ഇടുക്കി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലുമായി 28ന് ന്യൂനമര്‍ദം രൂപമെടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ തമിഴ്‌നാട്, പുതുച്ചേരി മേഖലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത.
നിലവില്‍ മലാക്ക കടലിടുക്ക് മേഖലയില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് എത്തും. അതേ സമയം കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയില്ല. എന്നാല്‍ ഒന്നാം തിയതി മുതല്‍ ഇടവിട്ട് വേനല്‍ മഴ ലഭിക്കും. മദ്ധ്യതെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളിലാകും മഴ ലഭിക്കുക. രണ്ടിന് കേരളത്തിലെമ്പാടും കിഴക്കന്‍ മേഖലയില്‍ മഴക്ക് സാധ്യതയുണ്ട്. അതേ സമയം തമിഴ്‌നാട്ടില്‍ ശക്തമായ മഴ ലഭിക്കും. അതേ സമയം ന്യൂനമര്‍ദം ഏത് ദിശയില്‍ സഞ്ചരിക്കുമെന്നതടക്കം വരും ദിവസങ്ങളിലെ വ്യക്തമാകൂ.
മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍(എംജിഒ) അനുകൂലമായി മാറുന്നാണ് നിലവിലെ ന്യൂനമര്‍ദം രൂപപ്പെടുന്നതിന് കാരണം.ഭൂമധ്യരേഖക്കടുത്ത് നിന്ന് കിഴക്കോട്ട് നീങ്ങുന്ന മേഘങ്ങള്‍, വര്‍ഷപാതം, കാറ്റുകള്‍, മര്‍ദം എന്നിവ അടങ്ങുന്ന ഒരു വ്യൂഹത്തിന്റെ തരംഗ രൂപത്തിലുള്ള അസ്ഥിര വ്യവസ്ഥയാണ് എംജിഒ. ഏകദേശം 30 മുതല്‍ 60 ദിവസം കൊണ്ട് ഇത് ആദ്യ സ്ഥലത്ത് തിരിച്ചെത്തുന്നു. കാലവര്‍ഷത്തിലടക്കം മഴ ശക്തമാകാന്‍ ഇതിന് നിര്‍ണായക പങ്കുണ്ട്.
അതേ സമയം ശൈത്യകാലം(ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ) അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 36 ശതമാനം മഴയുടെ കുറവുണ്ട്. മലപ്പുറത്ത് മഴ ലഭിച്ചിട്ടില്ലെന്നും തൃശൂര്‍, വയനാട് ജില്ലകളിലും മഴയില്‍ ഗണ്യമായ കുറവുണ്ടെന്നും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: