നേപ്പാളിലെ കാഠ്മണ്ഡുവില്‍ സ്ഥിതി ചെയ്യുന്ന, വന്യജീവികളുടെ വിഹാരകേന്ദ്രമായ, ബാഗ്മതി നദിയുടെ ഉത്ഭവ സ്ഥാനമായ ശിവപുരി മലയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ ഉള്ളില്‍ ഒരൊറ്റ ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളു. ഗോവിന്ദാനന്ദ ഭാരതി എന്ന ശിവപുരി ബാബ തപസ്സനുഷ്ഠിച്ച ഇടത്തെത്തി ആ സാന്നിധ്യം അനുഭവിച്ചറിയുക. സൈന്യത്തിന്റെ നിരീക്ഷണത്തിലാണ് ഈ പ്രദേശം. ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ ചില നിബന്ധനകളുമുണ്ട്. വനത്തിനുള്ളില്‍ എന്തു സംഭവിച്ചാലും ഉത്തരവാദിത്വം സ്വയം ഏല്ക്കണം, ഒരു ഗൈഡ് ഒപ്പം ഉണ്ടാവണം. കാട്ടിനുള്ളിലൂടെ സഞ്ചരിക്കേണ്ടതാവട്ടെ 20 കിലോമീറ്റര്‍! എപ്പോള്‍ വേണമെങ്കിലും നിശ്ചലമായേക്കാവുന്ന മൊബൈല്‍ ഫോണിലെ ടോര്‍ച്ച് വെളിച്ചത്തിന്റെ സഹായത്താല്‍ യാത്ര തുടര്‍ന്നു. അരനാഴിക നേരം പോലും വിശ്രമിക്കാതെ, അവര്‍ ബാബ തന്റെ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ ശിവപുരി മലയിലെത്തി. വര്‍ണനാതീതമായ അനുഭൂതി നുകര്‍ന്ന്, അതേ ദിവസം തന്നെ മലയിറങ്ങി. ഏകദേശം മൂവായിരം മീറ്റര്‍ ഉയരമുള്ള ശിവപുരി മല കയറുന്നതിന് കൂടെ വന്ന ഗൈഡ് തിരികെ ഇറങ്ങുമ്പോള്‍ നേരം ഇരുട്ടുന്നത് കണ്ട് ജീവനില്‍ കൊതിയുണ്ടെന്ന് പറഞ്ഞ് പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി. എങ്കിലും അവര്‍ യാത്ര മതിയാക്കിയില്ല. വന്യജീവികളെ ഭയന്നില്ല, അട്ട കടിച്ച് രക്തമൂറ്റുന്നതറിഞ്ഞില്ല, പല വഴികളില്‍ യഥാര്‍ത്ഥ വഴിയേതെന്ന് സംശയിച്ചുനിന്നില്ല. ഒരു മലയാത്രികന് അത്യാവശ്യം കൈയില്‍ കരുതേണ്ടതൊന്നും അവരുടെ പക്കലുണ്ടായിരുന്നില്ല. ഗുരുവിന്റെ വാക്കുകേട്ട്, അദ്ദേഹത്തിലുള്ള അചഞ്ചലമായ വിശ്വാസംകൊണ്ട് യാത്ര തിരിച്ച മൂന്നൂപേര്‍. അവധൂതരെക്കുറിച്ച് ലക്ഷ്മി രചിക്കുന്ന പുസ്തകത്തിന് വേണ്ടിയുള്ള പ്രയാണം.
അഞ്ജലിയെന്ന യഥാര്‍ത്ഥ പേര് ഉപേക്ഷിച്ച് ലക്ഷ്മി യാത്ര തുടങ്ങിയിട്ട് എട്ട് വര്‍ഷം പിന്നിടുന്നു. അവധൂതന്മാരുടെ ജീവിതത്തെക്കുറിച്ച് അനുഭവിച്ചറിയലാണ് യാത്രയുടെ ലക്ഷ്യം. ഒരൊറ്റ ചിന്തയെമാത്രം മനസ്സിലിട്ടുകൊണ്ട് ഒരുതരം ദേശാടനം.
”നിനക്ക് എന്റെ ഗുരു സുധീര്‍ വൈദ്യരെക്കുറിച്ച് ഒരു പുസ്തകം എഴുതിത്തരാമോ?” ഗുരുനാഥന് ജയകുമാറിന്റെ ഈ ചോദ്യത്തില്‍ നിന്നാണ് യാത്രകളുടെ തുടക്കം. 18 വര്‍ഷമായി അവധൂത ജീവിതത്തിന്റെ പൊരുള്‍ തേടി അദ്ദേഹം അലയുന്നു. ലക്ഷ്മിയുടേയും ഗുരുവാണ് സുധീര്‍ വൈദ്യര്. ഗുരുവിനുള്ള ദക്ഷിണയായി ആ പുസ്തകം സമര്‍പ്പിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതി. യാത്രയ്ക്ക് മുമ്പേ അഞ്ജലിയെന്ന പേരുപേക്ഷിച്ച് ലക്ഷ്മി ധൂത എന്ന പേര് സ്വീകരിക്കാന്‍ ഗുരു സുധീര്‍ വൈദ്യര് നിര്‍ദ്ദേശിച്ചു. സ്വത്വബോധത്തോടെയാവരുത് എഴുത്ത് എന്ന ചിന്തയാണ് പേരുമാറ്റത്തിന് പിന്നില്‍. നീ ഇന്ന വ്യക്തിയാണ് എന്ന തോന്നല്‍ മനസ്സില്‍ നിന്നും എടുത്തുകളഞ്ഞുകൊണ്ട്, ഞാന്‍ എന്ന ബോധത്തെത്തന്നെ ഇല്ലാതാക്കി. യാത്രയുടെ തുടക്കം അതിനുശേഷമായിരുന്നു.
പുസ്തകം എഴുതാം എന്ന് സമ്മതിക്കുമ്പോള്‍ ആരാണ് അവധൂതര്‍, എന്താണ് അവധൂതാവസ്ഥ എന്നൊന്നും അറിയില്ലായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. അറിവിനപ്പുറം അനുഭവങ്ങള്‍ക്കുവേണ്ടിയുള്ള സഞ്ചാരം. ആ അനുഭവങ്ങളെ സത്യസന്ധമായി അക്ഷരങ്ങളാക്കണം. അതിനുവേണ്ടി എത്രത്തോളെ കഷ്ടപ്പെടാനും ജയകുമാറും ഡോ. അജിതയും ലക്ഷ്മിയും തയ്യാറായിരുന്നു. തന്റെ നിയോഗം എന്തെന്ന് തിരിച്ചറിഞ്ഞ ഒരു പെണ്‍കുട്ടിക്ക് ആ അറിവ് നല്കുന്ന ആത്മവിശ്വാസവും ചെറുതല്ലല്ലോ.
കേള്‍ക്കുന്നവര്‍ക്ക് അവിശ്വസനീയം എന്നുതോന്നും അവധൂതരെ കുറിച്ച് ലക്ഷ്മി പറയുമ്പോള്‍. സാധാരണ മനുഷ്യന് ഇതൊക്കെ എങ്ങനെ സാധ്യമാവും എന്ന് സംശയിക്കും. ഉത്തരം ഒന്നേയുള്ളൂ അവര്‍ സാധാരണ മനുഷ്യരല്ല.
മായാ ബന്ധനങ്ങളില്‍ നിന്നും മുക്തമാണ് അവധൂത ജീവിതം. സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറവും. ഓരോ നൂറ്റാണ്ടിലും അവര്‍ അവതരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 21 അവധൂതന്മാരുടെ ജീവിതവും അവരെക്കുറിച്ചുള്ള അനുഭവങ്ങളുമാണ് മഹാവധൂതം എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥത്തിലൂടെ പറയുന്നത്.
അവധൂത ജീവിതത്തിന്റെ പൊരുള്‍
കാണുന്നവന് അപരിഷ്കൃതനെന്നോ, മായാജാലക്കാരനെന്നോ, ഭ്രാന്തനെന്നോ തോന്നാം. അത് പക്ഷേ പുറമെനിന്നുള്ള കാഴ്ചയുടെ പ്രശ്നമാണ്. യാത്രകളിലൂടെ അറിഞ്ഞ, അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് ലക്ഷ്മി സംസാരിക്കുമ്പോള്‍ ആരുമൊന്ന് കാതുകൂര്‍പ്പിക്കും. ഭൂമിയില്‍ പിറന്ന്, നിഷ്കാമ ഭാവത്തോടെ കര്‍മ്മം അനുഷ്ഠിച്ച് കടന്നുപോയ അവധൂതരുടെ നിയോഗവും ചരിത്രവും അത്രപെട്ടന്നൊന്നും സാധാരണക്കാരന് ഉള്‍ക്കൊള്ളാനാവില്ല. കാരണം അത് യുക്തിക്ക് അതീതമാണ്.
അവധൂതര്‍ മഠങ്ങള്‍ സ്ഥാപിക്കുകയോ ശിഷ്യപരമ്പരയെ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. അവരുടെ ജീവിതത്തെ ഒരു ചട്ടക്കൂടില്‍ ഒതുക്കാനുമാവില്ല. നിബന്ധനകളോ നിഷ്കര്‍ഷകളോ ആ ജീവിതത്തിനില്ല. അതിരുകള്‍ നിര്‍ണയിക്കാനും ആവില്ല. അവരുടെ ജീവിതം നമുക്ക് മുന്നില്‍ ഒരു ചൂണ്ടുപലകപോലെയാണ്. ആ വഴി പോകാം, പോകാതിരിക്കാം. അവധൂത പിറവിയെക്കുറിച്ച് ലക്ഷ്മിക്ക് പറയാനുള്ളതൊന്നും അതിശയോക്തികളല്ല. പലരിലൂടെ കൈമാറിവന്ന അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളാണ്. സാധാരണ മനുഷ്യരേക്കാള്‍ എന്ത് പ്രത്യേകതയാണ് അവധൂതര്ക്കുള്ളത് എന്ന് സംശയിച്ചു നിന്നവര്‍ക്ക് മുന്നില്‍ ആ മായയുടെ മറനീക്കി പ്രത്യക്ഷ ജ്ഞാനം നല്‍കിയിട്ടുണ്ട് അവധൂതര്‍.
കോഴിക്കോട് കൊയിലാണ്ടിയില്‍ ജനിച്ച, പിന്നീട് മഹാരാഷ്ട്രയിലെത്തിയ ഭഗവാന് നിത്യാനന്ദ ബാബയുടെ സിദ്ധിയില്‍ സംശയാലുവായ ഫോട്ടോഗ്രാഫര്‍ അദ്ദേഹത്തെ ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ബാബയുടെ ഫോട്ടോ അദ്ദേഹം വിചാരിക്കാതെ ഫിലിമില്‍ പതിയില്ല എന്ന കാര്യം പരീക്ഷിച്ചറിയുക തന്നെ. ബാബയുടെ ആശ്രമമായ ഗണേശ്പുരിയിലെത്തി ദര്‍ശനത്തിനിടെ തുടരെ തുടരെ ഫോട്ടോ എടുത്തു. തിരികെയെത്തി ഫിലിം പരിശോധിച്ചപ്പോള്‍ ഒരൊറ്റ ഫോട്ടോ പോലും പതിഞ്ഞിട്ടില്ല. ക്യാമറയുടേയോ ഫിലിമിന്റേയോ തകരാറാകുമെന്നു കരുതി. പക്ഷേ അതൊന്നുമായിരുന്നില്ല. ബാബയെക്കുറിച്ച് കേട്ടറിഞ്ഞതെല്ലാം സത്യമാണെന്നും അദ്ദേഹം നിസാരക്കാരനല്ലെന്നും തിരിച്ചറിഞ്ഞപ്പോള്‍ ബാബയില്‍ വിശ്വാസം ജനിച്ചു. പിന്നീടെടുത്ത ഫോട്ടോകളില്‍ ബാബയുടെ രൂപം തെളിഞ്ഞു. പില്ക്കാലത്ത് നിത്യാനന്ദ ബാബ സമാധിയാകുന്നതുവരേയും ബാബയുടെ ചിത്രങ്ങളെടുക്കാന്‍ ഭാഗ്യമുണ്ടായ ആ വ്യക്തിയാണ് അറിയപ്പെടുന്ന പ്രസ് ഫോട്ടോഗ്രാഫറായിരുന്ന എം.ഡി. സുവര്‍ണ.
ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ജീവിച്ചിരുന്ന അവധൂതനായിരുന്നു നീബ് കരോലി ബാബ. ലക്നൗവില്‍ അദ്ദേഹം സ്ഥിരം സന്ദര്‍ശിക്കുമായിരുന്ന ഒരു വീടുണ്ട്. ബാബയുടെ കൈയ്യക്ഷരത്തിലുള്ള എഴുത്ത് ഉള്‍പ്പടെ ബാബയുമായി ബന്ധപ്പെട്ടതെല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. 1973 ല്‍ സമാധിയായ ബാബയാണ് ഇന്നും അവര്‍ക്കെല്ലാമെല്ലാം. ബാബയുടെ ഭക്തനാണ് ആപ്പിളിന്റെ സഹ സ്ഥാപകനായ സ്റ്റീവ് ജോബ്സ്. കോടാനുകോടി ജനങ്ങളില്‍ നിന്ന് അവധൂതരുമായി ബന്ധപ്പെട്ട വ്യക്തികളെ തിരഞ്ഞെടുക്കുന്നത് ഭഗവാനാണ്. ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ട് നിസ്വാര്‍ത്ഥമായി കര്‍മ്മം ചെയ്യുമ്പോള്‍ അനുയോജ്യരായവരിലേക്ക് ഭഗവാന് എത്തിക്കും. അതാണ് അനുഭവം. ഇതിനായി മുന്‍ പദ്ധതികളില്ല. ഒരിക്കല്‍ പോലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്തവരിലേക്ക് എത്തിയത് ഗുരുകടാക്ഷത്താലാണ്. യഥാര്‍ത്ഥ മനുഷ്യനെ കാണുമ്പോഴാണ് ആനന്ദം ഉണ്ടാകുന്നത്. മനുഷ്യനെ കാണാന്‍ കഴിയുന്നതാണ് ഭാഗ്യം. കാണുന്നതും മനസ്സിലാക്കുന്നതും അനുഭവിക്കുന്നതുമാണ് എഴുതുന്നത്. അറിവ് ഉള്ളില്‍ കണ്ടെത്തണം. ആ അറിവിനെയാണ് ആദ്യം അന്വേഷിക്കേണ്ടത്. അതിന് വേണ്ടിയാണ് യാത്ര. അവധൂതര്‍ പ്രശസ്തി ആഗ്രഹിക്കാത്തവരാണ്. അവര്‍ ഏത് അവസ്ഥയിലും ഉണ്ടാകും. അവധൂതാവസ്ഥയെ മനസ്സിലാക്കണമെങ്കില്‍ യുക്തിയല്ല വേണ്ടത്. ഒരു ചട്ടക്കൂടില്‍ അവരെ ഒതുക്കാന്‍ ആവില്ല. അനുഭവം കൊണ്ടാണ് അറിയേണ്ടത്.
21 അവധൂതന്മാരുമായി ബന്ധപ്പെട്ടതാണ് മഹാവധൂതം. (Message of the great Avadhutas) അവധൂതരെക്കുറിച്ച് അറിഞ്ഞവരിലൂടെ, തലമുറകളിലൂടെ, ഓരോ വ്യക്തിയുടേയും അനുഭവങ്ങളിലൂടെ വിശദമായി പറയുകയാണ് മഹാവധൂതത്തിലൂടെ. അസ്തിത്വത്തെ തന്നെ ധൂളികള്‍ പോലെ പൊടിച്ചുകളഞ്ഞവരാണവര്. ഈ പുസ്തകത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്ന 21 പേരില്‍ 11 പേര് കേരളത്തില്‍ ഉണ്ടായിരുന്നവരാണ്.
ശിവപുരി ബാബ, പൂന്തുറ സ്വാമി, തക്കല സ്വാമി, ശ്രീ എമ്മിന്റെ ഗുരുക്കന്മാരില് ഒരാളായ കല്ലടി മസ്താന്, വെട്ടുകാട് പട്ടിസ്വാമി, പാട്ടിയമ്മ, മായിയമ്മ, സുധീര്‍ വൈദ്യര്, സൂര്യനാരായണ സ്വാമി, തലശ്ശേരി അമ്മ, ഷിര്‍ദ്ദി സായിബാബ, ലാഹരി മഹാശായ്, നീബ് കരോലി ബാബ, ശ്രീരാമകൃഷ്ണ പരമഹംസര്‍, ശാരദാ ദേവി ഇവരെല്ലാം അവധൂത സഞ്ചയത്തില്പ്പെടുന്നു. ഒരു അധ്യായത്തില്‍ തന്നെ ഒന്നില്‍ കൂടുതല്‍ അവധൂതരെക്കുറിച്ച് പരാമര്‍ശിക്കുന്നതിനാല്‍ 21 പേരില്‍ മാത്രം ഒതുങ്ങുന്നതല്ല മഹാവധൂതം.
ഇന്നും തുടരുന്ന പ്രയാണം
വ്യത്യസ്തതയെ സ്വന്തം ശരീരംകൊണ്ട്, മനസ്സുകൊണ്ട്, ആത്മാവുകൊണ്ട് അനുഭവിച്ചറിയുന്നതിനെയാണ് ദേശാടനം എന്ന് പറയുന്നത്. അനുഭവം ഇല്ലാത്തതെന്തും സംശയം ഉണ്ടാക്കും. അതിനെ ഇല്ലാതാക്കുന്നതിനാണ് ഈ ദേശാടനം.
ശരീരബോധത്തില്‍ നിന്നും വിട്ട് ആത്മബോധത്തിലെത്തുന്നതാണ് അവധൂതാവസ്ഥ. ”അവധൂത ജീവിതത്തെക്കുറിച്ച് അറിയാനുള്ള യാത്രയ്ക്കിടയില്‍ ഒരു നിമിത്തം പോലെയാണ് പലരിലേക്കും എത്തുന്നത്. ചിലര്‍ ഞങ്ങളെ കാത്തിരുന്നതുപോലെയാണ് അനുഭവം. ഒരുവാക്കുപോലും അവര്‍ ഉരിയാടിയില്ലെങ്കിലും അതും ഒരു പാഠമാണ്” ലക്ഷ്മി പറയുന്നു.
എല്ലാ സംസ്കാരത്തേയും അനുഭവിച്ച് അറിഞ്ഞുകൊണ്ട് ആവശ്യമായ ജ്ഞാനം നേടുന്നതിനാണ് യാത്ര റോഡ് മാര്‍ഗ്ഗം ആക്കിയത്. ഇതൊരു ആത്മീയ യാത്രകൂടിയാണ്. മഞ്ഞെന്നോ മഴയെന്നോ വെയിലെന്നോ നോക്കാതെയുള്ള യാത്ര. പലവിധ ശാരീരിക അവശതകള്‍ക്കിടയിലും മഹാവധൂതത്തിന് വേണ്ടി സമയം നീക്കിവച്ചിരിക്കുകയാണ് ലക്ഷ്മിയുടെ ഗുരു ജയകുമാര്‍. വിഘ്നങ്ങള്‍ കൂടാതെ മുന്നോട്ട് നയിക്കുന്നതും ദേഹത്തെ പൂര്‍ണ്ണ സജ്ജമാക്കുന്നതും ഗുരുചൈതന്യമാണെന്ന് മൂവരും ഉറച്ചുവിശ്വസിക്കുന്നു.
ദുര്‍ഘടമായ, കൊള്ളക്കാര്‍ നിറഞ്ഞ, വെള്ളം പോലും ലഭ്യമല്ലാത്ത വഴികളിലൂടെയെല്ലാം സഞ്ചരിക്കേണ്ടി വന്നു. ആകുലത തെല്ലുമില്ലാതെ ഓരോ വഴിയും താണ്ടി. യാത്രയില്‍ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കുന്നതിനുള്ള കാശൊന്നും കയ്യില്‍ ഉണ്ടാവില്ല. ആ കാശുണ്ടെങ്കില്‍ കുറേ ദൂരം പിന്നെയും പോകാം, അതാണ് ചിന്ത. ഉറക്കം പലപ്പോഴും കാറില്‍ ആയിരിക്കും. യാത്രയ്ക്കുവേണ്ടി മുന്നൊരുക്കങ്ങളോ നിശ്ചിത പദ്ധതിയോ ഒന്നും ആവിഷ്കരിക്കാറില്ലെന്നും ലക്ഷ്മി പറയുന്നു. ഇതിനോടകം ഏകദേശം നാലര ലക്ഷം കിലോമീറ്ററുകള്‍ പിന്നിട്ടു. എഴുത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടിയാണ് ഓരോ യാത്രയും. കേട്ടറിഞ്ഞ് ചെല്ലുന്നിടത്തുനിന്ന് ആവശ്യമായ വിവരങ്ങള്‍ കിട്ടിയില്ലെന്ന് വരും. അവിടെ പോയാല്‍ പ്രയോജനപ്പെടുന്ന എന്തെങ്കിലും കിട്ടുമോ എന്നൊന്നും ആലോചിക്കില്ല, പോവുകതന്നെ. അതാണല്ലോ അന്വേഷണം.
നമ്മള് മരിക്കുന്നതുവരെ ഒരു പരീക്ഷണത്തിലായിരിക്കും. അതില്‍ നിന്നും രക്ഷ സാധ്യമല്ല. ആത്മീയത എന്നാല്‍ അപരനും നന്മ ചെയ്യുക എന്നതാണ്. അതുതന്നെ ധാരാളം.
ഗുരു അരുള്‍ കേട്ട്..
ഗുരു സുധീര്‍ വൈദ്യര് ഒരു അവധൂതന് ആണെന്ന് അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. അദ്ദേഹത്തെ ഒരു വൈദ്യര് മാത്രമാണെന്നാണ് പലരും കരുതിയിരുന്നത്. അസാധ്യമെന്ന് സാധാരണക്കാര്‍ ചിന്തിച്ചിരുന്നത് പലതും അദ്ദേഹത്തിന് സാധ്യമായിരുന്നു. വൈദ്യലോകം കൈയൊഴിഞ്ഞ കേസുകള്‍ പോലും ഭേദമാക്കാന്‍ സുധീര്‍ വൈദ്യര്‍ക്ക് കഴിഞ്ഞു. അത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍ ഇപ്പോഴുമുണ്ട്. അവരിലൂടെയാണ് ഗുരുവിന്റെ, അവധൂതരുടെ മഹത്വം ലോകരിലേക്ക് എത്തിക്കുന്നത്. 2003 ല്‍ സുധീര്‍ വൈദ്യര് സമാധിയായി. ഈ പ്രയാണത്തിന് ഊര്‍ജ്ജം പകരുന്നതത്രയും ഗുരുവാണ്. അദ്ദേഹത്തിന്റെ അരുള്പ്പാടാണ് യാത്രയുടെ ഗതിയും മറ്റും നിര്‍ണയിക്കുന്നത്.
ശിവപുരി ബാബ, കുന്നംകുളത്തിനടുത്ത് ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1826 സെപ്തംബര്‍ 10 നായിരുന്നു ജനനം. ഗോവിന്ദാനന്ദ ഭാരതി എന്ന പേരിലും അറിയപ്പെടുന്ന അദ്ദേഹം 40 വര്‍ഷം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ചു. അതില്‍ 80 ശതമാനവും കാല്‍നടയായിട്ടായിരുന്നു. അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, അഫ്ഗാനിസ്ഥാന്, പേര്‍ഷ്യ, മക്ക, തുര്‍ക്കി, ഗ്രീസ്, റോം, നേപ്പാള്‍ തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇംഗ്ലണ്ടില്‍ വിക്ടോറിയ രാജ്ഞിയുമായി 18 തവണ കൂടിക്കാഴ്ച നടത്തി. തന്റെ മരണശേഷം മാത്രമേ ഇംഗ്ലണ്ട് വിട്ടുപോകാവൂ എന്ന രാജ്ഞിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അവിടെ നിന്നു. അവരുടെ മരണശേഷം ഇംഗ്ലണ്ട് വിട്ടു. 1913 ല്‍ നേപ്പാളിലെത്തി. ഏറെ വര്‍ഷം അവിടെ ജീവിച്ചു. 1963 ല്‍ കാഠ്മണ്ഡുവിലെ ധ്രുവസ്ഥലിയില്‍ സമാധിയായി.
പൂന്തുറയിലെ പന്ത്രണ്ടാമത്തെ അവധൂതനാണ് പൂന്തുറ സ്വാമി. അവിടെ എല്ലായ്പ്പോഴും ഒരു അവധൂത സാന്നിധ്യമുണ്ട്. പൂന്തുറ സ്വാമിയെ കാണാന്‍ തമിഴ്നാട്ടിലെ തക്കലയില്‍ നിന്നും ഒരു വില്ലേജ് ഓഫീസര്‍ വരുമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ തലയില്‍ പൂന്തുറ സ്വാമി കാലുകൊണ്ട് മൂന്ന് പ്രാവശ്യം ചുറ്റി എങ്ങോട്ടോ മറഞ്ഞു. തക്കല സ്വാമി പതിമൂന്നാമത്തെ അവധൂതനായി.
ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരു അവധൂതയാണ് തലശ്ശേരി അമ്മ. എവിടെ നിന്ന് വന്നു എന്ന് ആര്‍ക്കും അറിയില്ല. വാഹനാപകടത്തില്‍പ്പെട്ട് മരണകാരണമായ പരിക്കുകള്‍ സംഭവിച്ചിട്ടുപോലും അതെല്ലാം അതിജീവിച്ചു. സൂര്യനാരായണ സ്വാമിയുടെ പിന്‍തലമുറയില്‍പ്പെട്ട അവധൂതയാണെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ 21 അവധൂതരിലൂടെ, അവരെക്കുറിച്ചുള്ള അത്ഭുതപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് മഹാവധൂതത്തിന്റെ പിറവി.
കൊവിഡാനന്തര ഭാരത പര്യടനം
കൊവിഡിന് ശേഷമുള്ള ഭാരതത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കുന്നതിനായി 107 ദിവസം നീണ്ടുനിന്ന യാത്രകഴിഞ്ഞ് മടങ്ങിയെത്തിയിട്ട് അധികദിവസമായിട്ടില്ല.
നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ സീമാ ജാഗരണ്‍ മഞ്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറെ മതിപ്പുണ്ടെന്ന് ജയകുമാറും ലക്ഷ്മിയും ഡോ. അജിതയും ഒരേ സ്വരത്തില്‍ പറയുന്നു. ഈ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്ജിയും, സഹ സംയോജക് പ്രദീപന്ജിയും നല്കിയ സഹായ സഹകരണങ്ങള്‍ വിലമതിക്കാനാവാത്തതാണ്. സീമാ ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര അതിര്‍ത്തികളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നടത്തുന്ന നിസ്വാര്‍ത്ഥ സേവനം വളരെ ആവശ്യവും അനിവാര്യവുമാണെന്നും ഇവര്‍ പറയുന്നു.
പുസ്തകം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഇതിനോടകം തന്നെ ചിലവഴിച്ചു. സ്വന്തമായുണ്ടായിരുന്ന വീടുപോലും ജയകുമാറിന് ത്യജിക്കേണ്ടി വന്നു. ആരോഗ്യ പ്രശ്നങ്ങളും നിരവധി. സിആര്‍ടി-ഡി മെഷീനിന്റെ സഹായത്തോടെയാണ് ഇപ്പോഴത്തെ ജീവിതം. ഒരു കൈക്ക് സ്വാധീനക്കുറവും കാലുകളുടെ ഞരമ്പുകള്‍ക്ക് ക്ഷതവുമുണ്ട്. എന്നിട്ടും 31,000 കിലോമീറ്റര്‍ തനിച്ചായിരുന്നു ഭാരതം മുഴുവന്‍ ഡ്രൈവ് ചെയ്തത്. ജയകുമാറിനെ ചികിത്സിക്കുന്ന അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഇദ്ദേഹം ഇപ്പോള്‍ അത്ഭുത പുരുഷനാണ്. മുന്നില്‍ നിന്ന് ഗുരു വഴികാണിക്കുമ്പോള്‍ തളരുന്നതെങ്ങനെയെന്ന് ജയകുമാര്‍ ചോദിക്കും. ഇനിയും യാത്രകള്‍ തുടരേണ്ടതുണ്ട്. ലോകത്തിന്റെ പല കോണില്‍ നിന്നാവണം എഴുത്ത് എന്നതാണ് ഗുരുവിന്റെ നിര്‍ദ്ദേശവും. മറ്റുരാജ്യങ്ങളിലും ജീവിച്ചിരുന്ന അവധൂതന്മാരെക്കുറിച്ച് അറിയുന്നതിന് ആ രാജ്യങ്ങളിലേക്കാണ് ഇനി സഞ്ചരിക്കേണ്ടത്. അതിനുള്ള ഫണ്ട് കണ്ടെത്തുകയാണ് അടുത്ത പടി. ഇതിനായി പ്രീ ബുക്കിങ് എന്ന ആശയമാണ് മുന്നില്‍ ഉള്ളത്. 1551 രൂപ വച്ച്, 10,000 പ്രീ ബുക്കിങ് ലഭിച്ചാല്‍ കാര്യങ്ങള്‍ സുഗമമാകും. ഇംഗ്ലീഷിലാണ് ലക്ഷ്മി എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ഇത് പരിഭാഷപ്പെടുത്തി. ജര്‍മ്മന്‍, ഫിന്നിഷ്, കന്നഡ, ഫ്രഞ്ച് ഭാഷകളിലും തര്‍ജ്ജമ നടക്കുന്നു. മറ്റുള്ളവര്‍ക്ക് വിശ്വാസം തോന്നുന്നതിനായി കൂടുതലായൊന്നും എഴുതില്ലെന്നാണ് ലക്ഷ്മിയുടെ ഉറച്ച നിലപാട്.
21 അവധൂതന്മാരെക്കുറിച്ച് 1500 ഓളം പേജുകള്‍ വരുന്ന ഒറ്റ പുസ്തകമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ മാനുസ്ക്രിപ്റ്റ് ഋഷികേശിലെ വസിഷ്ഠ ഗുഹയില്‍ സമര്‍പ്പിക്കണമെന്നാണ് ഗുരുവിന്റെ നിര്‍ദ്ദേശം. ശബരിമലയിലെത്തി, ശ്രീധര്‍മ്മശാസ്താവിന് മുന്നില്‍ ഗ്രന്ഥം സമര്‍പ്പിക്കണമെന്നും ഗുരുവിന്റെ ഉപദേശമുണ്ട്.
ഗുണാതീതനും രൂപാതീതനുമായ അവധൂതരുടെ ജീവിതകാലയളവിലെ അടയാളപ്പെടുത്തലുകള്‍ മഹാവധൂതത്തിലൂടെ ലോകരിലേക്ക് എത്തുന്ന നിമിഷം മാത്രം സ്വപ്നം കണ്ട് ഇവര്‍ യാത്ര തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: