Categories: Kottayam

പോളിയോ തുള്ളിമരുന്ന് വിതരണം 27ന്

Published by

കോട്ടയം: പോളിയോ വൈറസ് നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പള്‍സ് പോളിയോ പ്രതിരോധ കുത്തിവയ്‌പ്പ് ജില്ലയില്‍ നാളെ നടക്കും. ജില്ലയിലെ 1.08 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്കുന്നത്. 1296 ബൂത്തുകള്‍ ഇതിനായി സജ്ജീകരിക്കും. ബൂത്തില്‍ രണ്ട് വാക്‌സിനേറ്റര്‍മാര്‍ ഉണ്ടാകും. കുട്ടികള്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രം ബൂത്തിലെത്താം. പനി, ചുമ, ജലദോഷം, വയറിളക്കം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ബൂത്തില്‍ വരരുത്.  

അങ്കണവാടികള്‍, വായനശാലകള്‍, കല്യാണമണ്ഡപങ്ങള്‍, പ്രമുഖ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി മുമ്പ് ബൂത്തുകള്‍ പ്രവത്തിച്ചിരുന്ന ഇടത്തെല്ലാം വാക്‌സിനേഷന്‍ നടക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കുന്നതിനു പ്രത്യേക മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. അന്നേദിവസം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കളാഴ്‌ച്ചയും, ചൊവ്വാഴ്‌ച്ചയും ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വാക്‌സിന്‍ നല്കും. പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിയില്‍ രാവിലെ ഒമ്പതിന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ, നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ബിന്ദുകുമാരി എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍ എന്നിവര്‍ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക