ന്യൂദല്‍ഹി: ഉക്രൈയിനില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനായി പോയ എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയിലേക്ക് മടങ്ങി. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ അടയ്ക്കുകയും സ്ഥിതിഗതികള്‍ വഷളാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ച് ദല്‍ഹിയിലേക്ക് മടങ്ങിയത്.
വിദ്യാര്‍ത്ഥികളടക്കം 20,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാരാണ് ഉക്രൈനിലുള്ളതെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി അറിയിച്ചിരുന്നു. റഷ്യ- ഉക്രൈന് സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉക്രൈനിലെ സ്ഥിതിഗതികള്‍ വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും അഭിപ്രായപ്പെട്ടു.
ഉക്രൈന്- റഷ്യ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. വളരെ സങ്കീര്‍ണ്ണമായുള്ള അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കീവ് സുരക്ഷിതമല്ല. കീവിലേക്ക് യാത്ര ചെയ്യുന്നവര്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം. പൗരന്മാര് കഴിയുന്ന വീടുകളിലും ഹോസ്റ്റലുകളിലും സുരക്ഷിതമായി തുടരണമെന്നും ഇന്ത്യന്‍ എംബസ്സി അറിയിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.
ഉക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ എയര്‍ ഇന്ത്യ ചൊവ്വാഴ്ചയാണ് വിമാന സര്‍വീസ് ആരംഭിച്ചത്. രണ്ടാമത്തെ വിമാന സര്‍വീസ് ഇന്ന് നിശ്ചയിച്ചെങ്കിലും ഉക്രൈനിലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ ഒഴിപ്പിക്കല്‍ ദൗത്യം താത്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണ്. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരോട് മടങ്ങാന്‍ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിനിടെ മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഉക്രൈനിലെ ഖര്‍ക്കീവിലെ ഹോസ്റ്റലിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. സ്ഫോടനത്തെ തുടര്‍ന്ന് 13 മലയാളി വിദ്യാര്‍ത്ഥികള്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വിദ്യാര്‍ത്ഥികള്‍ സൈന്യത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഇവരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഹെല്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള ഇ മെയില്‍ ഐഡി [email protected].
നാട്ടിലേ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ബന്ധപ്പെടാം. നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍ 1800 425 3939. ഇ മെയില്‍ ഐഡി: [email protected].
കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാം. വിദേശകാര്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800118797, +91 11 23012113, +91 11 23014101, +91 11 23017905
പ്രതികരിക്കാൻ ഇവിടെ എഴുതുക: