മുംബൈ : അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായുള്ള ഭൂമിയിടപാട് കേസില്‍ എന്‍സിപി മന്ത്രി നവാബ് മാലിക് അറസ്റ്റിലായതില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര മന്ത്രിമാരുടെ സഖ്യം. ദാവൂദ് ഇബ്രാഹിമുമായി ഭൂമി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിന്റേയും കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തിലാണ് നവാബ് മാലിക്കിനെ ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.
എന്നാല്‍ നവാബ് മാലിക്കിനെതിരെയുള്ള തെളിവുകളെല്ലാം അവഗണിച്ച് രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് മഹാരാഷ്ട്രയിലെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടത്തുന്നത്. ബിജെപി കേന്ദ്ര ഏജന്‍സികളെ മന്ത്രിമാര്‍ക്കെതിരെ ഉപയോഗിക്കുകയാണെന്നാണ് ഭരണകക്ഷികള്‍ പ്രചാരണം നടത്തുന്നത്.
ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ മന്ത്രിമാര്‍ ഒന്നടങ്കം ഇന്ന് നവാബ് മാലിക്കിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കും. ഗാന്ധി സ്മാരകത്തിലാണ് പ്രതിഷേധയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എന്‍സിപി ശിവസേന പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായെങ്കിലും നവാബ് മാലിക് നിലവില്‍ മന്ത്രി പദവി രാജിവെച്ചൊഴിയേണ്ടെന്നാണ് സഖ്യത്തിലെ ധാരണ. മാര്‍ച്ച് മൂന്നു വരെയാണ് കോടതി ന്യൂനപക്ഷ ക്ഷേമ മന്ത്രിയായ നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ആണ് നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത്. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് നവാബ് മാലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്രമന്ത്രിയാണ് നവാബ് മാലിക്ക്. മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: