കൊല്ലം: ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ബദല്‍ സംവിധാനമായി സ്ഥാപിച്ച കിയോസ്കുകള്‍ (വഴിയരികിലെ കുടിവെള്ളവിതരണി) പ്രയോജനപ്പെടാതെ നശിക്കുന്നു. മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് കിയോസ്കുകള്‍ സ്ഥാപിച്ചത്. ഇരുമ്പ് സ്റ്റാന്ഡിനുമുകളില് 5000 ലിറ്റര്‍ ശേഷിയുള്ള ടാങ്കും വശങ്ങളില് ടാപ്പും സ്ഥാപിച്ച് ജലവിതരണം നടത്തുന്നതാണ് കിയോസ്കുകള്‍.
ജനസാന്ദ്രത കൂടിയതും ജലക്ഷാമം രൂക്ഷവുമായ സ്ഥലങ്ങളിലാണ് റോഡുവശത്ത് ഇവ സ്ഥാപിച്ചത്. സര്‍ക്കാരിന്റെ പുതിയ പദ്ധതി എന്നനിലയിലായിരുന്നു പരീക്ഷണം. വാഹനങ്ങളില്‍ വീട്ടുപടിക്കല്‍ വെള്ളമെത്തിച്ച് വിതരണം ചെയ്തിരുന്ന സംവിധാനം നിര്‍ത്തിയാണ് ഇവ സ്ഥാപിച്ചത്. ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഫില്‍റ്റര്‍ ഹൗസില്‍ നിന്ന് വാഹനത്തില്‍ വെള്ളമെത്തിച്ച് കിയോസ്കുകളില്‍ നിറച്ചായിരുന്നു വിതരണം.
ആവശ്യക്കാര്‍ ഇവിടെയെത്തി വെള്ളം എടുക്കുകയാണ് രീതി. ആദ്യം കുറച്ചു ദിവസങ്ങളില്‍ വിതരണം ചെയ്തുവെങ്കിലും ദിവസങ്ങള്‍ക്കകം നിലച്ചു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ അമ്പതോളം കിയോസ്കുകള്‍ സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ പകുതിപോലും സ്ഥലത്ത് സ്ഥാപിച്ചില്ല. ടാങ്കുകള്‍ പലതും നശിച്ചു. യഥാസമയം വെള്ളം നിറയ്ക്കാന്‍ കഴിയാതിരുന്നതോടെ പദ്ധതി പരാജയമായി. ഒരിക്കല്‍ പോലും വെള്ളം നിറയ്ക്കാത്ത ടാങ്കുകളുമുണ്ട്. ഇപ്പോള്‍ കിയോസ്കുകള്‍ പലഭാഗത്തും ഉപയോഗശൂന്യമായി നശിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും വെള്ളം നിറയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: