‍ന്ന ചന്ദ്രന് വീല്‍ ചെയറില്‍ പരസഹായത്തോടെ വേണം ദൈനംദിന കാര്യങ്ങള്‍ നടത്താന്‍. ഭാര്യ യശോദയെ മാത്രം ചന്ദ്രന്‍ ഓര്‍ത്തെടുത്ത് തിരക്കി. ബാക്കി കാര്യങ്ങളൊന്നും വ്യക്തമായി ഓര്‍മയില്ല. പതിയെ പതിയെ ജനിച്ചുവളര്‍ന്ന നാടും സഹോദരങ്ങളും ചന്ദ്രന്റെ ഓര്‍മയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: