ലഖ്നൗ: വിന്‍ഡീസിനെ ഏകദിനത്തിലും ടി 20 യിലും തൂത്തുവാരിയ ഹിറ്റ്മാന് രോഹിതിന്റെ ഇന്ത്യ ലങ്കദഹനത്തിന് തയ്യാറെടുക്കുന്നു. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയ്്ക്ക് നാളെ തുടക്കം കുറിക്കും. ലഖ്നൗവിലെ അടല്‍ ബിഹാരി സ്റ്റേഡിയത്തില്‍ രാത്രി 7.00 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ടി 20 പരമ്പരയിലും സമ്പൂര്‍ണ്ണ വിജയം നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശ്രീലങ്കക്കെതിരെ പോരിനിറങ്ങുന്നത്. ടി 20 യില്‍ നിലവില്‍ ലോക ഒന്നാം നമ്പറായ ഇന്ത്യ ഈ വര്‍ഷം ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്. അതിനാല്‍ പുതിയ കളിക്കാരെ ശ്രീലങ്കക്കെതിരെ പരീക്ഷിക്കും.
മുന്‍ നായകന് വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നീ മുന്‍നിര താരങ്ങള്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കളിക്കില്ല. പരിക്കേറ്റ സൂര്യകുമാര്‍ യാദവും ദീപക് ചഹാറും പരമ്പരയ്ക്കില്ല. ഈ സാഹചര്യത്തില്‍ മലയാളിയായ സഞ്ജു സാംസണ്, ഇഷാന് കിഷന്, ഋതുരാജ് ഗെയ്ക്കുവാദ് എന്നിവര്‍ക്ക് അവസരം ലഭിക്കുമെന്നാണ് സൂചന.
വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ക്ക് മധ്യനിരയില്‍ സ്ഥാനമുറപ്പിക്കാന്‍ അവസരം ലഭിക്കും. ഋതുരാജ് ഗെയ്്ക്കുവാദിനും ശ്രേയസ് അയ്യര്‍ക്കും വിന്‍ഡീസിനെതിരായ അവസാന മത്സരത്തില്‍ തിളങ്ങാനായില്ല. എന്നിരുന്നാലും ഇവരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തും. ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണും അവസരം ലഭിക്കും.
ഓള് റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍ വിന്‍ഡീസിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ശ്രീലങ്കക്കെതിരെയും ഈ യുവതാരം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് കരുതാം. വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന്്് വിട്ടുനിന്ന ജസ്പ്രീത് ബുംറ തിരിച്ചുവന്നത് ഇന്ത്യയുടെ പേസ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസ് ശക്തികള്‍.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി 20 പരമ്പരയില്‍ 1-4 ന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക ഇന്ത്യയിലേക്ക് വന്നത്. നാണക്കേട് ഒഴിവാക്കാന്‍ അവര്‍ക്ക് വിജയം അനിവാര്യമാണ്. ദാസുന്‍ ഷനകയാണ് ശ്രീലങ്കയെ നയിക്കുന്നത്. കൊവിഡില്‍ നിന്ന് മുക്തനാകാത്ത സ്പിന്‍ ബൗളര്‍ വനിന്ദു ഹസരംഗയുടെ അഭാവം ശ്രീലങ്കയ്ക്ക് തിരിച്ചടിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: