കൊല്ലം: ജില്ലയിലെ വിവിധ ഇടങ്ങളിലെ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം. കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകളിലെ അറ്റകുറ്റപ്പണികള്‍ പരിഹരിക്കാനും ശുചീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാനും കളക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്കി.
അഞ്ചല്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍, പുനലൂര്‍ മുനിസിപ്പാലിറ്റി പരിധിയിലെ ശാസ്താംകടവ് പാലം നിര്‍മാണം എന്നിവ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യം ഉയര്‍ന്നു. ഓച്ചിറയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും സി.ആര്. മഹേഷ് എംഎല്‍എ ചൂണ്ടിക്കാട്ടി.
കൊട്ടാരക്കരഓയൂര് റോഡ് ഉള്‍പ്പെടെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക, കല്ലട ജലസേചന പദ്ധതിയില്‍ വെള്ളം തുറന്നു വിടുന്നതിനു വേണ്ട നടപടി എടുക്കുക, ടിപ്പര്‍ ലോറികളുടെ അമിത വേഗത നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. കൊട്ടാരക്കര മേഖലയില്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണം. കുടിവെള്ള പദ്ധതിയുടെ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു.
കൊവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വേണ്ട നടപടി സ്വീകരിക്കാന്‍ ആര്‍ടിഒയ്ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എഡിഎം എന്‍. സാജിതാ ബീഗം ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: