പ്രൊഫസര്‍ രാഘവേന്ദ്ര പി. തിവാരി
വൈസ് ചാന്‍സലര്‍, പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി
പഠിതാക്കളുടെ വര്‍ദ്ധിച്ചുവരുന്ന വൈവിധ്യമാര്‍ന്ന ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ചലനാത്മകവും വികസനോന്മുഖവുമായിരിക്കണം. സമകാലികവും പ്രസക്തവുമായി തുടരുന്നതിന് ഈ രംഗത്തെ മുന്നേറ്റങ്ങളെ സ്വീകരിക്കാന്‍ അതിന് കഴിയണം. ഈ സന്ദര്‍ഭത്തില്‍ വിവര വിനിമയ സാങ്കേതിക വിദ്യ -ഐ സി ടി – പ്രയോഗക്ഷമത അനുസരിച്ച് ഒരുപോലെ അനുകൂലവും പ്രതികൂലവുമായ ഘടകമാണ്. ലോകത്ത്,പ്രത്യേകിച്ച് കൊറോണ മഹാമാരിക്ക് ശേഷം, അധ്യാപന- അധ്യയന രീതിയുടെ ഏറ്റവും ശക്തമായ ഒരു മാര്‍ഗമായി ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ വിദ്യാഭ്യാസം ഉയര്‍ന്നുവന്നിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതുമൂലമുള്ള പഠനനഷ്ടം ഗണ്യമായി പരിഹരിക്കാന്‍ ഓണ്‍ലൈന്‍ പഠനം മൂലം സാധിച്ചു.
ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പരിമിതികള്‍ക്കിടയിലും, അക്കാദമിക് സെഷനുകള്‍ ഇല്ലാതാകുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പഠനം സഹായിച്ചു, കൂടാതെ വിദ്യാര്‍ത്ഥികളുടെ വിലയേറിയ വര്‍ഷങ്ങള്‍ സംരക്ഷിക്കപ്പെട്ടു. കൊറോണ മഹാമാരി, ഓണ്‍ലൈന്‍ അധ്യാപന ഘടകങ്ങളുടെ ശതമാനം 20-ല്‍ നിന്ന് 40 ആയി ഉയര്‍ത്താന്‍ യു.ജി.സി -യെ പ്രേരിപ്പിച്ചു.
പല സര്‍വകലാശാലകളും ഇന്‍ഫ്ലിബ്നെറ്റ് സഹായത്തോടെയുള്ള പഠന സംവിധാന രീതി അവലംബിച്ചു. ഈ പ്രക്രിയയില്‍, അധ്യാപകരും വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അധ്യാപന-പഠനത്തില്‍ വലിയ തോതില്‍ കഴിവുകള്‍ വികസിപ്പിച്ചെടുത്തു. ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്നത് സംബന്ധിച്ച് അക്കാദമിക വിദഗ്ധരുടെയും അംഗീകൃത സര്‍വകലാശാലകളുടെയും നിര്‍ദ്ദേശങ്ങള്‍ക്കായി, യുജിസി സമ്മിശ്ര പഠന രീതിയുടെ കരട് ചട്ടം പുറത്തിറക്കി . തുല്യത, ലഭ്യത , ഗുണനിലവാരം, പഠിതാക്കളുടെ എണ്ണം എന്നിവ മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നിരവധി ഐസിടി സംരംഭങ്ങള്‍ ആരംഭിച്ചു.
‘സ്വയം, അര്പിത്, സ്വയംപ്രഭ, എന്‍പിടിഇഎല്‍, എന്‍ഡിഎല്‍, ഇ-പിജി പാഠശാല, ശോധ്ഗംഗ, ഇ-ശോധ്സിന്ധു, ഇ-യാത്ര, ശോദ് ശുദ്ധി, സ്പോക്കണ് ട്യൂട്ടോറിയലുകള്‍, വെര്‍ച്വല്‍ ലാബുകള്‍, വിദ്വാന് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു . വെര്‍ച്വല്‍ പഠനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് മുകളില്‍ സൂചിപ്പിച്ചതും പുതിയതുമായ ശ്രമങ്ങള്‍ കൂടുതല്‍ നടത്തേണ്ടതുണ്ടെന്ന് കരുതുന്നു .
പഠന സമ്പ്രദായത്തിന്റെ ഭാവി വളര്‍ച്ചാ പാത മുന്‍നിര്‍ത്തി, 2020 മെയ് 17 ന് തന്നെ കേന്ദ്ര ഗവണ്മെന്റ് നിരവധി സംരംഭങ്ങള്‍ പ്രഖ്യാപിച്ചു. ദിക്ഷ (ഒരു രാജ്യം-ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം) ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസ പരിപാടികളുടെ ബഹുമാര്‍ഗ ലഭ്യതയ്ക്കായി പി എം ഇ-വിദ്യ പദ്ധതി , ഒരു ക്ലാസ് ഒരു ചാനല്‍ (ക്ലാസ്-തകക വരെ), ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥി സമൂഹത്തിനായി പ്രത്യേക ഇ-ഉള്ളടക്കങ്ങള്‍, കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനായി റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റ്, ഇ-ട്യൂട്ടറിംഗ് എന്നിവയുടെ ഉപയോഗം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഡിജിറ്റല്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു വലിയ മുന്നേറ്റത്തിന് ഗവണ്മെന്റ് തയ്യാറെടുക്കുകയാണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. 2022 ഫെബ്രുവരി 1-ന് ഒരു ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് നടത്തിയ പ്രഖ്യാപനത്തോടെ ഇത് തെളിയിക്കപ്പെട്ടു. ഈ സര്‍വ്വകലാശാല,ലോകോത്തര നിലവാരമുള്ള സാര്‍വത്രിക വിദ്യാഭ്യാസം വ്യക്തിഗത പഠനാനുഭവങ്ങളോടെ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ‘കൈകളില്‍’ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ അറിയിച്ചു. ഇത് ഒരു നെറ്റ്വര്‍ക്ക് ഹബ്ബ് ആന്‍ഡ് സ്പോക്ക് മാതൃകയിലും സജ്ജീകരിക്കും. ഈ മാതൃകയില്‍, വിജ്ഞാനം ഒരു കേന്ദ്രീകൃത ഹബ്ബില്‍ നിന്ന് ഉത്ഭവിക്കുകയും ഉപയോഗത്തിനായി സ്പോക്കുകളിലേക്ക് (ചെറിയ സ്ഥലങ്ങള്‍) ഡിജിറ്റലായി കൈ മാറ്റപ്പെടുകയും ചെയ്യും. ഇവിടെ, ഹബ് ഇന്ത്യയിലെ മികച്ച പൊതു സര്‍വ്വകലാശാലകളെയും സ്ഥാപനങ്ങളെയും സൂചിപ്പിക്കുന്നു. വിജ്ഞാന വിതരണത്തിന്റെ ഡിജിറ്റല്‍ രീതിയുടെ ഗുണഭോക്താക്കളാകുന്ന വ്യക്തിഗത പഠിതാക്കളെയാണ് സ്പോക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ ഡിജിറ്റല്‍ സര്‍വ്വകലാശാല അധ്യാപന- അധ്യയനത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഐ എസ് ടി ഇ മാനദണ്ഡങ്ങള്‍ പാലിക്കും. ഓരോ ഹബ്ബിനും അത്യാധുനിക ഐസിടി സംവിധാനം വികസിപ്പിക്കേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രധാനം . ഹബ്ബുകളില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന വിജ്ഞാനം വിവിധ ഇന്ത്യന്‍ ഭാഷകളിലായിരിക്കും എന്നതാണ് ഈ പദ്ധതിയുടെ മനോഹാരിത . ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ സര്‍വ്വകലാശാലയിലെ പ്രബോധന രീതികള്‍ വിദൂര പഠനം മുതല്‍ തത്സമയം വിദ്യാര്‍ത്ഥികള്‍ അധ്യാപകരുമായി ആശയവിനിമയം നടത്തുന്ന സംവേദനക്ഷമമായ ക്ലാസുകള്‍ വരെയാണ്. ഒരു അസമന്വിത പഠന അന്തരീക്ഷത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് വേഗത നിശ്ചയിക്കാന്‍ കഴിയുന്ന കോഴ്സുകളില്‍, അസൈന്മെന്റുകള് ഒരു സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്കുന്നു. വിദ്യാര്‍ത്ഥികളുടെ ആശയവിനിമയങ്ങള്‍ ചര്‍ച്ചാ വേദികള്‍ , ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍ മുതലായവയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം, സമന്വിത ഓണ്‍ലൈന്‍ പഠനം തത്സമയം നടക്കുന്നു. അതിലൂടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേസമയം ഓണ്‍ലൈനില്‍ സംവദിക്കുന്നു. ഇത് സന്ദേശം, ദൃശ്യ-ശ്രാവ്യ രീതികളില്‍ എല്ലാം സാധ്യമാകുന്നു. നിശ്ചിത ക്ലാസ് സമയത്തിന് പുറമേ, അധിക അസൈന്മെന്റുകള് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
അതിനാല്‍ ഈ പാഠങ്ങള്‍ സാമൂഹികമായി നിര്‍മ്മിച്ചതാണ്. എന്റെ കാഴ്ചപ്പാടില്‍, നിര്‍ദിഷ്ട ഡിജിറ്റല്‍ സര്‍വ്വകലാശാല, വിശാലമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തല ശ്രേണിയിലുള്ള വിദ്യാര്‍ത്ഥി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഓണ്‍ലൈന്‍ പഠനത്തിന്റെ മൂന്ന് മാതൃകകളും ഉള്‍ക്കൊള്ളണം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്ന് തന്നെ ബിരുദം നേടാനാകും എന്നതാണ് ഒരു അധിക നേട്ടം. കൂടാതെ, ഓണ്‍ലൈന്‍ ഉറവിടങ്ങള്‍ ഒരു ലൈബ്രറിയായി പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ സൃഷ്ടിക്കുന്നതിനുള്ള സൗകര്യമുള്ളതിനാല്‍ പാഠപുസ്തകങ്ങളുടെ ആവശ്യകതയും നിറവേറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: