മട്ടാഞ്ചേരി (കൊച്ചി): യുദ്ധഭീതിയില്‍ ഇന്ത്യയിലേക്കുള്ള നാല് ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ റഷ്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു. ഇന്ത്യന്‍ വ്യാപാരികള്‍ കരാറാക്കിയ സൂര്യകാന്തി എണ്ണയാണിത്. റഷ്യയിലെ ഏഴ് തുറമുഖങ്ങളിലായി 3,80,000 ടണ്‍ എണ്ണയാണ് കെട്ടിക്കിടക്കുന്നത്. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ പാമോയില്‍, സോയാബിന്‍ എണ്ണയടക്കമുള്ള ഭക്ഷ്യഎണ്ണ വില വര്‍ധിച്ചു.
ഇന്ത്യയിലേക്കാവശ്യമായ ഭക്ഷ്യ എണ്ണയുടെ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. പാമോയില്‍, സോയാ എണ്ണകള്‍ മലേഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഭക്ഷ്യഎണ്ണ ഉപഭോഗം ഏറുന്ന സീസണ് മുന്നില്‍ക്കണ്ട് വില വര്‍ധന ഒഴിവാക്കാന്‍ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു. വടക്കേയിന്ത്യക്കൊപ്പം മഹാരാഷ്ട്ര, ഗോവ, കേരളം, തമിഴ്നാട്, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും സൂര്യകാന്തി എണ്ണ വിപണി സജീവമാണ്.
തെക്കേന്ത്യന്‍ തുറമുഖങ്ങളിലാണ് സൂര്യകാന്തി എണ്ണ ഇറക്കുമതി ഏറെ. ഫെബ്രുവരി-മാര്‍ച്ച് മാസത്തേക്ക് 5,10,000 ടണ്‍ എണ്ണ ഇറക്കുമതിക്കാണ് കരാറായത്. ഇതില്‍ 1,30,000 ടണ്‍ ഇറക്കുമതി ചെയ്തു. റഷ്യ – ഉക്രൈന് അടക്കമുള്ള കരിങ്കടല്‍ മേഖലയിലെ രാജ്യങ്ങളിലാണ് ആഗോള സൂര്യകാന്തി എണ്ണ ഉത്പാദനത്തിന്റ 60 ശതമാനവുമുള്ളത്. ഇതില്‍ 75 ശതമാനവും കയറ്റുമതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: