കണ്ണൂര്‍: ‘വിനാശകരമായ കെ റെയില്‍ വേണ്ട, കേരളം വേണം’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കെ റെയില്‍-സില്‍വര്‍ ലൈന്‍വിരുദ്ധ ജനകീയ സമിതി നേതൃത്വം നല്കുന്ന സംസ്ഥാനതല സമര ജാഥ മാര്‍ച്ച് ഒന്നിന് കാസര്കോട്ടുനിന്നാരംഭിക്കും. വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കെ.കെ. രമ എംഎല്‍എ, ഷിബു ബേബിജോണ്‍, ജോസഫ്. എം. പുതുശ്ശേരി, സി.ആര്. നീലകണ്ഠന്, അമ്പലത്തറ കുഞ്ഞികൃഷ്ണന്, ഡോ.ഡി. സുരന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിക്കും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങി പദ്ധതിയുടെ അലൈന്മെന്റ് പ്രഖ്യപിച്ചിരിക്കുന്ന ജില്ലകളിലൂടെ കടന്ന് പോകുന്ന ജാഥയ്ക്ക് നൂറിലേറെ സ്വീകരണ കേന്ദ്രങ്ങളുണ്ടാകും. സമിതി സംസ്ഥാന ചെയര്മാന് എം.പി. ബാബുരാജാണ് ജാഥാ ക്യാപ്റ്റന്‍. ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന് വൈസ് ക്യാപ്റ്റനും ടി.ടി. ഇസ്മായീല്‍ ജാഥാ മാനേജരുമാണ്. സമാപനത്തിന്റെ ഭാഗമായി മാര്‍ച്ച് 24 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മഹാസംഗമം സംഘടിപ്പിക്കും.
കെ റെയില്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വൈസ് ചെയര്മാന് ടി.ടി. ഇസ്മായില്‍, ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്, പി.പി. കൃഷ്ണന് മാസ്റ്റര്‍, എ.പി. ബദറുദ്ധീന്‍, പി.സി. വിവേക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: