കോലഞ്ചേരി: ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെൻ്റിലേറ്ററിൽ നിന്നും മാറ്റി. 48 മണിക്കൂർ കൂടി നിരീക്ഷണം തുടരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങി.
കുട്ടിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം കുറഞ്ഞത് ആശ്വാസകരമാണ്. തലച്ചോറിന്റെ ഇരുവശത്തും ഉണ്ടായിരുന്ന നീർക്കെട്ടിനും കുറവുണ്ട്. കഴുത്തിന്റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധനാ റിപ്പോർട്ട് പറയുന്നു. കുട്ടി ന്യൂറോ സര്‍ജറി വിഭാഗം ഡോ: ജോബി ജോസിന്റെ മേല്‍നോട്ടത്തിലാണ്.
തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി വീണു പരിക്കേറ്റതാണെന്ന മൊഴിയില്‍ അമ്മ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. സംഭവത്തില്‍ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍ കെ.എസ്. അരുണ്‍ കുമാര്‍ ആശുപതിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: