ന്യൂദല്‍ഹി : റഷ്യ- ഉക്രൈന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ഉയര്‍ച്ചയിലേക്ക്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നിരിക്കുകയാണ്. ഏഴ് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് വില ഇത്രയും ഉയര്‍ന്നിരിക്കുന്നത്.
ക്രൂഡോയില്‍ വില ഉയര്‍ന്നതോടെ രാജ്യത്തെ ഇന്ധന വില വര്‍ധിക്കാതിരിക്കാനുള്ള എല്ലാവിധ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. ആഗോളതലത്തിലുള്ള നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ധന വിതരണം സുഖമമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി.
റഷ്യ- ഉക്രൈന് യുദ്ധം അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഇന്ധന വില വര്‍ധിക്കാനും കാരണമാകുമോയെന്ന ഭയത്തിലാണ് ജനങ്ങള്‍. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതിന്റെ പ്രതിഫലനം രാജ്യത്ത് ഉണ്ടാവാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ക്രൂഡോയില്‍ വില നിയന്ത്രിക്കുന്നതിന് കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ എണ്ണ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നവംബര്‍ നാലിന് ശേഷം നിലവില്‍ പെട്രോളിയം വിലയില്‍ മാറ്റം വന്നിട്ടില്ല. ദീപാവലിക്ക് എക്സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് നേരിയ തോതില്‍ വിലയില്‍ കുറവ് വരുകയും ചെയ്തു. 113 ദിവസമായി രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: