ചേര്‍ത്തല: എന്റെ കണ്‍മുന്നിലിട്ടാണ് അവര്‍ നന്ദുവിനെ വെട്ടിക്കൊന്നത്. അവന് ബോധം പോയെന്ന് മാത്രമേ കരുതിയുള്ളൂ. ആശുപത്രിയിലെത്തിയപ്പോഴാണ് മരിച്ചത് അറിഞ്ഞത്. പ്രിയ കൂട്ടുകാരന്‍ മണ്‍മറഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒന്നും മറക്കാനാകാതെ വീര്‍പ്പ് മുട്ടുകയാണ് കെ.എസ്. നന്ദു. കഴിഞ്ഞ ഫെബ്രുവരി 24ന് വയലാര്‍ നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐക്കാരുടെ ആക്രമണത്തില്‍ കെ.എസ്. നന്ദുവിന്റെ ഇടതു കൈ അറ്റുപോയിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കൈ തുന്നിപ്പിടിപ്പിക്കുകയായിരുന്നു. നിരവധി നാളത്തെ ചികിത്സകള്‍ക്ക് ശേഷമാണ് കൈയുടെ ചലനശേഷി വീണ്ടുകിട്ടിയത്. യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വയലാറില്‍ തുടര്‍ച്ചയായി പ്രകോപനമുണ്ടാക്കിയ എസ്ഡിപിഐക്കെതിരെ സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ അക്രമം.
കെ.എസ്. നന്ദുവിനാണ് ആദ്യം വെട്ടേറ്റത്. കൈയറ്റ് നിലത്തു കിടക്കുന്നതിനിടെയാണ് അക്രമികള്‍ നന്ദുകൃഷ്ണയെ വെട്ടുന്നത് കണ്ടത്. കൂട്ടുകാരന്‍ കണ്‍മുന്നില്‍ പിടഞ്ഞു വീഴുമ്പോള്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ജീവന് വേണ്ടി പിടയുകയായിരുന്നു നന്ദുവും. പോലീസുകാരാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. ഗവ. താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് നന്ദുകൃഷ്ണയുടെ മരണം സ്ഥിരീകരിച്ചത്. എന്നും ഒന്നിച്ച് നടന്ന ഒരേ പേരുള്ള കൂട്ടുകാരില്‍ ഒരാള്‍ നഷ്ടപ്പെട്ടതിന്റെ വേദന മാഞ്ഞിട്ടില്ല.
ആര്‍എസ്എസ് മുന്‍കൈ എടുത്ത് ധീരബലിദാനിയായ നന്ദുകൃഷ്ണയുടേയും അക്രമത്തില്‍ പരിക്കേറ്റ കെ.എസ്. നന്ദുവിന്റേയും കുടുംബത്തിന് വീട് വച്ച് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: