ബെംഗളൂരു: വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാവശ്യ വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള സര്‍ജാപൂരിലെ ഗ്രീന്‍വുഡ് ഹൈ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്കാദമിക് വിദഗ്ധരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ യൂണിഫോമിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് നായിഡു വിദ്യാര്‍ത്ഥികളോട് യൂണിഫോം തന്നെയാണ് സ്കൂളിലെ എല്ലാമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം, ചടുലത, അര്‍പ്പണബോധം എന്നിവയാണ് കുട്ടികള്‍ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ ശക്തി നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലാണെന്ന് നായിഡു വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഒരു വിവേചനവും പാടില്ലെന്ന് നായിഡു പറഞ്ഞു. ജാതി, മതം, ലിംഗഭേദം, മതം, പ്രദേശം എന്നിവയൊന്നും പരിഗണിക്കാതെ, നാമെല്ലാവരും ഒന്നാണ്. നമ്മള് ഇന്ത്യക്കാരാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് നിരവധി ഭാഷകളും സംസ്കാരങ്ങളും വസ്ത്രങ്ങളും ഉണ്ട്. എന്നാല്‍ അറിവ് നേടുന്നവര്‍ തുല്യരാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരും വസ്ത്രത്തിന്റെ പേരിലും മതത്തിന്റെ പേരിലും വിവേചനം പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി മുനിരത്ന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: