തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആത്മകഥ എഴുതാന്‍ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എം. ശിവശങ്കര്‍ ‘അശ്വാത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ എഴുതിയ പുസ്തകം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ശിവശങ്കര്‍ പുസ്തകം എഴുതാന്‍ അനുമതി വാങ്ങിയിരുന്നോ എന്ന് മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്ന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.
ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ശിവശങ്കര്‍ ജയില്‍ അനുഭവങ്ങളും അന്വേഷണ ഏജന്‍സികളുടെ സമീപനവും ഒക്കെ തുറന്നെഴുതി പുസ്തകം ഇറക്കിയത്. ഇതിനെതിരെ സ്വപ്നാസുരേഷ് രംഗത്തുവന്നതോടെ മുഖ്യമന്ത്രിയും ഓഫീസും വീണ്ടും വിവാദത്തിലായിരുന്നു. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: