അരനൂറ്റാണ്ടിലേറെക്കാലം അതിശയകരമായ പകര്‍ന്നാട്ടങ്ങളിലൂടെ അത്ഭുതപ്പെടുത്തിയ കെ.പിഎസി ലളിത അരങ്ങൊഴിയുമ്പോള്‍ മലയാളിക്ക് നഷ്ടമാകുന്നത് മറ്റൊരു നടന വിസ്മയം കൂടി. ചിരിപ്പിച്ചും കരയിച്ചും കുസൃതി കാട്ടിയും വേദിയിലും വെള്ളിത്തിരയിലും നൂറുകണക്കിന് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ലളിത. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഭരതന്റെ ജീവിത സഖിയെന്ന വേഷത്തിലും തിളങ്ങി അവര്‍.
കെപിഎസിയുടെ രാഷ്‌ട്രീയ നാടകവേദികളിലൂടെ അഭിനയ ലോകത്ത് ചുവടുറപ്പിച്ച ലളിത അനായാസമായ അഭിനയസിദ്ധി കൊണ്ട് സിനിമാലോകത്ത് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. അമ്മയായും അമ്മായിഅമ്മയായും പെങ്ങളായും നാത്തൂനായുമൊക്കെ മലയാളിയെ രസിപ്പിച്ച ലളിത ഓര്‍മ്മയാകുന്നതോടെ സിനിമാലോകത്തിന് നഷ്ടമാകുന്നത് പകരം വയ്‌ക്കാനില്ലാത്ത ഒരു നടിയെ.
വടക്കാഞ്ചേരിക്കാര്‍ക്കും ലളിതയുടെ വേര്‍പാട് വലിയ നഷ്ടമാണ്. സിനിമയുടെ തിരക്കുകള്‍ക്കിടയിലും വടക്കാഞ്ചേരി എങ്കങ്കാട്ടെ വീട്ടില്‍ ഓടി എത്താന്‍ ഏറെ ഉത്സാഹമായിരുന്നു ലളിതയ്‌ക്ക്. ഭരതനൊപ്പം എങ്കങ്കാട്ടെത്തുമ്പോഴെല്ലാം തനി വടക്കാഞ്ചേരിക്കാരിയായിരുന്നു ലളിത. തൃശ്ശൂര്‍ പൂരവും ഉത്രാളിക്കാവ് പൂരവുമെല്ലാം അവര്‍ക്കാവേശമായിരുന്നു. ഭരതന്റെ വിയോഗത്തിന് ശേഷവും ആ പതിവുകളൊന്നും മുടക്കിയില്ല ലളിത. സാഹിത്യ അക്കാദമിയില്‍ എല്ലാ വര്‍ഷവും ഭരതന്‍ സ്മൃതിയിലും അവര്‍ മുടങ്ങാതെ പങ്കെടുത്തു. നെടുമുടി വേണു, ഇന്നസെന്റ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവരൊക്കെ ലളിതയുടെ ഒരു ഫോണ്‍കോളില്‍ ഭരതസ്മൃതി ചടങ്ങുകളില്‍ പതിവായി എത്തുമായിരുന്നു.
അവസാന നാളുകള്‍ ഭരതന്റെ ഓര്‍മ്മകളുറങ്ങുന്ന എങ്കങ്കാട്ട് ചെലവഴിക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സ മതിയാക്കി എങ്കങ്കാട്ടേക്ക് മടങ്ങിയതും അതുകൊണ്ടാണ്. എന്നാല്‍ അതീവ ഗുരുതരനിലയിലായതിനാല്‍ എറണാകുളത്ത് മകന്റെ വസതിയിലേക്ക് മാറ്റേണ്ടതായി വന്നു. ഭരതന്റെ ഓര്‍മ്മകളുറങ്ങുന്ന വീട്ടില്‍ നിന്നും ഒരു മാസം മുന്‍പ് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു എറണാകുളത്തേക്കുള്ള യാത്ര. കരള്‍ മാറ്റിവയ്‌ക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആരോഗ്യം മോശമായതിനാല്‍ ശസ്ത്രക്രിയ നടത്താനായില്ല. അതോടെയാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് ചികിത്സ മതിയാക്കി മടങ്ങിയത്.
എന്നും ഇടതുപക്ഷ നിലപാടുള്ള ലളിത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരസ്യമായി സിപിഎമ്മിനു വേണ്ടി രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അവര്‍ പങ്കെടുത്തു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ സിപിഎം ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ഉയര്‍ന്നതോടെ ആ നീക്കം ഉപേക്ഷിച്ചു. പിന്നീട് 2016 ല്‍ ലളിതയെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായി പിണറായി സര്‍ക്കാര്‍ നിയമിച്ചു. ഇന്നസെന്റുമായാണ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ ലളിത ജോടിയായി അഭിനയിച്ചിട്ടുള്ളത്.
ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ തീയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവ്, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളില്‍ ഇവരുടെ പ്രകടനം അവിസ്മരണീയമാണ്. അമ്മ വേഷങ്ങളിലും ലളിത ഏറെ തിളങ്ങി. കുറുമ്പിയായ അമ്മായിയമ്മയുടെ റോളില്‍ ഏത് സംവിധായകനും ആദ്യമോര്‍ക്കുന്ന പേര് കെപിഎസി ലളിതയുടേതായിരിക്കും.
നാടക വേദികളില്‍ രാഷ്‌ട്രീയം കത്തിനിന്ന എഴുപതുകളിലാണ് മഹേശ്വരിയമ്മ എന്ന ലളിത നാടകരംഗത്ത് സജീവമായത്. ചങ്ങനാശ്ശേരി ‘ഗീഥ’ എന്ന നാടകസംഘത്തിന്റെ ‘ബലി’ ആയിരുന്നു ആദ്യനാടകം. അധികം വൈകാതെ കെപിഎസിയില്‍ ചേര്‍ന്നു. തുടര്‍ന്നാണ് ലളിത എന്ന പേര് സ്വീകരിച്ചത്.
തോപ്പില്‍ ഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകം കെ.എസ്.സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ലളിത ആദ്യമായി വെള്ളിത്തിരയിലെത്തി. സിനിമയിലെത്തിയപ്പോഴും നാടകസംഘത്തോടുള്ള ഇഷ്ടംപോലെ കെപിഎസി എന്ന പേര് അവര്‍ ചേര്‍ത്തുപിടിച്ചു.
രണ്ട് പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിനൊടുവില്‍ 1998 ല്‍ ഭരതന്‍ യാത്രയായപ്പോള്‍ ലളിത തളര്‍ന്നു. ഭരതന്റെ മരണത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു തീരുമാനം. ഒരു വര്‍ഷത്തോളം എങ്കക്കാട്ടെ വീട്ടില്‍ തനിച്ചിരുന്നു അവര്‍. പക്ഷേ കലയുടെ ലോകത്ത് നിന്ന് ഒളിച്ചോടാനാകുമായിരുന്നില്ല ലളിതയ്‌ക്ക്. 1999-ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമയിലേക്ക് തിരിച്ചുവന്നു. വീണ്ടും രണ്ട് പതിറ്റാണ്ടിലേറെക്കാലം വെള്ളിത്തിരയെ സമ്പന്നമാക്കി.
അമരത്തിലേയും ശാന്തത്തിലേയും അഭിനയത്തിന് രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘മതിലുകള്‍’ എന്ന ചിത്രത്തില്‍ ഒരിക്കല്‍പ്പോലും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാതെ ശബ്ദം കൊണ്ട് മാത്രം നാരായണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ലളിത.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയാണ് അടൂര്‍ സിനിമയാക്കിയത്. പ്രണയാര്‍ദ്രമായ ശബ്ദം കൊണ്ട് മാത്രം ബഷീറിന്റെ നാരായണി എന്ന കഥാപാത്രത്തെ പ്രേഷകന്റെ മനസില്‍ കുടിയിരുത്താന്‍ ലളിതയ്‌ക്കായി.അനായാസമായ അഭിനയം പോലെ തന്നെ സംഭാഷണത്തിലും മികവ് പുലര്‍ത്തിയിരുന്നു അവര്‍. ഒരു നോട്ടം കൊണ്ടോ മൂളല്‍ കൊണ്ടോ പോലും കഥാപാത്രത്തിന്റെ ഭാവപൂര്‍ണത കാണികളിലെത്തിക്കാന്‍ കഴിഞ്ഞ അഭിനേത്രിയായിരുന്നു ലളിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: