ന്യൂദല്‍ഹി: മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും നല്‍കുന്നത് അധാര്‍മികവും നിയമ വിരുദ്ധവുമാണെന്ന് സുപ്രീംകോടതി. നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാല്‍ ഇത്തരം നടപടികള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കില്ലെന്നും ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഡോക്ടര്‍മാര്‍ക്ക് നല്കിയ ഹോസ്പിറ്റാലിറ്റി, കോണ്‍ഫറന്‍സ് ഫീസ്, സ്വര്‍ണ നാണയങ്ങള്‍, എല്‍സിഡി ടിവികള്‍, ഫ്രിഡ്ജുകള്‍, ലാപ് ടോപ്പുകള്‍ എന്നിവയ്ക്ക് ആദായ നികുതി ഇളവ് ആവശ്യപ്പെട്ട് അപെക്സ് ലബോറട്ടറീസ് നല്കിയ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ വിധി. ഒരു തെറ്റില്‍ നിന്നു ലാഭം നേടാന്‍ ആരെയും അനുവദിക്കരുതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കമ്പനി നല്കിയ ഹര്‍ജികള്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലും മദ്രാസ് ഹൈക്കോടതിയും തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഡോക്ടര്‍മാര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്. ഉപഹാരങ്ങള്‍ നല്കി ഡോക്ടര്‍മാരെക്കൊണ്ട് മരുന്നുകള്‍ നിര്‍ദേശിപ്പിക്കുന്നത് പൊതുതാത്പര്യത്തിന് എതിരാണ്. വിപണിയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭിക്കുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് നിര്‍ദേശിക്കുന്നത്. ഉപഹാരങ്ങളും സൗജന്യങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത് മരുന്നുകളുടെ വില വര്‍ധനയ്ക്ക് കാരണമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കുറിപ്പടി മരുന്നുകളുടെ വില്‍പ്പന കൂട്ടുന്നതിന് സൗജന്യങ്ങള്‍ നല്‍കുന്നത് കരാര്‍ നിയമത്തിലെ സെക്ഷന്‍ 23ന്റെ ലംഘനമാണ്. 2002ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ പ്രകാരം സമ്മാനങ്ങള്‍, യാത്രാ സൗകര്യങ്ങള്‍, ഹോസ്പിറ്റാലിറ്റി, പണം മുതലായവയുടെ രൂപത്തില്‍ പ്രതിഫലം സ്വീകരിക്കുന്നത് ഒരു വര്‍ഷം വരെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം സസ്പെന്‍ഡ് ചെയ്യാന്‍ ഇടയാക്കും. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഉപഹാരങ്ങള്‍ക്കായി ചെലവഴിച്ച 4.72 കോടി രൂപയ്ക്ക് ആദായ നികുതി വകുപ്പ് 37(1) പ്രകാരമുള്ള ഇളവുകള്‍ നല്‍കണമെന്നാണ് അപെക്സ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് കോടതിയില്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: