ലഖ്നൗ: ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 63 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാട്ടിയ ഇന്ത്യ സമ്പൂര്‍ണ ആധിപത്യമാണ് നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇരുപതോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. മുന്‍നിര താരങ്ങളുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. നായകന് രോഹിത് ശര്‍മ 44 റണ്‍സ് എടുത്തു. ഇഷാന് കിഷന് 89 റണ്‍സ് എടുത്തു. ശ്രേയസ് അയ്യര്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റില്‍ ഇന്ത്യ 111 റണ്‍സ് കൂട്ടിചേര്‍ത്തു. അവസരം കിട്ടിയെങ്കിലും മലയാളി താരം സഞ്ജു സാംസണ് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ പതറി. ആദ്യ പന്തില്‍ തന്നെ ശ്രീലങ്കയുടെ വിക്കറ്റ് വീണു. പാതും നിസ്സങ്ക പൂജ്യത്തിന് പുറത്തായി. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. ചാരിത് അസ്സലങ്ക മാത്രമാണ് അര്‍ധ സെഞ്ച്വറിയോടെ പിടിച്ചുനിന്നത്. അസ്സലങ്ക 53 റണ്‍സ് എടുത്തു. കമില്‍ മിശ്ര (13), ദിനേശ് ചാന്ദിമല്‍ (10), ദാസുന്‍ ഷനക (മൂന്ന്) എന്നിവര്‍ക്ക് വലിയ സ്കോര്‍ നേടാനായില്ല. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി. വെങ്കിടേഷ് അയ്യരും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ ശ്രീലങ്ക ഇരുപതോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: