നവമാധ്യമങ്ങളില്‍ തരംഗമായി മുത്തപ്പനും ഭക്തയും തമ്മിലുള്ള പാരസ്പര്യത്തില്‍ കണ്ണുനിറഞ്ഞ് വിശ്വാസികള്‍. ചെറുവത്തൂര്‍ പടന്ന കടപ്പുറത്തെ ബാലകൃഷ്ണന് എന്നയാളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മുപ്പത്തിയേഴുകാരനായ കരിവെള്ളൂര്‍ വെള്ളച്ചാലിലെ സനില്‍ പെരുവണ്ണാന് മുത്തപ്പന് കെട്ടിയത്. അതിനിടെ, പടന്നയിലെ റംലത്തിനെ മുത്തപ്പന് അനുഗ്രഹിച്ചു. ഈ ദൃശ്യം നവമാധ്യമങ്ങളില്‍ വ്യാപകമായി. സാമ്പത്തിക അവശത അനുഭവിക്കുന്ന റംലത്തിന് തടര്‍ന്ന് പലയിടങ്ങളില്‍ നിന്ന് സഹായ വാഗ്ദാനമെത്തി. എന്നാല്‍, അയല്‍ക്കാരായ ഇടുങ്ങിയ ചിന്താഗതിക്കാര്‍ ചിലര്‍ വിമര്‍ശനവുമായി വന്നതായും റംലത്ത് ജന്മഭൂമിയോട് പറഞ്ഞു.
ആദ്യം എതിര്‍പ്പ് ഉണ്ടായെങ്കിലും പിന്നീട് ആരുടെ ഭാഗത്ത് നിന്നും ഒന്നും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി തെയ്യത്തെ കാണാന്‍ പോകാറുള്ള റംലത്തിനെ മുത്തപ്പന് തെയ്യം ചേര്‍ത്ത് പിടിച്ച് അനുഗ്രഹം തന്നത് ആദ്യമാണെന്ന് അവര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു കരിം. മൂത്തമകന് ഒമ്പതിലും പെണ്‍കുട്ടികള്‍ എഴിലും നാലിലും പഠിക്കുന്നു. സാമ്പത്തികമായി വളരെ കഷ്ടത അനുഭവിക്കുന്ന കുടുംബമാണ് ഇവരുടേത്. ഈ സങ്കടം കാരണമാണ് റംലത്ത് മുത്തപ്പന് തെയ്യത്തെ കാണാനും അനുഗ്രം തേടാനും പോയത്.
മുത്തപ്പന്, തിരുവപ്പന, അന്തിത്തറ, കതിവനൂര്‍ വീരന്, ബാലി തുടങ്ങിയ നിരവധി കോലങ്ങളെ അരങ്ങിലെത്തിച്ച മികച്ച കോലധാരിയാണ് സനില്‍ പെരുവണ്ണാന്. ഡ്രോയിങ് അദ്ധ്യാപകനായും ഗ്രാഫിക്ക് ഡിസൈനറായും ജോലി ചെയ്ത സനില്‍ പെരുവണ്ണാന് നിലവില്‍ മുഴുവന്‍ സമയം തെയ്യം അനുഷ്ഠാനത്തിലാണ് വ്യാപൃതനായിട്ടുള്ളത്. മുത്തപ്പന്, തന്നെ സമീപിച്ച ഭക്തയെ ചേര്‍ത്തു പിടിച്ച് നടത്തിയ അരുളിപ്പാടുകളാണ് വ്യാപകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: