തലശ്ശേരി പുന്നോലില്‍ ഒരു പാര്‍ട്ടി പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെക്കുറിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ കുപ്രചാരണം അങ്ങേയറ്റം അപലപനീയമാണ്. ഇങ്ങനെയൊരു അവസരം കൈവന്നതിലുള്ള ആഹ്ലാദം മറച്ചുപിടിക്കാതെ സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പ്രസ്താവനകളിറക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്. കൊലപാതകം അപലപനീയമാണെന്നും, തങ്ങള്‍ക്ക് അതില്‍ യാതൊരു ബന്ധവുമില്ലെന്നും ആര്‍എസ്എസും ബിജെപിയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും കുപ്രചാരണം നിര്‍ത്തുന്നില്ല. കൊലപാതകം നടന്നു മിനിറ്റുകള്‍ക്കകം സംഭവത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന ആരോപണവുമായി കോടിയേരി രംഗത്തെത്തി. പ്രാദേശിക കാരണങ്ങള്‍ മൂലമുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമുണ്ടെന്ന് പോലീസുപോലും പറയാതിരിക്കെ കണ്ണൂര്‍ ജില്ലയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഎം നേതാക്കള്‍ നടത്തുന്നത്. ഹരിപ്പാട് നന്ദുകൃഷ്ണ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയും, എറണാകുളം കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പാര്‍ട്ടിയുടെ പ്രവര്‍ത്തകനായ ദീപു എന്ന ദളിത് യുവാവിനെയും സിപിഎമ്മുകാര്‍ അടുത്തിടെ അരുംകൊല ചെയ്തിരുന്നു. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ പുന്നോലിലെ കൊലപാതകത്തെ സിപിഎം മറയാക്കുകയാണ്.
ദിവസങ്ങള്‍ക്കു മുന്‍പാണ് കണ്ണൂരിലെ തോട്ടടയില്‍ വിവാഹ ചടങ്ങിനിടെ ബോംബേറില്‍ തലചിതറി ഒരു യുവാവ് ദാരുണമായി മരിച്ചത്. ബോംബെറിഞ്ഞവരും കൊലചെയ്യപ്പെട്ട യുവാവും സിപിഎമ്മുകാരായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കുടില്‍വ്യവസായംപോലെ സിപിഎം വളര്‍ത്തിയെടുത്തിരിക്കുന്ന ബോംബുനിര്‍മാണ രാഷ്ട്രീയത്തിന്റെ വികൃതമുഖമായിരുന്നു ഇത്. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തില്‍ സിപിഎം നേതൃത്വത്തിന് ഉത്തരംമുട്ടിയിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണിതെന്ന മട്ടില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അത് വിജയിച്ചില്ല. ഉപരോധം സൃഷ്ടിച്ചും ഭീഷണിപ്പെടുത്തിയും കണ്ണൂരിലെ മാതമംഗലത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ സിപിഎമ്മുകാര്‍ പൂട്ടിച്ചതിനെതിരെയും സംസ്ഥാന വ്യാപകമായി വലിയ ജനവികാരമുണ്ടായി. ഇതിന്റെയൊക്കെ നാണക്കേട് മറയ്ക്കാനുള്ള വഴി അന്വേഷിച്ചു നടക്കുമ്പോഴാണ് പുന്നോലിലെ കൊലപാ
തകം വീണുകിട്ടിയത്. ഇതോടെയാണ് രാഷ്ട്രീയ കാരണമല്ല കൊലപാതകത്തിനു പിന്നിലെന്ന് അറിയാമായിരുന്നിട്ടും അതിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ വച്ചുകെട്ടാനുള്ള ആസൂത്രിതമായ നീക്കം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും, യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആര്‍എസ്എസ് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പോലീസില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണത്തെ സ്വാധീനിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.
കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രം തന്നെ അക്രമരാഷ്ട്രീയത്തിന്റെ ചരിത്രമാണ്. ഇതിന്റെ പ്രഭവകേന്ദ്രമാണ് കണ്ണൂര്‍. ഒരുകാലത്ത് ഈ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയും, പിന്നീട് പ്രത്യക്ഷമായും പരോക്ഷമായും കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കിയവരുമായ രണ്ട് നേതാക്കളാണ് ഇന്ന് സിപിഎമ്മിന്റെയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെയും തലപ്പത്തുള്ളത്. പൈശാചികമായ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തും, അതിനെയൊക്കെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത വിധം പൊ
തുജന മധ്യത്തില്‍ ന്യായീകരിച്ചും ലജ്ജാശൂന്യരായി മാറിയവരാണിവര്. അറപ്പും വെറുപ്പും ഉളവാക്കുന്ന കൊലപാതകങ്ങള്‍ നടത്തുന്നതിനൊപ്പം സത്യം പുറത്തുവരാതിരിക്കാനും, കുറ്റവാളികളെ രക്ഷിക്കാനും ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന നുണപ്രചാരണം നടത്താനും ഇക്കൂട്ടര്‍ മടിക്കാറില്ല. തലശ്ശേരി ലഹളക്കാലത്ത് കള്ളുഷാപ്പില്‍ തല്ലുണ്ടാക്കി മരിച്ചയാളെയും ന്യൂനപക്ഷ രക്ഷകനായ രക്തസാക്ഷിയാക്കി മാറ്റിയിട്ടുള്ളവരാണല്ലോ. അക്രമരാഷ്ട്രീയം അവസാനിച്ചു കാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ് സംഘപരിവാര്‍ സംഘടനകള്‍. സ്വന്തം നിലയ്ക്കും മധ്യസ്ഥര്‍ മുഖേനയും ഇതിനുവേണ്ടി പൂര്‍ണമായി സഹകരിച്ചിട്ടുള്ളവരുമാണ്. അപ്പോഴെല്ലാം അത് അട്ടിമറിച്ചത് സിപിഎമ്മായിരുന്നു. സമാധാനമല്ല, സംഘര്‍ഷമാണ് ഏതുകാലത്തും സിപിഎം ആഗ്രഹിക്കുന്നത്. കണ്ണൂരിനെ വീണ്ടും സംഘര്‍ഷഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തില്‍നിന്ന് സിപിഎം പിന്തിരിയണം. ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം സിപിഎമ്മില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: