ചെറിയ ഒരു ഇടവേളയ്ക്കുശേഷം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ മറ്റൊരു രക്ഷാദൗത്യത്തിന്റെ ഒത്തനടുവിലാണ് ഭാരതം. റഷ്യ, ഉക്രൈനെ ആക്രമിച്ച് മുന്നേറുന്നതിനിടെ അവിടുത്തെ ഭാരത പൗരന്മാരെ രാജ്യത്ത് സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്ന ദൗത്യമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരവാദികള്‍ അധികാരം പിടിച്ചതിനെത്തുടര്‍ന്ന് അവിടുത്തെ ഭാരതീയരെ യുദ്ധകാലാടിസ്ഥാനത്തില്‍ മടക്കിക്കൊണ്ടുവരുന്നതിനുവേണ്ടി ഓപ്പറേഷന് ദേവീശക്തി എന്നു പേരിട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ രക്ഷാദൗത്യം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. താലിബാനെ അംഗീകരിക്കാത്ത രാജ്യങ്ങളിലൊന്നാണ് ഭാരതം. ശത്രുതാപരമായാണ് അവര്‍ നമ്മോട് പെരുമാറിക്കൊണ്ടിരുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന് വാഴ്ചയെ അംഗീകരിക്കുകയാണ് വേണ്ടതെന്നും, എങ്കില്‍ മാത്രമേ അവിടെനിന്നുള്ള ഭാരത പൗരന്മാരെ മടക്കിക്കൊണ്ടുവരാന്‍ കഴിയൂ എന്നും പല കോണുകളില്‍നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊരു വിട്ടുവീഴ്ച ചെയ്യാതെതന്നെ അവസാനത്തെയാളെയും രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന് ദേവീശക്തി മിഷനിലൂടെ കഴിഞ്ഞു. മോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രമകരമായ ഒരു നയതന്ത്രദൗത്യം കൂടിയായിരുന്നു ഇത്. ഈ രക്ഷാദൗത്യം സമ്പൂര്‍ണ വിജയമായതോടെ ദേവീശക്തി മിഷന്റെ വിമര്‍ശകര്‍ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഉക്രൈനിലേതെങ്കിലും ഭാരതം നേരിടുന്ന വെല്ലുവിളികള്‍ക്ക് സമാനതകളുണ്ട്. റഷ്യ നടത്തുന്ന യുദ്ധത്തെ അപലപിക്കാത്തതിനാല്‍ ഉക്രൈനിലെ ഭരണസംവിധാനത്തിന്റെ അനുഭാവം പൂര്‍ണമായ തോതില്‍ ഭാരതത്തിനില്ല. റഷ്യയ്ക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു ഭാരതം. ഉക്രൈനിലെ സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടുവരുന്നതിന് ഇത് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിങ്ങളുടെ രാജ്യം ഞങ്ങളെ പിന്തുണയ്ക്കുന്നില്ല, പിന്നെ ഞങ്ങളെന്തിന് നിങ്ങളെ സഹായിക്കണം എന്നാണത്രേ ഉക്രൈന് സേന ഭാരത പൗരന്മാരോട് ചോദിക്കുന്നത്. യുദ്ധത്തിന്റെ നടുവിലായിരിക്കുന്നതിനാല്‍ ഉക്രൈനില്‍നിന്ന് നേരിട്ട് വിമാനമാര്‍ഗം ആളുകളെ കൊണ്ടുവരാനാവില്ല. ഉക്രൈന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, റുമാനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ എത്തിച്ചശേഷം അവിടങ്ങളിലേക്ക് വിമാനങ്ങളയച്ചാണ് രക്ഷാദൗത്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷന് ഗംഗ എന്ന പേരിലുള്ള ഈ ദൗത്യം വഴി ഇതിനകം മലയാളികളടക്കം നിരവധിയാളുകളെ രാജ്യത്ത് എത്തിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ചെലവിലാണ് ഇത്. ഉക്രൈനിലുള്ള ഭാരത പൗരന്മാര് കാല്‍നടയായും അല്ലാതെയും അയല്‍രാജ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലെ എംബസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സഹമന്ത്രിയായ വി. മുരളീധരനും നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.
റഷ്യന്‍-ഉക്രൈന് യുദ്ധത്തില്‍ വളരെ സങ്കീര്‍ണമായ നയതന്ത്ര നിലപാട് സ്വീകരിക്കേണ്ടിവരുന്ന രാജ്യമാണ് ഭാരതം. യുദ്ധത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഉക്രൈനിലെ പ്രത്യക്ഷ ആക്രമണകാരിയായ റഷ്യയെ തള്ളിപ്പറയാന്‍ ഭാരതത്തിനാവില്ല. നമ്മുടെ പ്രതിരോധ താല്പര്യം സംരക്ഷിയ്ക്കാനായി സുഹൃത് രാജ്യമായ റഷ്യയെ പിണക്കാതിരിക്കുന്നത് ദേശീയ താല്പര്യം മുന്‍നിര്‍ത്തി ചിന്തിക്കുന്ന നയതന്ത്ര വിദഗ്ധരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യം മനസിലാക്കാന്‍ കൂട്ടാക്കാതെ ഭാരതത്തിന്റെ രക്ഷാദൗത്യം വഷളാക്കാനാണ് ചിലര്‍ നോക്കുന്നതെന്ന് പറയാതെവയ്യ. ഇത് എങ്ങനെയെങ്കിലുമൊന്ന് പരാജയപ്പെട്ട് കിട്ടിയാല്‍ മതി എന്നാണ് ഇക്കൂട്ടരുടെ ഉള്ളിലിരിപ്പ്. 20,000-ലേറെ ഭാരത പൗരന്മാരാണ് ഉക്രൈനിലുള്ളത്. ഇവരില്‍ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളുമാണ്. യുദ്ധഭൂമിയില്‍ പലതരം പ്രതിസന്ധികളും വിഷമതകളുമാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. എംബസിയുടെ നിര്‍ദ്ദേശമില്ലാതെ ആരുംതന്നെ അതിര്‍ത്തിയിലേക്ക് നീങ്ങരുതെന്ന അറിയിപ്പ് പലരും അവഗണിച്ചത് പ്രശ്നമായി. പിന്നീട് ഭാരതത്തിന്റെ ദേശീയപതാകയുമായി നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബങ്കറിലും ഉക്രൈനിന്റെ അതിര്‍ത്തിയിലും കഴിയുന്നവരെ ഫോണ്‍ വഴിയും മറ്റും ബന്ധപ്പെട്ട് ആകെ പ്രശ്നമാണെന്നും, സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും മറ്റും വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചത് അപലപനീയമാണ്. റഷ്യ-ഉക്രൈന് യുദ്ധത്തില്‍ ഭാരതത്തെ വലിച്ചിഴച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വെമ്പല്‍കൊള്ളുന്ന ശക്തികളാണ് ഇതിനു പിന്നില്‍. ഇവരെ നിരാശപ്പെടുത്തിക്കൊണ്ട് ഓപ്പറേഷന് ഗംഗ വിജയകരമായി മുന്നേറുന്നതില്‍ ഓരോ പൗരനും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: