കണ്ണൂര്‍: രാജ്യത്ത് ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ തട്ടിപ്പുകള്‍ വ്യാപകമായതോടെ ജനകീയ ബോധവല്‍ക്കരണവുമായി യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ്. ട്രേഡിംഗ്, സ്റ്റോക്ക് മാര്‍ക്കറ്റ്, ബ്രോക്കറിംഗ്, ഫോറെക്സ് തുടങ്ങിയ മേഖലയിലെ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഈ രംഗത്തെ സംരംഭകരായ മലപ്പുറം ആസ്ഥാനമായ റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് സൗജന്യ പരിശീലനവും നല്‍കുമെന്ന് ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മികച്ച വെല്‍ത്ത് മാനേജ്മെന്റിലൂടെ ജനങ്ങള്‍ക്ക് ധനനഷ്ടം കുറക്കാനും അധികവരുമാനം നേടാനും ഉതകുന്ന തരത്തില്‍ കൊവിഡ് കാലത്ത് നടത്തിയ ചില മാതൃകാ ഇടപെടലുകള്‍ ഫലം കണ്ടതോടെയാണ് ഇത് വ്യാപകമാക്കാന്‍ തീരുമാനിച്ചതെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നല്കുന്ന റൈറ്റ്ട്രാക്ക് സിഇഒ കെ.കെ. മുഹമ്മദ് ഫൈറൂസ് പറഞ്ഞു. പഞ്ചായത്തടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, യുവജനക്ലബ്ബുകള്‍, വായനശാലകള്‍, സ്ത്രീ കൂട്ടായ്മകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സംരംഭകര്‍ എന്നിവര്‍ക്കും തൊഴിലന്വേഷകര്‍ക്കും ഇതില്‍ പങ്കാളികളാകാം.
സാമ്പത്തിക വ്യവസ്ഥ മാറുന്ന കാലഘട്ടത്തില്‍ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയില്‍ സാമ്പത്തിക സുരക്ഷക്കാവശ്യമായ സാക്ഷരത പൗരന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് വിദഗ്ധ പരിശീലനം എന്ന ചുവട്വെയ്പ്പ് നടത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. വരും വര്‍ഷങ്ങളില്‍ ഈ രംഗത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഉണ്ടാകും. കൊണ്ടോട്ടി ആസ്ഥാനമായി 2016 ല്‍ ആറ് യുവാക്കള്‍ ചേര്‍ന്നാണ് റൈറ്റ് ട്രാക്ക് എന്ന സംരംഭം തുടങ്ങിയത്.
ജനകീയ ബോധവല്‍ക്കരണ പരിപാടിയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരാകാന്‍ താല്‍പ്പര്യമുളളവര്‍ക്കും കേരളത്തിലെ 50 ലധികം സ്ഥലങ്ങളില്‍ ആര്‍ടി ഹബ്ബുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള അക്ഷയ കേന്ദ്രങ്ങള്‍, ജിഎസ്ടി സുവിധ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍, മറ്റ് ജനസേവന കേന്ദ്രങ്ങള്‍, ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ എന്നിവര്‍ക്കും ഇപ്പോള്‍ ഈ യജ്ഞത്തില്‍ പങ്കാളിയാകാം. വരും വര്‍ഷങ്ങളില്‍ റൈറ്റ് ട്രാക്കിന്റെ സേവനം രാജ്യാന്തരതലത്തില്‍ വ്യാപിപ്പിക്കുമെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ അതാത് പ്രാദേശിക ഭാഷകളിലായിരിക്കും പരിശീലനം. ഷാരൂഖ് അസ്ലം, സി.വി. ഷിബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വെബ് സൈറ്റ്: www.rtonline.in ഫോണ്‍: 8606955002.
പ്രതികരിക്കാൻ ഇവിടെ എഴുതുക: