പതിനെട്ടു ദിവസത്തെ മഹാഭാരതയുദ്ധം അവസാനിച്ചു. പാണ്ഡവപക്ഷം വിജയംകണ്ടു. യുധിഷ്ഠിരനെ രാജാവാക്കി വാഴിച്ചു. ധൃതരാഷ്ട്രന് കൊട്ടാരത്തില്‍ത്തന്നെ ഗാന്ധാരിയുമൊത്ത് കഴിഞ്ഞുകൂടുന്നു. ഭീമാദികള്‍ക്ക് രാജാവ് ഓരോരോ ചുമതലകള്‍ ഏല്പിച്ചു. വല്യച്ഛനായ ധൃതരാഷ്ട്രനെ എല്ലാത്തരത്തിലും ബഹുമാനിക്കുവാന്‍ എല്ലാവരോടും രാജാവു കല്പിച്ചു.
ദേശകാലോചിതമായി രാജ്യാംഗങ്ങള്‍ പറഞ്ഞതുകേട്ട യുധിഷ്ഠിരന് ഭരണകാര്യങ്ങളില്‍ ഇങ്ങനെ ഉത്തരവിട്ടു. ”എന്റെ പരദൈവമായ അച്ഛന് ധൃതരാഷ്ട്രമഹാരാജാവ് പറയുന്ന കാര്യത്തില്‍ എന്നോടിഷ്ടമുള്ളവര്‍ എല്ലാവരും ഉറച്ചുനില്‍ക്കണം. ബന്ധുനിഗ്രഹമേറ്റിട്ടും ഞാന്‍ ഇതിന്നായി ജീവിക്കുന്നു. അദ്ദേഹത്തിനുവേണ്ട ശുശ്രൂഷ എല്ലാവരും ചെയ്യണം. ധൃതരാഷ്ട്രനോട് മുന്മട്ടുള്ളരീതിയില് പ്രവര്‍ത്തിക്കണം. ഇവന് നിങ്ങള്‍ക്കും നാഥനാണ്. ഈ ജഗത്തിനു നാഥനാണ്. ഓരോ പാണ്ഡവരും ഈ ഭൂമിയും ഇവന്റേതാണ്. നിങ്ങളേവരും എന്റെ ഈ വാക്ക് ഉള്ളില്‍ വെച്ചോളണം.”
ഭീമസേനനെ ഉപരാജാവായി വെച്ചു. മന്ത്രത്തിലും തീര്‍പ്പിലും, ഷഡ്ഗുണപരമായ ആലോചനയിലും ബുദ്ധിയേറ്റമുള്ള വിദുരനെ വെച്ചു. സര്‍വ്വഗുണങ്ങളും തികഞ്ഞ വൃദ്ധനായ സഞ്ജയനെ കൃതാകൃതങ്ങളും വരവുചെലവുകളും നോക്കുവാന്‍ വെച്ചു. സൈന്യത്തിന്റെ പരിമാണം, ശമ്പളം, പ്രവൃത്തി, നോട്ടം എന്നിവ നകുലനെ ചുമതലപ്പെടുത്തി. ദുഷ്ടരെ മര്‍ദ്ദിക്കുക തടവിലിടുക എന്നിവയ്ക്ക് അര്‍ജ്ജുനനെ വെച്ചു. വിപ്രകാര്യം, ദേവകാര്യം, മറ്റുകാര്യങ്ങള്‍ എന്നിവയ്ക്കായി ധൗമ്യനെ വെച്ചു. എപ്പോഴും കൂടെനില്‍ക്കുവാന്‍ സഹദേവനെയും നിശ്ചയിച്ചു. ഏതേതവരെ ഏതേതില്‍ യോഗ്യരായിട്ടു കണ്ടുവോ അതാതില്‍ അവരെ വെച്ചു. വിദുരന്‍, സഞ്ജയന്, ധീമാന്‍, യുയുത്സു എന്നിവരോട് ധര്‍മ്മാത്മാവായ രാജാവു പറഞ്ഞു: ”എന്റെ അച്ഛനാകുന്ന ഈ രാജാവ് ഉണര്‍ന്നേറ്റാല്‍ തെറ്റുകൂടാതെ എല്ലാ കാര്യവും ശരിയാംവണ്ണം ചെയ്തുകൊള്ളണം. പൗരന്മാര്ക്കും നാട്ടുകാര്‍ക്കും വേണ്ടുന്ന കാര്യങ്ങളെല്ലാം രാജാവിനോട് പറഞ്ഞു സമ്മതിപ്പിച്ചിട്ട് എല്ലാവരും ഭംഗിയായി ഭാഗിച്ചുചെയ്യണം.”
ഉദാരമതിയായ യുധിഷ്ഠിരമഹാരാജാവ് പോരില്‍ മരിച്ച ബന്ധുക്കള്‍ക്കെല്ലാവര്‍ക്കും വെവ്വേറെ ശ്രാദ്ധമനുഷ്ഠിച്ചു. ധൃതരാഷ്ട്രന് മക്കള്‍ക്കും ബലിയിട്ടു. നിഷ്കണ്ടകമായ രാജവാഴ്ച യുധിഷ്ഠിരനെയും അനുജന്മാരെയും ഒന്നു തണുപ്പിച്ചുകൊണ്ട് മുന്നോട്ടുപോയി.
(അത്തിധ്രുവം എന്ന് മുമ്പ് പറഞ്ഞിട്ടുള്ളത് ഔദുംബരത്തെക്കുറിച്ചാണ്. ഈ വാക്ക് ഹരിനാമകീര്ത്തനത്തില്ക്കൂടി മലയാളിക്ക് നല്ലവണ്ണം അറിയാം. ഹരിനാമ വ്യാഖ്യാതാക്കളില്‍ 95ശതമാനവും ഔദുംബരത്തിന് അത്തിമരത്തിന്റെ ഫലം എന്നാണ് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്; തെറ്റല്ലെന്നു പറയാം. എന്നാല്‍ ഹരിനാമകീര്‍ത്തന സങ്കല്പത്തില് കുറേക്കൂടി അര്‍ത്ഥവത്തായി തോന്നുന്നത് ഇവിടെ ഇനി പറയാന്‍പോകുന്ന ഔദുംബരമാണ്. രാജാക്കന്മാരെ രാജ്യാഭിഷേകം ചെയ്യുമ്പോള്‍ അത്തിമരത്തിന്റെ തടിയില്‍ തീര്‍ത്ത ഒരു പീഠത്തില്‍ ഇരുത്തിയാണ് അഭിഷേകം ചെയ്യുക. അതിന് ഔദുംബരം എന്നു പറയുന്നു. വാല്മീകിരാമായണത്തില് (ബാലകാണ്ഡം) രാമന്റെ രാജ്യാഭിഷേകം നടത്താനൊരുങ്ങുമ്പോള്‍ ഈ പീഠമൊരുക്കിയതായി കാണുന്നുണ്ട്. ഇവിടെ മഹാഭാരതത്തിലും യുധിഷ്ഠിരന്റെ രാജ്യാഭിഷേകച്ചടങ്ങില് ഈ ഔദുംബരം ഉപയോഗിക്കുന്നതായി കാണുന്നു. അതിനെയാണ് അത്തിധ്രുവം എന്നു വ്യാസന് പറഞ്ഞത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: